ലാലു അഴിക്കുള്ളില്‍

Monday 30 September 2013 10:08 pm IST

റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ്‌ യാദവ്‌ കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന്‌ റാഞ്ചിയിലെ പ്രത്യേക സിബിഐകോടതി വിധിച്ചു. കോണ്‍ഗ്രസ്‌ നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായ ജഗന്നാഥ്‌ മിശ്രയുള്‍പ്പെടെ കേസിലെ 45 പ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ലാലു ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ ലാലുവിന്റെ പേരില്‍ കോടതി കണ്ടെത്തിയിരിക്കുന്നത്‌.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ലാലുവിന്റെ പാര്‍ലമെന്റംഗത്വം നഷ്ടമാകും. കോടതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ലാലുവിനെയും മറ്റ്‌ 44 പ്രതികളെയും റാഞ്ചിയിലെ ബിര്‍സാമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്‌ ജാര്‍ഖണ്ഡിലും ബീഹാറിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. തികച്ചും ശാന്തനും അക്ഷോഭ്യനുമായികോടതി വിധി കേട്ട ലാലു ജയിലിലേക്കുള്ള യാത്രയിലുടനീളം നിശബ്ദനായിരുന്നു. കോടതിക്കു പുറത്ത്‌ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞെങ്കിലും ലാലു മൗനം പാലിച്ചു. മറ്റു പ്രതികള്‍ക്കു പിന്നിലായി രണ്ടാം നിരയിലാണ്‌ 65 കാരനായ ലാലു കോടതിയില്‍ വിധികേള്‍ക്കാന്‍ കാത്തുനിന്നത്‌.
രണ്ട്‌ മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ ആറ്‌ രാഷ്ട്രീയ നേതാക്കളും നാല്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരും പ്രതികളായ കേസ്‌ അന്വേഷണമാരംഭിച്ച്‌ പതിനേഴ്‌ വര്‍ഷത്തിനു ശേഷമാണ്‌ വിധി വരുന്നത്‌. ലാലുപ്രസാദ്‌ യാദവിന്റെ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധമാണ്‌ കേസ്‌ ഇത്രയും നീളാന്‍ ഇടയാക്കിയത്‌. ജാര്‍ഖണ്ഡ്‌ സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ്‌ ബീഹാറിന്റെ ഭാഗമായിരുന്ന ചൗബാസയിലെ ട്രഷറിയില്‍ നിന്നും മുഖ്യമന്ത്രിയായിരുന്ന ലാലു കാലിത്തീറ്റക്കും മൃഗങ്ങള്‍ക്കുള്ള മരുന്നിനുമെന്ന പേരില്‍ 37.7 കോടി രൂപ അപഹരിച്ചുവെന്നാണ്‌ കേസ്‌.1996 ലാണ്‌ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തു വന്നത്‌. 97-ല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയതിനെ തുടര്‍ന്ന്‌ ലാലു രാജി വക്കുകയും ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു.
കോടതി വിധിയോടെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ അയോഗ്യനാകുന്ന ആദ്യ ജനപ്രതിനിധിയെന്ന കുപ്രസിദ്ധിയും ഇനി ലാലുവിന്‌ സ്വന്തമാകും. രണ്ട്‌ വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്നവരെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതിയുടെ അടുത്തകാലത്തെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്‌. ലാലുവിനെ രക്ഷിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ വിജയിക്കാനായില്ല. ഒന്നര പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയും ഒന്നാം യുപിഎ സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയുമായിരുന്നു ലാലുപ്രസാദ്‌ യാദവ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.