യഥാര്‍ത്ഥ ഈശ്വരപ്രാര്‍ത്ഥന

Tuesday 16 August 2011 7:51 pm IST

നിങ്ങള്‍ സൂര്യനെപ്പോലെയാകാനുള്ളവരാണ്‌. മിന്നാമിനുങ്ങുകളാകാനുള്ളവരല്ല. സ്വന്തം ആവശ്യത്തിന്‌ മാത്രം വെട്ടം തെളിക്കുന്നവരാണ്‌ മിന്നാമിനുങ്ങുകള്‍. അങ്ങനെയാകരുത്‌. നിസ്സ്വാര്‍ത്ഥത -അതുമാത്രം കാംക്ഷിക്കുന്നവരായിരിക്കണം നിങ്ങള്‍. മരിക്കാന്‍ നേരത്തും അന്യന്റെ ഉപാകരത്തിന്‌ വേണ്ടി കൈ ഉയര്‍ത്തുന്നവരായിരിക്കണം.
ഏതൊരു പ്രവൃത്തിയും മറ്റുള്ളവര്‍ക്കുകൂടി സഹായകമാകുന്നതും അവര്‍ക്ക്‌ സന്തോഷത്തെ നല്‍കുന്നതും ആയിരിക്കാന്‍ മക്കള്‍ ശ്രദ്ധിക്കണം. അതിന്‌ സാധിക്കുന്നില്ലെങ്കില്‍ ഒരിക്കലും നമ്മുടെ കര്‍മങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതോ ദുഃഖത്തെ നല്‍കുന്നതോ ആകാതിരിക്കുവാനെങ്കിലും ശ്രദ്ധിക്കണം.നമ്മുടെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും മറ്റുള്ളവര്‍ക്ക്‌ ഉപദ്രവമാകാതെ ഗുണപ്രദമായിത്തീരുന്നതിനുവേണ്ടി ഈശ്വരനോടു നടത്തുന്ന പ്രാര്‍ത്ഥനയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന. നമ്മുടെ ഉന്നതിയെക്കാള്‍ മറ്റുള്ളവരുടെ ഉന്നതിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്ക്‌ കഴിയണം. അങ്ങനെയുള്ള മനസ്സിന്‌ ഉടമയായിത്തീരുക എന്നുള്ളതാണ്‌ ഏറ്റവും വലിയ ഉയര്‍ച്ച. അന്യന്റെ ദുഃഖത്തെ സ്വന്തം ദുഃഖമായും സുഖത്തെ സ്വന്തം സുഖമായും കാണുക- അതാണ്‌ യഥാര്‍ത്ഥമായ ഈശ്വരാരാധന. അവര്‍തന്നെത്തന്നെ സര്‍വരിലും ദര്‍ശിക്കുന്നു. ശാന്തിയുടെയും സമാധനത്തിന്റെയും ലോകം അവര്‍ക്കുള്ളതാണ്‌.