'പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങള്‍ക്ക് എന്തും ചെയ്യുവാനുള്ളതല്ല ഹിന്ദുവിന്റെ ആരാധനമൂര്‍ത്തികളും വിശ്വാസങ്ങളും'; അയ്യപ്പനെ നിന്ദിച്ചവരെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി

Monday 24 June 2019 6:19 pm IST

തിരുവനന്തപുരം: ശബരിമല അയ്യപ്പനെ നിന്ദിക്കുന്ന ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കുയും  ഉത്തരവാദികളെ കോളേജില്‍ നിന്ന് പുറത്താക്കുകയും വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ വിവാദ സമയത്ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ചോദ്യമുയര്‍ന്നിട്ട് തികച്ച് പത്തുദിവസമായിട്ടില്ല. കേരളവര്‍മ്മ കോളേജില്‍ ഹിന്ദു സമൂഹത്തിന്റെ ആരാധന മൂര്‍ത്തിയെ അവഹേളിച്ചു കൊണ്ട് എസ്.എഫ്.ഐ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

നേതാക്കന്മാര്‍ക്ക് പേടിയുള്ള താടിയുള്ള അപ്പന്മാര്‍ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാര്‍ക്ക് നന്നായറിയാം. അതു കൊണ്ടാണവര്‍ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങള്‍ കാണിക്കുന്നതും.തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശ ക്ഷേത്രവും തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രവും ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കോളേജിലാണ് ഈ തോന്നിവാസം കാണിച്ചിരിക്കുന്നത്. ഇവിടെയൊക്കെ പോയി ഭഗവാനെ തൊഴുന്ന വിശ്വാസികള്‍ക്ക് കോളേജിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് എന്തു വിലയാണ് നല്‍കുന്നതെന്ന് വിശ്വാസികള്‍ക്ക് അറിയേണ്ടതുണ്ട്. ഇതില്‍ വേണ്ട നടപടികളെടുക്കുകയും ഉത്തരവാദികളെ കോളേജില്‍ നിന്ന് പുറത്താക്കുകയും വേണം.ലോകത്ത് തന്നെ ഇല്ലാതാവുകയും ഇന്ത്യയില്‍ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന ഒരു പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങള്‍ക്ക് എന്തും ചെയ്യാനുള്ളതല്ല പാവപ്പെട്ടവന്റെ ആരാധനാ മൂര്‍ത്തികളും വിശ്വാസങ്ങളും.

താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങള്‍ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ലന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ps sreedharan pillai