ഗോര്‍ബച്ചേവിനെതിരായ വധഭീഷണിയെക്കുറിച്ച്‌ ജോര്‍ജ്‌ ബുഷ്‌ മുന്നറിയിപ്പ്‌ നല്‍കി

Tuesday 16 August 2011 9:42 pm IST

മോസ്കോ: കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികള്‍ 1991 ല്‍ വിപ്ലവമാരംഭിക്കുന്നതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുമ്പ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ തന്റെ സുരക്ഷയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ തന്നിരുന്നതായി മുന്‍ റഷ്യന്‍ പ്രസിഡന്റ്‌ ഗോര്‍ബച്ചേവ്‌ വെളിപ്പെടുത്തി. പുതിയ പരിഷ്ക്കാരങ്ങളില്‍ അസംതൃപ്തരായ കമ്മ്യൂണിസ്റ്റുകാര്‍ തന്റെ ജീവനു ഭീഷണിയായേക്കുമെന്ന സന്ദേശം ടെലിഫോണിലൂടെയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ നല്‍കിയതെന്നും ഗോര്‍ബച്ചേവ്‌ കൂട്ടിച്ചേര്‍ത്തു. മുഖാമുഖത്തിലാണ്‌ 80 കാരനായ ഗോര്‍ബച്ചേവ്‌ തനിക്ക്‌ സോവിയറ്റ്‌ യൂണിയനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വിലപിച്ചത്‌.
ബുഷ്‌ എന്നെ ഫോണില്‍ വിളിച്ചു; മോസ്കോ മേയര്‍ ഗൗറില്‍ പോപോവിന്റെ പക്കല്‍നിന്ന്‌ ലഭിച്ച വിവരങ്ങളാണ്‌ അദ്ദേഹം നല്‍കിയത്‌. തന്റെ രാഷ്ട്രീയ പരിഷ്ക്കാരങ്ങളായ പെരിസ്ട്രോയിക്കയും ഗ്ലാസ്‌ നോസ്റ്റും അട്ടിമറിക്കാന്‍ 1991 ആഗസ്റ്റ്‌ 19-ാ‍ം തീയതി ഉണ്ടായ വിപ്ലവ ശ്രമങ്ങളെക്കുറിച്ച്‌ റൂബിസ്കയ ഗസറ്റില്‍ അനുവദിച്ച അഭിമുഖത്തില്‍ ഗോര്‍ബച്ചേവ്‌ അനുസ്മരിച്ചു. പക്ഷേ അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തെ താന്‍ വിശ്വസിച്ചില്ല. ജനാധിപത്യത്തില്‍ അടിമുടി പരിഷ്ക്കരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സമയത്ത്‌ ഇത്തരം ഒരു പട്ടാള വിപ്ലവം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ താന്‍ കരുതിയത്‌. ഗോര്‍ബച്ചേവ്‌ അറിയിച്ചു.
ഗോര്‍ബച്ചേവിനെതിരായ കലാപത്തില്‍ റഷ്യന്‍ ചാര സംഘടനയായ കെജിബിയും ഗോര്‍ബച്ചേവിന്റെ വൈസ്പ്രസിഡന്റും സോവിയറ്റ്‌ യൂണിയനെ പ്രതിരോധ ആഭ്യന്തരകാര്യമന്ത്രിമാരുണ്ടായിരുന്നു. ഗോര്‍ബച്ചേവ്‌ കരിങ്കടലിനടുത്ത്‌ അവധിക്കാലം ആസ്വദിക്കവേ പാര്‍ട്ടി അംഗങ്ങളും നേതാക്കളും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയും സ്വയം അധികാരമേറ്റെടുക്കുകയും ചെയ്തു.
താന്‍ അവധിക്കാലം എടുക്കരുതായിരുന്നു. അട്ടിമറി ശ്രമങ്ങള്‍ മൂന്നുനാള്‍ നീണ്ടുനിന്നു. ഗോര്‍ബച്ചേവിന്റെ എതിരാളി സോറിസ്‌ യെല്‍സ്റ്റിന്‍ അധികാരം പിടിച്ചടക്കുകയും ചെയ്തു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ സോവിയറ്റ്‌ യൂണിയന്‍ പിരിച്ചുവിടപ്പെട്ടു. സോവിയറ്റ്‌ യൂണിയനെ ഇല്ലാതാക്കണമെന്ന്‌ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന്‌ ഗോര്‍ബച്ചേവ്‌ വെളിപ്പെടുത്തി. യൂണിയന്റെ നാശത്തിന്‌ കാരണക്കാരായ യെല്‍സ്റ്റിന്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അയാള്‍ക്ക്‌ അധികാരദാഹമായിരുന്നു. ഞാന്‍ അയാളെ ബനാന റിപ്പബ്ലിക്കിലേക്കയക്കുമായിരുന്നു. അവിടെ അയാള്‍ക്ക്‌ ഹുക്ക വലിച്ച ശാന്തമായിക്കഴിയാമായിരുന്ന ഗോര്‍ബച്ചേവ്‌ തുടര്‍ന്നു.
1989-93 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷ്‌ ഗോര്‍ബച്ചേവിനോട്‌ ഏറ്റവുമടുത്ത പാശ്ചാത്യ നേതാവായിരുന്നു. റഷ്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടിയുള്ള ഗോര്‍ബച്ചേവിന്റെ ശ്രമങ്ങളെ അദ്ദേഹം പിന്‍താങ്ങിയിരുന്നു. 1990 നവംബറില്‍ പരസ്പ്പരം ആക്രമണവിരുദ്ധ കരാറില്‍ ഇരു പ്രസിഡന്റുമാരും ഒപ്പുവെച്ചിരുന്നു. ഇരുരാജ്യങ്ങളും ശീതസമരം അവസാനിപ്പിക്കാനും ധാരണയായിരുന്നു.