കേരളത്തില്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംസ്കാരം ഉണ്ടാക്കാന്‍ ശ്രമിക്കും: ടി.സി.മാത്യു

Thursday 3 October 2013 9:37 pm IST

തിരുവനന്തപുരം: കേരളത്തില്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംസ്കാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന്‌ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാന്‍ ടി.സി.മാത്യു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ്‌ സംസ്ഥാനങ്ങളെ പോലെ ക്രിക്കറ്റ്‌ സംസ്കാരം ഉള്ള നാടല്ല കേരളം. സ്കൂളുകളിലും കോളേജുകളിലും ക്രിക്കറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ടൂര്‍ണമെന്റുകളോ ഇല്ല. വേണ്ടത്ര ടര്‍ഫ്‌ വിക്കറ്റുകളോ ക്രിക്കറ്റ്‌ പശ്ചാത്തലമുള്ള കായിക അധ്യാപകരോ ഇല്ല. ഇത്‌ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. സഞ്ജുസാംസണ്‍, ജഗദീഷ്‌, സന്ദീപ്‌ വാര്യര്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം കേരള ക്രിക്കറ്റിന്‌ ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്‌. ക്രിക്കറ്റ്‌ അറ്റ്‌ സ്കൂള്‍ പദ്ധതി പ്രകാരം അടുത്ത വര്‍ഷം മുതല്‍ സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും.
വയനാട്ടില്‍ പൂര്‍ത്തിയാകുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. ഈ സ്റ്റേഡിയം നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയുടെ സോണല്‍ കേന്ദ്രമായോ പ്രത്യേക കേന്ദ്രമായോ മാറ്റാന്‍ ശ്രമിക്കും. ദേശീയ ഗയിംസിനായി കാര്യവട്ടത്തു തയ്യാറാക്കുന്ന സ്റ്റേഡിയം ഏറ്റെടുക്കാന്‍ കെസിഎ തയ്യാറാണ്‌. തുമ്പ സെന്റ്‌ സേവ്യേഴ്സ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയം ആറുമാസത്തിനകം പൂര്‍ത്തിയാകും. ഐപിഎല്‍ അടുത്ത വര്‍ഷം നടക്കുമെങ്കില്‍ കേരളത്തില്‍ മത്സരമുണ്ടാകും.
ദേശീയ ക്രിക്കറ്റ്‌ അക്കാദമി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിലാണ്‌. മലയാളികളടക്കം മികച്ച പരിശീലകരെ നിയമിക്കും. കെസിഎയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബിസിസിഐയുടെ അംഗീകാരമാണ്‌ ആറുപേര്‍ പ്രധാന തസ്തികയിലെത്തിയത്‌. ശ്രീശാന്തിന്റെ കാര്യത്തില്‍ കെസിഎ ജാഗ്രതാ പരമായ സമീപനമാണ്‌ സ്വീകരിച്ചത്‌. മറ്റൊരു സംസ്ഥാനവും ഒത്തുകളി വിവാദത്തില്‍ പെട്ട കളിക്കാരെ കുറിച്ച്‌ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കെസിഎ മാത്രമാണ്‌ ശ്രീശാന്തിന്റെ വിഷയം അജണ്ടയായി ചര്‍ച്ച ചെയ്തത്‌. കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മൂന്ന്‌ വര്‍ഷത്തിനുശേഷം ശ്രീശാന്തിന്‌ മടങ്ങിവരാനാകും.
ബിസിസിഐയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിലക്കേര്‍പ്പെടുത്തിയത്‌. അത്‌ നടപടിക്രമങ്ങളുടെ ഭാഗമാണ്‌. കൊച്ചി സ്റ്റേഡിയത്തില്‍ ശ്രീശാന്തിന്‌ പരിശീലനത്തിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇതുവരെ ശ്രീശാന്ത്‌ വന്നിട്ടില്ലെന്നും ടി.സി. മാത്യു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.