വാഗമണ്‍ സിമി ക്യാം‌പ് : ഒരാള്‍ കൂടി പിടിയില്‍

Wednesday 22 June 2011 12:24 pm IST

അഹമ്മദാബാദ്: നിരോധിത സംഘടനയായ സിമിയുടെ വാഗമണ്ണിലെ തീവ്രവാദ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി ഡാനിഷ് റിയാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അഹമ്മദാബാദില്‍ വച്ച് അറസ്റ്റുചെയ്തത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗമായ ഇയാളെ വഡോദര റെയില്‍‌വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. 2008 ജൂലൈയില്‍ അഹമ്മദാബാദില്‍ 50 പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരില്‍ ഒരാളാണു റിയാസ്. അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. സ്ഫോടനത്തിനു ശേഷം അഹമ്മദാബാദില്‍ നിന്നു രക്ഷപെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ തൗഖീര്‍, അബ് ദുള്‍ റസീഖ്, മുജീബ് ഷേഖ് എന്നിവര്‍ക്ക് അഭയം നല്‍കിയതും ഇയാളാണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ ഒരു കമ്പനിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി നേരത്തെ റിയാസിന് ജോലിയുണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ബുധനാഴ്ച്ച പോലീസ് കമ്മീഷണര്‍ സുധീര്‍ സിന്‍ഹ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.