കണ്‍സ്യൂമര്‍ ഫെഡ് എം.ഡി രാജിവച്ചു

Friday 4 October 2013 4:02 pm IST

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എം.ഡി റിജി.ജി നായര്‍ രാജി വച്ചു. രാജിക്കത്ത് സഹകരണ മന്ത്രിക്ക് കൈമാറി. കണ്‍‌സ്യൂമര്‍ ഫെഡിലെ ക്രമക്കേടുകളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വച്ചതെന്ന് റിജി ജി നായര്‍ അറിയിച്ചു. ഒക്ടോബര്‍ 15 വരെയായിരുന്നു റിജിക്ക് കാലാവധി ഉണ്ടായിരുന്നത്. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും റജി ആരോപിക്കുന്നു. കൊല്ലമാണ് ഗൂഢാലോചനയുടെ കേന്ദ്രം. എം.ഡി സ്ഥാനത്ത് വരാനുള്ള ചിലരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ അന്നപൂര്‍ണ' എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 60 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റിജി നായരടക്കം 15 പേര്‍ക്കെതിരെ കേസെടുക്കനായിരുന്നു ശുപാര്‍ശ. കുറഞ്ഞതുക ക്വാട്ട് ചെയ്‌തവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാതിരുന്നതും ആവശ്യമില്ലാതെ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ നശിപ്പിച്ചതുമടക്കമുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ 24 ഗോഡൗണുകളിലും കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിലും തലസ്ഥാനത്തെ റേഞ്ച് ഓഫിസിലുമാണ് വിജിലന്‍സ് കഴിഞ്ഞയാഴ്​ച റെയ്ഡ് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.