കാശ്മീര്‍ റിക്രൂട്ട്മെന്റ്‌ കേസ്‌: നസീറുള്‍പ്പെടെ മൂന്ന്‌ പേര്‍ക്ക്‌ ഇരട്ടജീവപര്യന്തം

Sunday 6 October 2013 10:30 am IST

കൊച്ചി: കാശ്മീരിലേക്ക്‌ ഭീകര പ്രവര്‍ത്തകരെ റിക്രൂട്ട്‌ ചെയ്ത കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ലഷ്കറെ തൊയ്ബ ഭീകരന്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ. പ്രതികളായ അബ്ദുള്‍ ജബ്ബാര്‍, സഫ്രാസ്‌ നവാസ്‌, സാബിര്‍.പി.ബുഹാരി എന്നിവര്‍ക്ക്‌ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. മൂന്നാം പ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തു പ്രതികള്‍ക്കാണ്‌ ജീവപര്യന്തം തടവുശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ആണ്‌ ശിക്ഷ വിധിച്ചത്‌. പ്രതികളെല്ലാം അമ്പതിനായിരം രൂപ വീതം പിഴയുമടക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട്‌ വര്‍ഷം അധികം തടവ്‌ ശിക്ഷ അനുഭവിക്കണം.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, അതിന്‌ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ തടിയന്റവിട നസീര്‍ ഉള്‍പ്പടെയുള്ള 13 പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ.
നസീറിനും ഷഫാസിനും പുറമെ ഒന്നാം പ്രതി കണ്ണൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ കെ.വി. അബ്ദുള്‍ ജലീല്‍, രണ്ടാം പ്രതി കണ്ണൂര്‍ ഉരുവച്ചാല്‍ ചണ്ടിന്റവിട വീട്ടില്‍ എം.എച്ച്‌. ഫൈസല്‍, നാലാം പ്രതി ചക്കരക്കല്‍ ചെമ്പിലോട്ട്‌ മുതുകുറ്റി പി. മുജീബ്‌, അഞ്ചാം പ്രതി കണ്ണൂര്‍ തയ്യില്‍ പോങ്ങുവളപ്പ്‌ ഷഫാസ്‌, പതിനൊന്നാം പ്രതി വയനാട്‌ പടിഞ്ഞാറെത്തറ ഇബ്രാഹിം മൗലവി, പന്ത്രണ്ടാം പ്രതി കളമശ്ശേരി കൂനംതൈ വെള്ളക്കോടത്ത്‌ ഫിറോസ്‌, പതിനാലാം പ്രതി കണ്ണൂര്‍ കൊള്ളറത്ത്‌ മുതുകണ്ടി മുഹമ്മദ്‌ നവാസ്‌, 20-ാ‍ം പ്രതി കൊണ്ടോട്ടി എടക്കനത്തോടിവീട്ടില്‍ സത്താര്‍ ഭായി എന്ന സൈനുദ്ദീന്‍, ഇരുപത്തിരണ്ടാം പ്രതി പരപ്പനങ്ങാടി പുതുകുളം ബൈകന്നകത്ത്‌ ഉമ്മര്‍ ഫാറൂഖ്‌ എന്നിവര്‍ക്കാണ്‌ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്‌.
24 പ്രതികളാണ്‌ കേസില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ നാലുപേര്‍ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചു പേരെ കോടതി കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ വെറുതെവിട്ടു. രണ്ടുപേര്‍ ഒളിവിലാണ്‌. കേസിലെ 13 പ്രതികളും കുറ്റക്കാരാണെന്ന്‌ കോടതി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അഞ്ചുപേരെ കോടതി വെറുതെ വിട്ടു.
കണ്ണന്‍ മൈതാനപ്പള്ളി മുഹമ്മദ്‌ നൈനാര്‍, എറണാകുളം എളമക്കര കറുകപ്പള്ളിക്കരയില്‍ റസാക്‌ മന്‍സിലില്‍ ബദറുദ്ദീന്‍ , എറണാകുളം കുന്നത്തുനാട്‌ വെങ്ങോല നെടുംതോട്‌ പി.കെ. അനസ്‌, കണ്ണൂര്‍ ആനയിടുക്ക്‌ സുഹര്‍ദാര്‍ വീട്ടില്‍ ഷെനീജ്‌, മട്ടാഞ്ചേരി പനയപ്പള്ളി ചെറിയകത്തുകുളങ്ങര അബ്ദുള്‍ ഹമീദ്‌ എന്നിവരെയാണ്‌ വെറുതെ വിട്ടത്‌.
സാബിര്‍ അയൂബ്‌, പാകിസ്ഥാന്‍ സ്വദേശി അബ്ദുള്‍വാലി എന്നിവര്‍ ഒളിവിലാണ്‌. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചുകൊണ്ടാണ്‌ കോടതി വിചാരണ നടന്നത്‌. ലഷ്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ തടിയന്റെവിട നസീര്‍ കോഴിക്കോട്‌ സ്ഫോടനകേസിലെ ഇരട്ട ജീവപര്യന്തത്തിനും ശേഷമായിരിക്കും ഈ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. വിധിയില്‍ ഒപ്പുവെച്ചശേഷം ജഡ്ജി എസ്‌. വിജയകുമാര്‍ ഇന്നലെ വിരമിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. അഡ്വ.ടി.കെ.കുഞ്ഞബ്ദുള്ള, അഡ്വ.സി.കെ ശ്രീധരന്‍, അഡ്വ.ഗോപാലകൃഷ്ണന്‍, അഡ്വ.സുരേഷ്ഠോമസ്‌ എന്നിവരാണ്‌ പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്‌. അഡ്വ.പി.എന്‍. രവീന്ദ്രന്‍ പ്രോസിക്യൂഷനുവേണ്ടിയും ഹാജരായി.
സ്വന്തംലേഖിക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.