ഹസാരെയുടെ അറസ്റ്റ്‌ കേന്ദ്രത്തിന്റെ അഹന്ത: ജസ്റ്റിസ്‌ കെ.ടി. തോമസ്‌

Tuesday 16 August 2011 11:03 pm IST

കൊച്ചി: സിവില്‍ സൊസൈറ്റിയ്ക്ക്‌ പാര്‍ലമെന്റില്‍ സ്വാധീനം ചെലുത്താന്‍ പാടില്ലെന്ന്‌ പറയുന്നത്‌ അഹങ്കരമാണെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌. സര്‍ക്കാരിന്റെ ഏകാധിപത്യപത്യ സ്വാഭാവമാണ്‌ അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക്‌ പിന്നുലുള്ളത്‌. രാജ്യത്തെ അഴിമതി ഇന്നെത്തിയിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ്‌ അന്നാ ഹസാരെയുടെ അഴിമതി നിരോധന ബില്‍ എന്ന ആവശ്യം സൂചിപ്പിക്കുന്നത്‌. അഴിമതിയെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ഒരു തീപ്പൊരിയായി ഹസാരെ വന്നത്‌ പ്രതീക്ഷാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എം.വി. ബെന്നി രചിച്ച 'മതം മാദ്ധ്യമം അധികാരം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും സുപ്രീംകോടതി നിയമജ്ഞരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന്‌ പറയുന്നതിന്റെ കാരണം വ്യക്തമാക്കണം. പ്രധാനമന്ത്രിയും നിയമ പണ്ഡിതരുമെല്ലാം മറ്റു പല നിയമങ്ങള്‍ക്കും അധീനരാണ്‌. ഇതിനു മാത്രം എന്ത്‌ പ്രത്യേകതയാണുള്ളത്‌. നിയമം കൊണ്ടുവരാന്‍ പ്രക്ഷോഭം നടത്തരുതെന്ന്‌ പറയുന്നതിനോട്‌ യോജിക്കാനാകില്ല. സ്ത്രീധനനിരോധന- ഭക്ഷ്യ നിയമങ്ങളെല്ലാം വന്നത്‌ പ്രക്ഷോഭങ്ങളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്താനിരുന്ന പ്രമുഖ ഗാന്ധിയന്‍ അന്നാഹസാരെയെ ദല്‍ഹിയില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌ തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രധാനമന്ത്രിയേയും സുപ്രീംകോടതിയേയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ജനലോക്പാല്‍ ബില്‍ നടപ്പിലാക്കുക എന്ന ആവശ്യപ്പെടുന്ന 25 മീറ്റര്‍ ബാനറില്‍ മധു ഓമല്ലൂര്‍ ഒപ്പിട്ടുകൊണ്ട്‌ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‌ സമൂഹത്തിന്റെ വിവിധ തുറകളിലെ നൂറുകണക്കിന്‌ ജനങ്ങള്‍ ബാനറില്‍ ഒപ്പിട്ടു അഴിമതിക്കെതിരെയുള്ള സമരത്തില്‍ പങ്കാളികളായി. പ്രതിഷേധ പ്രകടനത്തിനും ഒപ്പ്‌ ശേഖരണത്തിനും സ്വദേശി ജാഗരണ്‍ മഞ്ച്‌ സ്റ്റേറ്റ്‌ ജോയിന്റ്‌ കണ്‍വീനര്‍ എം. ഗോപാല്‍, ദക്ഷിണേന്ത്യന്‍ ജോയിന്റ്‌ കണ്‍വീനര്‍ കെ. വി. ബിജു, ജാഗരണ്‍ മഞ്ച്‌ നേതാക്കളായ ജി.എസ്‌. മണി, പ്രവീണ്‍ചന്ദ്രന്‍ അക്ഷയ എന്നിവര്‍ നേതൃത്വം നല്‍കി.
അഴിമതി വിരുദ്ധ പോരാട്ടത്തിന്‌ തയ്യാറായ വന്ദ്യവയോധികനായ ഗാന്ധിയന്‍ അണ്ണാഹസാരയെ അറസ്റ്റ്‌ ചെയ്ത നടപടി ജനാധിപത്യവിരുദ്ധവും അടിയന്തരാവസ്തയെ ഓര്‍മിപ്പിക്കുന്നതുമാണെന്ന്‌ കേരള സ്റ്റേറ്റ്‌ പെന്‍ഷനേഴ്സ്‌ സംഘ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.കുമാരന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു. പ്രധാനമന്ത്രി എത്രവലിയ അഴിമതി നടത്തിയാലും അന്വേഷണം പാടില്ലെന്നു വാശിപാടിക്കുന്ന യുപിഎ സര്‍ക്കാര്‍ അണ്ണാഹസാരെയുടെ അറസ്റ്റിലൂടെ ഗാന്ധിജിയെ അവഹേളിക്കുകയാണ്‌ ചെയ്തത്‌. അഴിമതി നിര്‍മാജനത്തിന്‌ വേണ്ടിയുള്ള ഹസാരെയുടെ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖാപിക്കുന്നുവെന്നും കെ.കുമാരന്‍ പ്രസ്താവിച്ചു.
പ്രാകൃതവും പൈശാചികവുമായ രീതിയില്‍ അണ്ണാ ഹസാരെയെ അറസ്റ്റുചെയ്ത്‌ തിഹാര്‍ ജയിലില്‍ അടച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന്‌ നേരെയുള്ള കടന്നാക്രമണമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.
ഭരണത്തിലെ തിന്മകള്‍ക്കും അഴിമതികള്‍ക്കുമെതിരെ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്‌ ഭരണഘടന അനുവദിക്കുന്നുണ്ട്‌. അത്‌ ലംഘിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അമിതാധികാര വാഴ്ചയുടെ വിളംബരമാണ്‌. ഇതില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാനമൊട്ടുക്ക്‌ എല്ലാ പ്രധാനകേന്ദ്രങ്ങളിലും ഇന്ന്‌ വൈകിട്ട്‌ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ പിണറായി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ശക്തമായ ലോക്പാല്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകര്‍ എറണാകുളത്ത്‌ ദീപപ്രോജ്വലനവും അഴിമതിവിരുദ്ധ പ്രതിജ്ഞയും നടത്തി. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഡര്‍ബാര്‍ഹാള്‍ റോഡിലെ ഗാന്ധി സര്‍ക്കിളില്‍ കൂടിയ അഭിഭാഷകരുടെ കൂട്ടായ്മയില്‍ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ എബ്രഹാം, അഡ്വ. കാളീശ്വരം രാജ്‌, ബാര്‍ കൗണ്‍സില്‍ അംഗം നഗരേഷ്‌, അഡ്വക്കേറ്റുമാരായ കെ.ആര്‍. രാജ്കുമാര്‍, എ.ആര്‍. ഗംഗാദാസ്‌, വി. ഗിരീശന്‍, മന്മഥന്‍, പി.എല്‍. ബാബു തുടങ്ങിയവര്‍ പങ്കെടുത്ത്‌ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.