വായു മലിനീകരണത്തിന്‌ പച്ചക്കൊടി

Saturday 5 October 2013 7:21 pm IST

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഐഐടി ദല്‍ഹി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ എന്നിവ സംയുക്തമായി ചേര്‍ന്ന്‌ രൂപീകരിച്ച സമിതി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വായു മലിനീകരണമുള്ള സ്ഥലങ്ങളിലും വ്യവസായ സമൂഹങ്ങളിലും നടത്തിയ വായു മലിനീകരണത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ 2009 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ നടപടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010 ജനുവരി പതിമൂന്നിന്‌ ഇറക്കിയ ഉത്തരവ്‌ പ്രകാരം ഇന്ത്യയിലെ 43 സ്ഥലങ്ങളില്‍ പുതിയ വ്യവസായ ശാലകള്‍ സ്ഥാപിക്കുന്നതിനും മൊറൊട്ടോറിയം (വിലക്ക്‌) ഏര്‍പ്പെടുത്തി. വായുമലിനീകരണ പ്രശ്നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ആളുകളുടെ തുടര്‍ച്ചയായ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ ദല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയുടെ (ഐഐടി) നേതൃത്വത്തില്‍ ഭാരതത്തിലെ 88 നഗരങ്ങളില്‍ പഠനം നടന്നത്‌. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചിട്ടും വ്യവസായശാലകളും വാഹനങ്ങളും വായുമലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ നഗരങ്ങളിലും വ്യവസായ സമൂഹങ്ങളിലും അതിരൂക്ഷമായ വായുമലിനീകരണം നടക്കുന്നുണ്ടെന്ന്‌ പഠനം കണ്ടെത്തി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അഴിമതിയും കഴിവില്ലായ്മയും ജനങ്ങളുടെ ആരോഗ്യത്തിന്‌ ഹാനികരമാകുന്ന രൂക്ഷായ വായുമലിനീകരണം നടത്തുന്നു എന്ന 2009 ലെ റിപ്പോര്‍ട്ട്‌ ഇന്ത്യന്‍ ആരോഗ്യമേഖലക്ക്‌ ആശങ്ക നല്‍കുന്ന ഒന്നായിരുന്നു.
ഇത്തരം പഠനങ്ങളില്‍ വിവിധ രാജ്യങ്ങള്‍ പല പല മാനദണ്ഡങ്ങളാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ ഭൗമ ഉപരിതലത്തിലെ ഓസോണിന്റെ അളവ്‌, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡ്‌, സള്‍ഫര്‍ ഡൈയോക്സൈഡ്‌, നൈട്രജന്‍ ഡൈയോക്സൈഡ്‌ എന്നിവയുടെ തോത്‌ എന്നിവ രാജ്യത്തെ അനുവദനീയമായ വായു മാലിന്യ സ്റ്റാന്‍ഡേര്‍ഡുമായി തട്ടിച്ചു നോക്കി എയര്‍ ക്വാളിറ്റി ഇന്റക്സ്‌ (എക്യുഐ) കണക്കാക്കും. ചൈനയിലെ എക്യുഐ മാനദണ്ഡങ്ങള്‍ സള്‍ഫര്‍ഡയോക്സൈഡ്‌, നൈട്രജന്‍ ഡൈയോക്സൈഡ്‌, പൊടിപടലങ്ങള്‍, കാര്‍ബണ്‍മോണോക്സൈഡ്‌, ഓസോണ്‍ എന്നിവയാണ്‌. എക്യുഐ പൂജ്യം മുതല്‍ 500 വരെയാണ്‌ കണക്കാക്കുക. ഇതില്‍ പൂജ്യം മുതല്‍ 50 വരെ എക്യുഐ ആണെങ്കില്‍ വായു മാലിന്യം ഇല്ലാത്തതും ശ്വസിക്കാവുന്ന വായുവുമാണ്‌. ഇത്തരം മേഖലകള്‍ക്ക്‌ നല്‍കിയിട്ടുള്ള നിറം പച്ചയാണ്‌. ഈ സ്ഥലങ്ങളിലെ വായു പ്രത്യേകിച്ച്‌ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല. 51 മുതല്‍ 100 വരെയുള്ള എ ക്യൂഐയ്ക്ക്‌ മഞ്ഞനിറമാണ്‌ നല്‍കിയിട്ടുള്ളത്‌. ഈ പ്രദേശത്തെ വായു മാലിന്യങ്ങള്‍ പ്രശ്നകാരികളാണ്‌. വായുവിലെ ചില ഘടകങ്ങള്‍ സെന്‍സിറ്റീവായ ചില ആളുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 101 മുതല്‍ 150 വരെയുള്ള എക്യുഐ ചില ആളുകള്‍ക്ക്‌ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും സെന്‍സിറ്റീവായ ആളുകളില്‍ ശ്വാസതടസ്സവും ശ്വാസകോശ രോഗവും ഉണ്ടാക്കും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇത്തരം സ്ഥലങ്ങളിലെ വായു ശ്വസിക്കുന്നത്‌ ആപല്‍ക്കരവുമാണ്‌. ഈ സ്ഥലങ്ങളെ പൊതുവെ ഓറഞ്ച്‌ നിറത്തിലാണ്‌ അറിയപ്പെടുന്നത്‌. എക്യുഐ 151 മുതല്‍ 200 വരെയുള്ള ചുവന്ന നിറത്തില്‍ അറിയപ്പെടുന്ന മേഖലകളിലെ വായു എല്ലാവര്‍ക്കും ആരോഗ്യത്തിന്‌ ഹാനികരമാണ്‌. സെന്‍സിറ്റീവായ ആളുകള്‍ക്ക്‌ ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുക ദുസ്സഹമായിരിക്കും. എക്യുഐ 201 മുതല്‍ മുന്നൂറ്‌ വരെയുള്ള സ്ഥലങ്ങള്‍ ചുവപ്പും നീലയും കലര്‍ന്ന പര്‍പ്പിള്‍ നിറത്തിലാണ്‌ അറിയപ്പെടുക. ഇവിടങ്ങളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. ഇവിടങ്ങളിലെ വായുശ്വസിക്കാന്‍ കൊള്ളാത്തതാണ്‌. വളരെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ ഇത്തരം സ്ഥലങ്ങള്‍ വഴിവയ്ക്കും. 300 ല്‍ മുകളിലാണ്‌ എക്യുഐ എങ്കില്‍ അതിമാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രദേശങ്ങളാണവ. മെറൂണ്‍ (തവിട്ടു) നിറം ഉള്ള ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മുഴുവന്‍ വായു മലിനീകരണം മാരകമായ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളില്‍ കൊണ്ട്‌ ചെന്നെത്തിക്കും.
ഹോങ്കോങ്ങില്‍ എക്യുഐയ്ക്ക്‌ പകരം വായു മലിനീകരണ ഇന്റക്സ്‌ ആയ എപിഐ ആണ്‌ കണക്കാക്കുന്നത്‌. ഇവിടെ ഈയത്തിന്റെ തോതു കൂടി എപിഐ കണക്കാക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇന്ത്യയില്‍ ഐഐടി ദല്‍ഹി നടത്തിയത്‌ സമഗ്ര പരിസ്ഥിതി മലിനീകരണ ഇന്റക്സ്‌ (കോംബ്രഹെന്‍സീവ്‌ എന്‍വറോണ്‍മെന്റല്‍ പൊല്യൂഷന്‍ ഇന്റക്സ്‌ (സിഇപിഐ)ആണ്‌. 88 വ്യവസായ കേന്ദ്രങ്ങളില്‍ വായു, ജലം, മണ്ണ്‌ എന്നിവ പരിശോധിച്ചാണ്‌ സിഇപിഐ 2009 ല്‍ കണക്കാക്കിയത്‌. സിഇപിഐ സ്കോര്‍ 60 മുതല്‍ 70 വരെ ഗുരുതരമായ മലിനീകരണമുള്ള സ്ഥലങ്ങളായും സ്കോര്‍ 70 ന്‌ മുകളില്‍ അത്യാഹിതമായി (ക്രിട്ടിക്കല്ാ‍മലിനീകരണമുള്ള സ്ഥലങ്ങളായും കണക്കാക്കുന്നു. ഈ പ്രദേശങ്ങളിലെ വായു ശ്വസിക്കുന്നത്‌ ആരോഗ്യത്തിന്‌ അപകടകരമാണ്‌. മാരകമായ അസുഖങ്ങള്‍ക്ക്‌ ഈ വായു ഇടവരുത്താവുന്നതാണ്‌. സിഇപിഐ സ്കോര്‍ 60 മുതല്‍ 70 വരെയുള്ള വ്യവസായ സമൂഹങ്ങളും പട്ടണപ്രദേശങ്ങളും മലിനീകരണമുള്ള സ്ഥലങ്ങളാണെങ്കിലും അവ നിരീക്ഷണത്തിന്‌ വിധേയമാക്കേണ്ടവയാണെന്നും റിപ്പോര്‍ട്ട്‌ അടിവരയിടുന്നു. പഠനം നടത്തിയ 88 സ്ഥലങ്ങളില്‍ 43 വ്യവസായ സമൂഹങ്ങളും പട്ടണങ്ങളും സിഇപിഐ സ്കോര്‍ 60 നും 70 നും വരെ മുകളില്‍ വരുന്ന വിഭാഗത്തിലാണ്‌ ഉള്‍പ്പെടുന്നത്‌.
പ്രാണവായു ലഭ്യത കുറഞ്ഞതും മാലിന്യങ്ങള്‍ നിറഞ്ഞതുമായ ഈ വായു മനുഷ്യന്റെ ശ്വസനത്തിന്‌ (പ്രാണവായു ലഭിക്കുവാന്‍)പറ്റിയതല്ല. ഈ 43 ല്‍ ഒന്നാമത്‌ അങ്കലേശ്വറും (88.5)വിശാല കൊച്ചി വികസന അതോറിറ്റി മേഖല 24-ാ‍മതുമണ്‌ (75.08) രൂക്ഷമായ മലിനീകരണം നേരിടുന്ന സ്ഥലങ്ങളായിട്ടുപോലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ നല്‍കിയ മലിനീകരണ നിയന്ത്രണ കര്‍മ പദ്ധതികളുടെ പശ്ചാത്തലത്തില്‍ 2011 ഫെബ്രുവരി 15ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന മൊറൊട്ടോറിയം വിശാല കൊച്ചി വികസന അതോറിറ്റി മേഖലയിലടക്കം 26 വ്യവസായ സമൂഹങ്ങളിലും പട്ടണങ്ങളിലും പിന്‍വലിച്ച ഉത്തരവിറക്കി. ബാക്കിയുള്ള വ്യവസായ മലിനീകൃത സ്ഥലങ്ങളില്‍ 17 ഇടത്തിന്റെ മൊറൊട്ടോറിയം നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ പത്ത്‌ സ്ഥലങ്ങളില്‍ താഴെ പറയുന്ന നിബന്ധനകള്‍ക്ക്‌ വിധേയമായി 2013 സെപ്തംബര്‍ 17-ാ‍ം തീയതി മൊറൊട്ടോറിയം പിന്‍വലിച്ച്‌ ഉത്തരവിറിക്കിയിരിക്കയാണ്‌. ഈ പത്ത്‌ സ്ഥലങ്ങളിലും നിലവിലുള്ള വ്യവസായ ശാലകളുടെ വികസനവും വിപുലീകരണവും പുതിയ വ്യവസായശാലകളുടെ നിര്‍മിതിയും രൂപരേഖയും കര്‍മപദ്ധതികളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കണം. അംഗീകാരം ലഭിക്കുന്ന കര്‍മപരിപാടികളുടെ നടത്തിപ്പ്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാ മാസവും ഏഴിന്‌ മുമ്പായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പുറത്തുള്ള മറ്റ്‌ ഏജന്‍സികളെക്കൊണ്ട്‌ പഠനം നടത്തി സിഇപിഐ കണക്കാക്കേണ്ടതും തുടര്‍ നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിക്കേണ്ടതുമാണ്‌.
ഇതെല്ലാം സാധാരണ നടപടിക്രമങ്ങള്‍ മാത്രമായേ കാണാനാകൂ. മൊറൊട്ടോറിയം നിലവിലുള്ളതും അന്തരീക്ഷ മലിനീകരണം രൂക്ഷമായതുമായ ബാക്കി ഏഴ്‌ നഗരങ്ങളിലും വ്യവസായ സമൂഹങ്ങളിലും മാത്രം മൊറൊട്ടോറിയം തുടരുന്നതാണ്‌. സെപ്തംബര്‍ 2013 ലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച്‌ അങ്കലേശ്വര്‍ (മഹാരാഷ്ട്ര), ചന്ദ്രാപുര്‍ (മഹാരാഷ്ട്ര), പാലി (രാജസ്ഥാന്‍), വട്ടുവ (ഗുജറാത്ത്‌), വെല്ലൂര്‍ (തമിഴ്‌നാട്‌), നഞ്ചാഫര്‍ ദാറൈന്‍ ബോസിന്‍ (കേന്ദ്രഭരണപ്രദേശം ദല്‍ഹി), ജോദ്പുര്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളിലെ നിലവിലുള്ള മൊറൊട്ടോറിയം ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടരുന്നതാണ്‌. 2009 ലെ ദല്‍ഹി ഐഐടിയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മൊറൊട്ടോറിയം പ്രഖ്യാപിച്ചു. ശ്വസിക്കാന്‍ കൊള്ളാത്ത, അനാരോഗ്യകരമായ അന്തരീക്ഷ വായു നിലനിന്നിരുന്ന 43 വ്യവസായ സമൂഹങ്ങളാലും പട്ടണപ്രദേശങ്ങളിലുംപെട്ട (വിശാലകൊച്ചി വികസന അതോറിറ്റി ഉള്‍പ്പെടെയുള്ള)36 മേഖലകളിലെ അന്തരീക്ഷ മലിനീകരണം നീക്കി മൊറൊട്ടോറിയം പിന്‍വലിച്ച്‌ മന്ത്രാലയം പല സമയങ്ങളിലായി ഉത്തരവിറക്കിയതില്‍ അവിശ്വസനീയതയുണ്ട്‌. ദുരൂഹതയുണ്ട്‌. പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്‌ മുന്‍കൈയെടുത്ത്‌ നടത്തിയ പഠന റിപ്പോര്‍ട്ട്‌ ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കയാണ്‌. 2009 നെ അപേക്ഷിച്ച്‌, പഠനം നടന്ന 88 മലിനീകരണമുള്ള സ്ഥലങ്ങളിലും വായു മലിനീകരണം കൂടുതല്‍ രൂക്ഷമായതിന്‌ തെളിവുകളുണ്ട്‌. ഉദാഹരണമായി വിശാലകൊച്ചി വികസന മേഖലയില്‍ 12 ലക്ഷത്തിലധികം വാഹനങ്ങള്‍ 2013 ല്‍ കയറിയിറങ്ങുന്നുണ്ട്‌.

2009 ല്‍ ഇത്‌ ഒമ്പത്‌ ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. ഇതുകൂടാതെ ഈ മേഖലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങായി വര്‍ധിച്ചിട്ടുമുണ്ട്‌. 2009-2013 കാലഘട്ടത്തില്‍ ഈ പ്രദേശത്ത്‌ ആയിരക്കണക്കിന്‌ ഫ്ലാറ്റുകളും മറ്റ്‌ നിര്‍മിതികളും ഉയര്‍ന്നുവന്നു. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റലും നിര്‍മാണവും തകൃതിയായി നടക്കുന്നു. പൊടിപടലങ്ങള്‍ ഉയര്‍ന്നു പൊങ്ങുകയാണ്‌. വ്യവസായ മലിനീകരണത്തിന്‌ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടുമില്ല. കൊച്ചി നഗരത്തിനകത്ത്‌ മെട്രോ റെയില്‍ നിര്‍മാണവും കെട്ടിട നിര്‍മാണവും മൂലം പൊടിപടല മലിനീകരണം എക്കാലത്തേക്കാളും രൂക്ഷമായിരിക്കയാണ്‌.

വാഹനക്കുരുക്ക്‌ നിര്‍ബാധം തുടരുകയാണ്‌. പല പല കാരണങ്ങളാല്‍ കൊച്ചി നഗരത്തിലെ വാഹനങ്ങളുടെ നിരങ്ങി നിരങ്ങി പലപ്പോഴും സ്പീഡ്‌ 20 കി.മീറ്ററിനും താഴെയാണ്‌. ഗതാഗതക്കുരുക്കു മൂലമുള്ള അന്തരീക്ഷ മലിനീകരണം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പാരമ്യത്തിലെത്തിയിരിക്കയാണ്‌. പല ദിവസങ്ങളിലും നഗരം പുകമഞ്ഞിന്റെ പിടിയിലുമാണ്‌. നഗരത്തിലെ വായു മലിനീകരണം രൂക്ഷമാണെന്ന്‌ മെട്രോ റെയിലിന്‌ വേണ്ടി നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നുമുണ്ട്‌. എന്നിട്ടും വിശാലകൊച്ചി വികസന അതോറിറ്റി മേഖലയില്‍ അന്തരീക്ഷ വായു മലിനീകരണത്തോടനുബന്ധിച്ച്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന മൊറൊട്ടോറിയം എങ്ങനെ പിന്‍വലിക്കാനായി?
മൊറൊട്ടോറിയം എങ്ങനെ പിന്‍വലിക്കാനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ച കര്‍മപദ്ധതികള്‍ എന്തായിരുന്നു? അവയെല്ലാം എങ്ങനെ നടപ്പാക്കി? എത്ര ശതമാനം കര്‍മപദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തി? ഇതിനായി എത്ര പണം ചെലവഴിച്ചു? കര്‍മപദ്ധതികള്‍ നടപ്പാക്കിയതിന്‌ ശേഷം വിശാല കൊച്ചി വികസന അതോറിറ്റി മേഖലയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ സിഇപിഐ സ്കോര്‍ എത്ര? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക്‌ ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മലിനീകരണത്തിന്‌ മാറ്റമില്ലെങ്കിലും വിശാല കൊച്ചി വികസന മേഖലയില്‍ മൊറൊട്ടോറിയം പിന്‍വലിയ്ക്കാനായി എന്നത്‌ ദുരൂഹമായി തുടരുകയാണ്‌. ഐഐടി ദല്‍ഹി നടത്തിയ പഠനവും തുടര്‍ന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച മൊറൊട്ടോറിയവും രാഷ്ട്രീയക്കാര്‍ക്കും സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും വന്‍ അഴിമതിയ്ക്ക്‌ ഇടം നല്‍കിയതായി ജനങ്ങള്‍ വിശ്വസിക്കുന്നു. പ്രഖ്യാപിച്ച മൊറൊട്ടോറിയം പിന്‍വലിക്കുന്നതിനുമുമ്പ്‌ ഓരോ സ്ഥലത്തേയും നിലവിലെ സിഇപിഐ എത്രയെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമോ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോ ജനങ്ങളെ അറിയിച്ചിട്ടില്ല.
വ്യവസായ സമൂഹവും ഉദ്യോഗസ്ഥ ലോബിയും നടത്തുന്ന ഒത്തുകളികള്‍ മൂലം അന്തരീക്ഷ മലിനീകരണം വര്‍ധിക്കുകയാണ്‌. ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്‌. വായു മലിനീകരണം നിയന്ത്രണ വിധേയമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വാഹന പുക സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സ്വകാര്യ ഏജന്‍സികളുടെ വിശ്വാസ്യത വളരെ കുറവാണ്‌. വാഹനം കാണാതെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം, ശരിയായ മലിനീകരണം രേഖപ്പെടുത്താതിരിക്കല്‍ എന്നീ പ്രശ്നങ്ങള്‍ വാഹന പുക മലിനീകരണം അതിരൂക്ഷമാക്കുകയാണ്‌. സ്വകാര്യ ഏജന്‍സി വാഹനപുകകളുടെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം വായു മലിനീകരണ നിയന്ത്രണത്തിന്‌ പരിഹാരമല്ല. ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്തരീക്ഷ മലിനീകരണ നിയന്ത്രണം പരാജയമാക്കുകയാണ്‌. ഇതുമൂലം രോഗാതുരമാകുന്നത്‌ സാധാരണ ജനങ്ങളാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച മൊറൊട്ടോറിയവും പിന്‍വലിക്കലും എന്തായാലും പ്രഹസനമായി. ശാസ്ത്രീയമായി വായു മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കിയാല്‍ മാത്രമേ അന്തരീക്ഷ മലിനീകരണം തടയാനാകൂ. e-mail: jcheenikkal@gmail.com
ഡോ.സി.എം.ജോയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.