എളമക്കര സരസ്വതി വിദ്യാനികേതനില്‍ നവരാത്രി നൃത്ത-സംഗീതോത്സവത്തിന്‌ തുടക്കം

Saturday 5 October 2013 9:35 pm IST

കൊച്ചി: ഒരു ദേശത്തിന്റെ ശക്തിസ്വരൂപിണിയും അനുഗ്രഹദായിനിയുമായ പുതുക്കുളങ്ങര ദേവിയുടെ കാരുണ്യകടാക്ഷത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക്‌ സ്കൂളില്‍ നവരാത്രി നൃത്ത-സംഗീതോത്സവത്തിന്‌ ഭക്തിസാന്ദ്രമായ തുടക്കം. ഗായത്രീമന്ത്രവും സരസ്വതീ സ്തുതികളും അലയടിച്ചുയര്‍ന്ന വേദിയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ ഒമ്പതുദിവസം നീളുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക്‌ തിരിതെളിയിച്ചു.
ഗുരുവെന്നത്‌ സൃഷ്ടിയെന്ന പ്രതിഭാസത്തിന്‌ തുല്യമാണെന്ന്‌ ഉദ്ഘാടനപ്രസംഗത്തില്‍ ബിജിബാല്‍ പറഞ്ഞു. നമ്മെ എപ്പോഴും സ്വാധീനിക്കുന്ന ഗുരു അച്ഛന്‍, അമ്മ, സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്ന ആത്മഗുരു അങ്ങനെ പലരുമാകാം. അതിന്റെയെല്ലാം ഓര്‍മ്മപ്പെടുത്തലാണ്‌ വിദ്യാരംഭം. ഗുരുസ്മരണയും ഗുരുസ്പര്‍ശവുമെല്ലാം നമ്മെതന്നെ ശുദ്ധീകരിച്ചെടുക്കാന്‍ രൂപപ്പെടുത്തിയെടുത്ത വിചാരധാരകളാണെന്നും ബിജിബാല്‍ അഭിപ്രായപ്പെട്ടു. പുതുക്കുളങ്ങര ദേവീക്ഷേത്ര സമിതി, എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക്‌ സ്കൂള്‍, ജന്മഭൂമി എന്നിവ സംയുക്തമായാണ്‌ ഈ മാസം 14വരെ നീളുന്ന നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്‌. ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്ര ധര്‍മ്മപരിഷത്ത്‌ പ്രസിഡന്റ്‌ ആര്‍.വിശ്വനാഥ ഷേണായി അധ്യക്ഷത വഹിച്ചു. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.
ആചാരങ്ങള്‍ അനാചാരങ്ങളാവുകയും വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തെ ആത്മീയമായി സ്വാധീനിച്ചിരുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ജനകീയമായി തിരിച്ചുവരുന്നത്‌ ആശാവഹമാണെന്ന്‌ എം.രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ഇത്‌ വളരെവേഗം കമ്പോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌ കാണാതിരിക്കാന്‍ കഴിയില്ല. തല്‍ഫലമായി സമൂഹത്തിന്‌ ലഭിക്കേണ്ട ആത്മബലം കിട്ടുന്നില്ല.
ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും ശുദ്ധിയും മൂല്യങ്ങളും വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്‌ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രധര്‍മ്മ പരിഷത്ത്‌ ജോയിന്റ്‌ സെക്രട്ടറിയും സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ മാനേജരുമായ കെ.എസ്‌.ശ്രീകുമാര്‍ ബിജിബാലിന്‌ ഉപഹാരം സമ്മാനിച്ചു. കുമാരി ശ്രുതിയുടെയും സംഘത്തിന്റെയും സരസ്വതീ വന്ദനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക്‌ തുടക്കം. കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്‌.രമേശന്‍ നായര്‍, സീമാ ജാഗരണ്‍മഞ്ച്‌ ദേശീയ സഹസംയോജകന്‍ എ.ഗോപാലകൃഷ്ണന്‍, മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരകന്‍ മോഹന്‍ കുക്കിലിയ തുടങ്ങിവരടങ്ങുന്ന പ്രൗഢഗംഭീരസദസ്‌ ചടങ്ങുകള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എസ്‌.സജികുമാര്‍ സ്വാഗതവും രാധാ അന്തര്‍ജ്ജനം നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.