യുക്തിസഹമല്ലാത്ത സമീപനം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉപേക്ഷിക്കണം

Tuesday 16 August 2011 11:27 pm IST

കൊച്ചി: ഏത്‌ വികസന പദ്ധതിയെയും അന്ധമായി എതിര്‍ക്കുന്ന യുക്തിസഹമല്ലാത്ത സമീപനം പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉപേക്ഷിക്കണമെന്നും അവര്‍ പുരോഗതിയുടെ സഹയാത്രികരാകണമെന്നും സംസ്ഥാന സാക്ഷരതാ മിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ.ഗോപിനാഥ്‌ പനങ്ങാട്‌ ആവശ്യപ്പെട്ടു. നഗര വികസനത്തിലെ നൂതന ആശയങ്ങള്‍ക്ക്‌ പ്രചാരണം നല്‍കുന്ന പരിപാടിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ പബ്ലിക്‌ പോളിസി റിസര്‍ച്ച്‌ (സിപിപിആര്‍) കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിപി ആര്‍ ചെയര്‍മാന്‍ ഡി.ധനുരാജ്‌ അദ്ധ്യക്ഷത വഹിച്ചു.
ജലഗതാഗതത്തെയും നീരൊഴുക്കിനെയും തടസ്സപ്പെടുത്താതെ ഒരു ഉള്‍നാടന്‍ കായലില്‍ തൂണുകള്‍ക്ക്‌ മുകളില്‍ റോഡും കെട്ടിട സമുച്ചയവും നിര്‍മിച്ച്‌ നടപ്പിലാക്കാനുദ്ദേശിക്കുന്ന യശോറാം സ്കൈ സിറ്റി പദ്ധതിക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ വിരുദ്ധ പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമായി എന്നും ഇത്‌ നിര്‍മാണം വൈകിപ്പിച്ചു എന്നും പദ്ധതിയുടെ ഉപജ്ഞാതാവായ യശോറാം ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എ.ആര്‍.എസ്‌.വാദ്ധ്യാര്‍ പറഞ്ഞു. ടോള്‍ രഹിത യാത്രയും പതിനേഴായിരം പേര്‍ക്ക്‌ തൊഴിലും സാധ്യമാക്കുന്ന പദ്ധതി ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാല്‍ മൂന്ന്‌ വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഗ്രൂപ്പ്‌ ഡയറക്ടര്‍ രോഹിതം പ്രഭു അറിയിച്ചു.