മണിച്ചെയിന്‍തട്ടിപ്പ്‌: പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം

Tuesday 16 August 2011 11:29 pm IST

ആലുവ: മണിച്ചെയിന്‍ തട്ടിപ്പുകളെ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന്‌ പലയിടങ്ങളിലും റെയ്ഡുകള്‍ നടത്തിയെങ്കിലും ആലുവ മേഖലയില്‍ ചിലയിടങ്ങളില്‍ യഥാസമയം റെയ്ഡുകള്‍ നടത്താതെ മണിച്ചെയിന്‍ സംഘങ്ങളെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്തതായി ആക്ഷേപം. പലരും പരാതിനല്‍കിയെങ്കിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പിനായി പോലീസിലെ ചിലര്‍ രംഗത്തുവരികയായിരുന്നുവെന്നും ആക്ഷേപമുണ്ട്‌. പല മണിച്ചെയിനുകള്‍ക്കു പിന്നിലും ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നത്‌ സര്‍ക്കാര്‍ സര്‍വീസിലും മറ്റും ജോലിചെയ്യുന്നവരുടെ ഭാര്യമാരായിരുന്നു. ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ നിരവധി സ്ത്രീകളാണ്‌ ഇത്തരത്തില്‍ മണിച്ചെയിനുകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ കണ്ടെത്തുകയുണ്ടായി. ചിലരെല്ലാം ഭാര്യമാരുടെ പേരുവച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു. അതുപോലെ തപാല്‍ മേഖലയിലുള്ള ചിലജീവനക്കാരും ഇത്തരത്തില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തപാല്‍ വിതരണം ചെയ്യുന്നതിനിടെ പല കുടുംബങ്ങളുമായി ഇവര്‍ക്കുണ്ടാക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിബന്ധങ്ങളാണ്‌ മണിച്ചെയിനുവേണ്ടി ദുരുപയോഗം ചെയ്തത്‌. ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ പേരെയും കേസില്‍ പ്രതികളാക്കേണ്ടതില്ലെന്നാണ്‌ ക്രൈംബ്രാഞ്ചിന്റെ തീരുമാനമെന്നറിയുന്നു. എന്നാല്‍ പ്രാദേശികമായി നിക്ഷേപകരുടെ പരാതി ലഭിച്ചാല്‍ ഇതു പ്രകാരം ഏജന്റുമാരെ പ്രതികളാക്കുകയും ചെയ്യും. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളിലൂടെ ലഭിച്ച വിവിരങ്ങളുടെ തുടരന്വേഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രാഥമികമായ കണക്കെടുപ്പ്‌ അനുസരിച്ച്‌ കോടിക്കണക്കിന്‌ രൂപയാണ്‌ ഇവര്‍ പിരിച്ചെടുത്തത്‌. ഒളിവില്‍കഴിയുന്ന പ്രതികളെ ചൂണ്ടിക്കാട്ടി ഇവരുടെ കൈവശമാണ്‌ നിക്ഷേപത്തുകയിലേറെയുമെന്ന്‌ പറഞ്ഞ്‌ അക്കൗണ്ടുകള്‍ വെളിപ്പെടുത്താതിരിക്കാനാണ്‌ പലരും തയ്യാറാകുന്നത്‌. എന്നാല്‍ ക്രൈം ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരും ഇതിനുവേണ്ടി ഒത്താശ ചെയ്യുന്നുണ്ടെന്നാണ്‌ ആരോപണം. ഇവരില്‍ പലര്‍ക്കെതിരെയും ആദായനികുതി വകുപ്പും ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നുണ്ട്‌. ജയിലില്‍ കഴിയുന്നമണിചെയിന്‍ തട്ടിപ്പുസംഘങ്ങളുടെ ഏജന്റുമാര്‍ പല നിക്ഷേപകര്‍ക്കും പണം തിരിച്ചുനല്‍കി പരാതി പിന്‍വലിപ്പിക്കാനാണ്‌ ശ്രമം നടത്തുന്നത്‌. തട്ടിപ്പിനിരയായവരില്‍ പത്തുശതമാനം പോലും ഇതുവരെയും രേഖമൂലം പരാതിനല്‍കാന്‍ സന്നദ്ധരാകുന്നില്ലെന്നാണ്‌ ക്രൈംബ്രാഞ്ച്‌ അധികൃതര്‍തന്നെ ചൂണ്ടിക്കാണിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.