പുല്ലുമേട് ദുരന്തം : തെളിവെടുപ്പ് തുടങ്ങി

Wednesday 17 August 2011 4:27 pm IST

കോട്ടയം: പുല്ലുമേട്‌ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റീസ്‌ എം. ആര്‍. ഹരിഹരന്‍നായര്‍ കമ്മിഷന്‍ തെളിവെടുപ്പ്‌ തുടങ്ങി. അടുത്ത തീര്‍ത്ഥാടന കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെകുറിച്ചാണ്‌ കമ്മിഷന്റെ പ്രധാന തെളിവെടുപ്പ്‌. തെളിവെടുപ്പിന് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. വണ്ടിപ്പെരിയാറില്‍ നിന്ന്‌ സത്രം പുല്ലുമേടു വഴി തീര്‍ത്ഥാടകരെ കടത്തിവിടുന്നതിന്‌ നടപ്പിലാക്കേണ്ട ട്രാഫിക്‌ പരിഷ്ക്കാരങ്ങളാണ്‌ രാവിലെ പരിശോധിച്ചത്‌. വണ്ടിപ്പെരിയാര്‍, മൗണ്ട്‌ വഴി വാഹനങ്ങള്‍ സത്രങ്ങളിലേക്കും തിരിച്ച്‌ വള്ളകടവുവഴി വണ്‍വേ ഏര്‍പ്പെടുത്തുന്നതിനുമാണ്‌ ഇപ്പോള്‍ ആലോചിക്കുന്നത്‌. ഇതിനുള്ള സാധ്യതകള്‍ കമ്മീഷന്‍ പരിശോധിച്ചു. തുടര്‍ന്ന്‌ കഴിഞ്ഞ മകരവിളക്ക്‌ കാലത്ത്‌ 102 അയ്യപ്പഭക്തര്‍ മരിക്കാനിടയായ പുല്ലുമേട്ടിലും മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിലും കമ്മീഷന്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ വിവരം ശേഖരിക്കും. പുല്ലുമേട്ടിലെത്തുന്ന ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം സംബന്‌ധിച്ച്‌ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച്‌ കമ്മിഷന്‍ സര്‍ക്കാരിന്‌ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. കമ്മിഷനോടൊപ്പം ഇടുക്കി ജില്ലാ കളക്ടര്‍ ദേവദാസും ജില്ലാ പോലീസ് സൂപ്രണ്ട്, ദേവസ്വം ബോര്‍ഡിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ട്.