ഹസാരെയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രസ്താവന

Wednesday 17 August 2011 4:42 pm IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രസ്താവന. ഹസാരെയുടെ സമരം പാര്‍ലമെന്ററി ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. താന്‍ രൂപം നല്‍കിയ പൊതുസമൂഹത്തിന്റെ ബില്‍ പാര്‍ലമെന്റ്‌ പാസാക്കണമെന്ന്‌ വാശിപിടിക്കുകയായിരുന്നു അണ്ണാ ഹസാരെ. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്ററി തലത്തിലുള്ള പരിഹാരമാണ് വേണ്ടതെന്നു താന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണു കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചത്. ലോക് പാല്‍ ബില്‍ തയാറാക്കി. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്‍പാകെ ബില്‍ ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ ബില്‍ പാടില്ലെന്നും ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റ് അംഗീകരിക്കണം എന്ന നിലപാടാണു ഹസാരെ സംഘം എടുത്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ മേല്‍ ജന്‍ ലോക്പാല്‍ ബില്‍ അടിച്ചേല്‍പ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനപരമായ സമരത്തിന്‌ സര്‍ക്കാര്‍ എതിരല്ല. കരുതല്‍ നടപടി എന്ന നിലയിലാണ്‌ ഹസാരെയെ അറസ്റ്റ്‌ ചെയ്‌തത്‌. നിരാഹാരം തുടങ്ങാന്‍ പോകുകയാണെന്ന്‌ ഹസാരെ അറിയിച്ചതോടെ പോലീസിന്‌ മുമ്പില്‍ മറ്റു വഴികളില്ലായിരുന്നു. സമരത്തിന്‌ മുമ്പ്‌ ഹസാരെ നടത്തിയ പ്രസ്‌താവനകളില്‍ നിന്ന്‌ സമാധാന അന്തരീക്ഷം തകരുമെന്ന്‌ വ്യക്തമായിരുന്നെന്നും തുടര്‍ന്ന്‌ സമരം ഉപേക്ഷിക്കാന്‍ ഹസാരെയോട്‌ അഭ്യര്‍ത്ഥിക്കാന്‍ ദല്‍ഹി പൊലീസ്‌ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ് പ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരം നടത്താന്‍ അനുമതി തന്നാല്‍ മാത്രമെ ജയിലില്‍ നിന്നു പുറത്തുവരികയുള്ളൂ എന്ന ഹസാരെയുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല. പാര്‍ലമെന്റാണ് ഒരു നിയമത്തെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്ളത് പാര്‍ലമെന്റിലാണ്. നിയമം നടപ്പാക്കാന്‍ പാര്‍ലമെന്റ് ചര്‍ച്ച നടത്തുമ്പോള്‍ അഭിപ്രായം അറിയിക്കുകയാണു പൊതുസമൂഹ പ്രതിനിധികള്‍ ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗമായിരുന്നു പ്രധാനമന്ത്രി അവതരിപ്പിച്ചത്‌. ഇതിനിടെ പ്രതിപക്ഷനിരയില്‍ നിന്ന്‌ തുടരെ ബഹളമുണ്ടായി. ലോക്‌സഭയിലും ഇതേ വിഷയത്തില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന്‌ 11.30 വരെ നിര്‍ത്തിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.