സൗമിത്ര സെന്നിനെതിരെയുള്ള ഇംപീച്ച്മെന്റ് ഇന്ന്

Wednesday 17 August 2011 3:05 pm IST

ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ക്കു രാജ്യസഭയില്‍ ഇന്നു തുടക്കം. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യസഭയില്‍ ഒരു ജഡ്ജിയെ 'ഇംപീച്ച്' ചെയ്യുന്നത്. മൂന്നു മണിക്ക് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയായിരിക്കും ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കുക. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ് സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ജസ്റ്റിസ് സൗമിത്ര സെന്നിനു തന്‍റെ വാദം ഉയര്‍ത്താന്‍ സഭയില്‍ അവസരം ലഭിക്കും. നാല് അഭിഭാഷകരുമായിട്ടായിരിക്കും സെന്‍ രാജ്യസഭയിലെത്തുക. അദ്ദേഹത്തിന്റെ വാദം കേട്ടതിന് ശേഷം സഭയില്‍ നിന്നു പുറത്തുപോകാന്‍ അഭ്യര്‍ഥിക്കും. ഇതിനു ശേഷമായിരിക്കും വിഷയത്തില്‍ ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്കു ശേഷം പ്രമേയം വോട്ടിനിടും. സഭയിലുള്ള അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ പ്രമേയം പാസാകും. ഇതിനു ശേഷം പ്രമേയം ലോക് സഭയും പരിഗണിക്കും. ഈ സമ്മേളന കാലത്തു തന്നെ ലോക് സഭ പരിഗണിച്ചില്ലെങ്കില്‍ പ്രമേയം അസാധുവാകും. ലോക്‍സഭയില്‍ ഇത് രണ്ടാം തവണയാണ് ഇം‌പീച്ച്‌മെന്റ് നടക്കുന്നത്. ജസ്റ്റിസ് രാമസ്വാമി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴുള്ള അഴിമതി കണ്ടെത്തി 1993-ല്‍ ലോക്‌സഭ നടത്തിയ ഇംപീച്ച്‌മെന്റാണ് ഇന്ത്യയില്‍ ആദ്യമായി നടന്നത്. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.