ബീമാപള്ളി വെടിവയ്പ്പ്: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ആക്ഷന്‍ കൗണ്‍സില്‍

Tuesday 8 October 2013 9:06 pm IST

തിരുവനന്തപുരം: ആറുപേര്‍ മരിക്കാനും അമ്പതോളം പേര്‍ക്ക്‌ പരിക്കേല്‍ക്കാനും ഇടയാക്കിയ ബീമാപള്ളി വെടിവയ്പ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്‌. റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്ന്‌ തലസ്ഥാന ജില്ലയിലെ മഹല്ലുകമ്മിറ്റികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലാണ്‌ സര്‍ക്കാരിനോട്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ജില്ലാ ജഡ്ജിയായിരുന്ന കെ. രാമകൃഷ്ണന്‍ കമ്മീഷന്‍ നീതിരഹിതമായ റിപ്പോര്‍ട്ടാണ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരിക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
പോലിസ്‌ വെടിവയ്പ്പിന്‌ ഇരയായവരില്‍ ഒരാളെപ്പോലും നേരിട്ടു സന്ദര്‍ശിക്കാതെയാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. വെടിവയ്പ്പിന്‌ നേതൃത്വം നല്‍കിയ പോലിസ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ഇനിയും ലഭിച്ചിട്ടില്ലാത്ത നഷ്ടപരിഹാരം കൊടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നാവശ്യപ്പെട്ട്‌ നിയമപോരാട്ടവും സമരപരിപാടികളും സംഘടിപ്പിക്കുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ്‌ മൗലവി, ജനറല്‍ കണ്‍വീനര്‍ ബീമാപ്പള്ളി റഷീദ്‌ എന്നിവര്‍ പറഞ്ഞു.
പോലിസ്‌ നടത്തിയ വെടിവയ്പ്പിനെ പൂര്‍ണമായും ന്യായീകരിക്കുന്നതാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. 2009 മെയ്‌ 17നാണ്‌ വെടിവയ്പ്പ്‌ നടന്നത്‌. ബീമാപ്പള്ളി നിവാസികള്‍ നിരപരാധികളാണെന്ന്‌ വിലയിരുത്തിയാണ്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്‌. എന്നാല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ കുഴപ്പക്കാരാണെന്ന്‌ വിളിച്ചുപറയുന്നതാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.