സ്വാശ്രയ പരീക്ഷ ഹൈക്കോടതി റദ്ദാക്കി

Wednesday 17 August 2011 4:42 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി. മാനേജ്മെന്റുകളില്‍ നിന്നും സീറ്റ്‌ ഏറ്റെടുക്കാത്ത സര്‍ക്കാര്‍ നിലപാട്‌ നാണക്കേടാണെന്ന്‌ കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന്‌ പ്രവേശനം നടത്തണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരുമായി ധാരണയിലെത്തിയിരിക്കുന്ന പത്തു കോളേജുകളിലെ പ്രവേശനത്തെയാണ്‌ വിധി ബാധിക്കുക. ജൂലായ്‌ 14 ന്‌ നടത്തിയ പരീക്ഷയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. മാനേജ്‌മെന്റ്‌ കണ്‍സോര്‍ഷ്യം അഞ്ചേകാല്‍ ലക്ഷം കോടതിച്ചെലവായി നല്‍കണമെന്നും കോടതി വിധിച്ചു. വിധിയെ തുടര്‍ന്ന്‌ അപ്പീല്‍ പോകുമെന്ന്‌ കണ്‍സോര്‍ഷ്യം അറിയിച്ചു. സുപ്രീം കോടതിയാണ്‌ മാനേജുമെന്റുകള്‍ക്ക്‌ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ മുഹമ്മദ്‌ കമ്മിറ്റിയുടെ മേല്‍നോട്ടമില്ലാതെ പരീക്ഷ നടത്തിയതിനെതിരെ കോഴിക്കോട്‌ സ്വദേശിനിയായ ആമിന നെഹ്‌ന എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതിയുടെ നടപടി. ഹര്‍ജിക്കാരിക്ക്‌ കോടതിച്ചെലവായി 25,000 രൂപ മാനേജുമെന്റ്‌ നല്‍കാനും കോടതി വിധിച്ചു. എന്നാല്‍ പരീക്ഷ സുതാര്യമായിരുന്നെന്ന്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സ്വാശ്രയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടി പ്രതീക്ഷിച്ചതാണെന്നും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും വിദ്യാര്‍ത്ഥികളെ എടുക്കുന്നതിന്‌ തടസമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.