മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കുന്നു

Thursday 10 October 2013 6:32 pm IST

ആലപ്പുഴ: വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ മായം കലര്‍ത്തിയ വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി. സോപ്പ്‌, ലൂബ്രിക്കേറ്റഡ്‌ ഓയില്‍ എന്നിവയില്‍ ഉപയോഗിക്കുന്ന പാമോയിലാണ്‌ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്‌. ഇത്‌ ആരോഗ്യത്തിന്‌ ഏറെ ഹാനികരമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. തമിഴ്‌നാടുവഴിയാണ്‌ ഇതു കേരള വിപണിയില്‍ എത്തുന്നത്‌. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഹാനികരമല്ല. എന്നാല്‍ വെളിച്ചെണ്ണയില്‍ മായം കലരുമ്പോള്‍ വെളിച്ചെണ്ണയുടെ സ്വഭാവം നഷ്ടമാകും. ഇത്‌ രക്തത്തിലെ കൊഴുപ്പിന്റെ അളവ്‌ കൂട്ടുമെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ അഡീഷണല്‍ പ്രൊഫ.ഡോ.ബി.പത്മകുമാര്‍ പറഞ്ഞു. ഇതുമൂലം ഹൃദയാഘാതമുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല വെളിച്ചെണ്ണയേക്കാളും 10 രൂപ മുതല്‍ 14 രൂപ വരെ കുറവുള്ള എണ്ണ വാങ്ങാന്‍ ആവശ്യക്കാരേറെയാണ്‌. രണ്ടാഴ്ചയ്ക്കുള്ളില്‍ വെളിച്ചെണ്ണയ്ക്ക്‌ വില വര്‍ദ്ധിച്ചതാണ്‌ മായം കലര്‍ത്തി എണ്ണ വില്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്‌. മായം കലര്‍ന്ന എണ്ണ വിറ്റതിനു ശേഷം പണം നല്‍കിയാല്‍ മതിയെന്ന മെച്ചവും വ്യാപാരികള്‍ക്കുണ്ട്‌. ഇത്‌ വ്യാപാരികളെ എണ്ണ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഒരു ലോഡ്‌ വെളിച്ചെണ്ണ വിറ്റാല്‍ വ്യാപാരികള്‍ക്ക്‌ ഒന്നരലക്ഷം രൂപ വരെ ലാഭം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ വ്യാപാരികള്‍ ഇതിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയാണ്‌. . നല്ല വെളിച്ചെണ്ണ 104 രൂപയ്ക്ക്‌ വിറ്റാല്‍ മാത്രമേ മുതലാകുകയുള്ളൂവെന്നാണ്‌ മില്ലുടമകള്‍ പറയുന്നത്‌. തമിഴ്‌നാട്‌, കര്‍ണാടക പ്രദേശങ്ങളില്‍ നിന്ന്‌ തേങ്ങയുടെ വരവ്‌ കുറഞ്ഞതാണ്‌ എണ്ണ വില ഉയരാന്‍ ഒരു കാരണം. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന്‌ കൊപ്രാ ലഭ്യമാകാത്തതും വിലവര്‍ധനവിന്‌ കാരണമായി. ആര്‍.അജയകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.