കൊച്ചി: അക്ഷരംതന്നെയാണ് ബ്രഹ്മം. അക്ഷരത്തിന് നാശമില്ല. അക്ഷരങ്ങള്‍ ചേര്‍ത്താല്‍ വാക്കായി. വാക്ക് ആയുധമാണ്. വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. വാക്കില്‍ ആശയങ്ങളുടെ പ്രഭാതം പൊട്ടിവിരിയുന്നു. വാക്ക്തന്നെയാണ് അറിവ്. അതുകൊണ്ട് ആയുധപൂജ അക്ഷരപൂജയാണ്, കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍നായര്‍ പറഞ്ഞു. പുതുക്കുളങ്ങര ദേവീ ട്രസ്റ്റും സരസ്വതി വിദ്യാനികേതന്‍ സ്കൂളും ജന്മഭൂമിയും സംയുക്തമായി നടത്തുന്ന നവരാത്രി നൃത്ത-സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരുതിവെക്കുന്ന വാക്ക് കരുതല്‍ധനം. നല്ല വാക്കാണ് സന്തോഷം. പത്താംനാള്‍ നമുക്ക് വിജയദശമി. അധര്‍മ്മത്തിന്റെ 9 നാളുകളില്‍ അതിന്റെ ശിരസുകള്‍ അരിഞ്ഞ് വീഴ്ത്തപ്പെട്ടിരിക്കും. അമ്മയുടെ ശക്തി പ്രസരം ആവാഹിച്ച എന്തും നമുക്ക് അമ്മയാണ്. ഗംഗ അമ്മയാണ്, ഈ ഭൂമി അമ്മയാണ്, ശിവനെ ചലിപ്പിക്കുന്ന ശക്തി അമ്മയാണ്, നമുക്ക് വിദ്യ അമ്മയാണ്. പശു അമ്മയാണ്, ഗോമാതാവാണ്. ഈ ശക്തി സ്വരൂപിണിമാരെയാണ് ഒമ്പത് രാത്രികൊണ്ട് പൂജിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വെന്നിക്കൊടിയാണ് വിജയദശമി. ഈ കൊടി പാറുന്നത് കന്നി മാസത്തിലാണ്. ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള 9 രാത്രികള്‍, പത്താം നാള് ദശമി, അതിനകം അമ്മ വിജയിച്ചിരിക്കും. ധര്‍മം വിജയിച്ചിരിക്കും. ജീവിതത്തിന്റെ വിജയമാണ് വിജയദശമി. ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന കലകള്‍, അമരത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന അക്ഷരവിത്തുകള്‍ നമുക്ക് മണ്ണിലും മനസിലും നട്ടുവളര്‍ത്താം. നാവിന്‍തുമ്പത്ത് ഹരിശ്രീ പൊന്നുപോലെ എഴുതിതുടങ്ങാം. നമ്മുടെ ആവശ്യങ്ങള്‍, ആയുധങ്ങള്‍ എല്ലാം അമ്മയുടെ തൃപ്പാദത്തില്‍ പൂജക്ക് വയ്ക്കാം. അവിടുത്തെ തൃക്കണ്നോട്ടത്തിന്റെ തേന്മിഴി തുറന്നാല്‍ നമ്മള് അനുഗ്രഹീതരാകും. അമ്മ നമുക്ക് എല്ലാ വിജയങ്ങളും തരും, അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ആഘോഷപരിപാടിയില്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞു. നവരാത്രി സംഗീതോത്സവം ഒമ്പത് ദിവസവും ഈശ്വരന്റെ ദേവീരൂപത്തിലുള്ള ഈശ്വരോപാസന തന്നെയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ കൈതപ്രം പറഞ്ഞു. ദുര്‍ഗ, കാളി, സരസ്വതി ഇങ്ങനെ ദേവിയുടെ വിവിധ രൂപങ്ങളില്‍ ആരാധിക്കാനുള്ള അവസരമാണ്. സംഗീതം കേള്‍ക്കുമ്പോള്‍ മധുരമാണ്, അപ്പോള്‍തന്നെ ആസ്വദിക്കാം. ആലോചിക്കേണ്ടതില്ല. സാഹിത്യം ആലോചനാമൃതമാണ്. ആലോചിക്കുമ്പോഴാണ് അതിന്റെ സുഖം അനുഭവിക്കാന്‍ കഴിയുക, അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആദര്‍ശ വിദ്യാലയത്തിന്റെ സംഗീതപരിപാടിയും നടന്നു.
ഇന്ന് നടക്കുന്ന പരിപാടി ഗായകന് ദേവദാസ് ഉദ്ഘാടനം ചെയ്യും. ശ്രീരാഗം സംഗീതവിദ്യാലയം കലൂര്‍ കലാപരിപാടി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: