ശിവഭുജംഗപ്രയാത സ്തോത്രം

Wednesday 17 August 2011 7:04 pm IST

നാല്‍പതു ശ്ലോകങ്ങളിലായി ഭുജംഗപ്രയാതവൃത്തത്തില്‍ ഭഗവാനെ സ്തുതിയ്ക്കുന്ന ഒരു വിശിഷ്ടസ്തോത്രമാണ്‌ ശിവഭുജംഗപ്രയാതസ്തോത്രം. ഭുജംഗം എന്നതിന്‌ പാമ്പ്‌ എന്നാണ്‌ പ്രധാനമായ അര്‍ത്ഥം. ഈ വൃത്തത്തിലുള്ള പദ്യങ്ങള്‍ പ്രത്യേകരീതിയില്‍ ചൊല്ലണം. എങ്കില്‍ ഭുജംഗപ്രയാതം- പാമ്പിന്റെ ഗമനം- ഇഴയല്‍ പോലെ- പാമ്പ്‌ ഇഴയുന്ന മാതൃകയാകും.
ഈ സ്തുതി ഗണപതി വന്ദനത്തോടെ ആരംഭിയ്ക്കുന്നു. ഗണപതിയുടെ ഈ അപൂര്‍വന്ദനശ്ലോകം ദാനഗണ്ഡം, ഭൃംഗഷണ്ഡം, ചാരുശുണ്ഡം, ത്രാണശൗണ്ഡം,ദന്തകാണ്ഡം, ഭംഗചണ്ഡം, പ്രേമപിണ്ഡം,വക്രതുണ്ഡം എന്നീ അപൂര്‍വമായ എട്ട്‌ വിശേഷണങ്ങളെക്കൊണ്ട്‌ മനോഹരമാണ്‌. പ്രഥമശ്ലോകം കൊണ്ടു തന്നെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ ഭഗവാന്റെ മഹത്ത്വത്തെ പ്രതിപാദിയ്ക്കുന്നു. സദ്യോജാതം, വാമദേവം, ഈശാനം, തത്പുരുഷം, അഘോരം എന്നീ അഞ്ച്മുഖങ്ങളുള്ളവനും ഹൃദയാദി ആറ്‌ അംഗങ്ങളുള്ളവനും ഗംഗ, ചന്ദ്രന്‍, കൊന്നപ്പൂവ്‌ എന്നിവ കപര്‍ദ്ദമെന്ന്‌ പേരുള്ള ജടയില്‍ ചൂടിയവനും ആദിയിലുള്ളവനും അതേസമയം സത്വരജസ്തമോഗുണങ്ങള്‍ക്ക്‌ അതീതനും പ്രസിദ്ധനും മുപ്പത്തിയാറ്‌ തത്ത്വവിദ്യകളെ മറികടന്നവനും ജ്ഞാനസ്വരൂപനും പരാശക്തിയുമായ ശിവതേജസ്സിനെ നമസ്കരിയ്ക്കുന്നു.
ഇന്ദ്രനീലക്കല്ലിന്റെ നിറത്തിനൊത്ത പകുതി ഭാഗത്തോടുകൂടിയവനും പവിഴം പോലെ ചുവന്നപകുതി ഭാഗത്തോടുകൂടിയവനുമായ ഭഗവാന്റെ അര്‍ദ്ധനാരീശ്വരരൂപത്തേയും ദേവാസുരന്മാരുടെ സേവ ഹേതുവായി അവരുടെ നമ്രശിരസ്സില്‍ നിന്നും വീണ മന്ദാരപ്പുക്കളാല്‍ അഭിഷേകം ചെയ്യപ്പെട്ടവനും സംസാരദുഃഖത്തെ കടക്കുവാന്‍ തോണിയായും ആപത്തുക്കളില്‍ നിന്ന്‌ രക്ഷിയക്കുന്ന പാര്‍വതീവല്ലഭനും തന്റെ തന്നെ രക്ഷകനും ലോകനാഥനുമായി ഭഗവാനെ പ്രാര്‍ത്ഥിയ്ക്കുന്നു.
മഹാദേവ,ദേവേശ, ദേവാദിദേവ, ഹരേ, സ്മരാരേ, യമാരേ, പുരാരേ മുതലായ അപൂര്‍വസംബോധനയോടെ വിരൂപാക്ഷനും വിദ്യാധിപനും മുന്നു വേദങ്ങള്‍ക്കും ഇരിപ്പിടമായുള്ളവനും ലോകനാഥനും മുക്കണ്ണനുമായ ഭഗവാനെ പ്രാര്‍ത്ഥിയ്ക്കുന്നു.
പാപികളില്‍ പോലും തൃപ്തനാകുന്ന ഭഗവാന്‍ ഭക്തന്‍ ദാനപാത്രവുമായി സങ്കല്‍പിച്ച്‌ ശരണാഗതനും ഭക്തവത്സലനുമായ ഭഗവാന്‍ അല്ലാതെ മറ്റൊരു ദേവനില്ലെന്ന്‌ പറഞ്ഞ്‌ ഭഗവാനില്‍ ഉറച്ച ഭക്തനായി തന്നിമിത്തം അദ്ദേഹത്തിന്റെ കടാക്ഷത്തിനായി പ്രാര്‍ത്ഥിയ്ക്കുന്നു.
പാപികളില്‍ പോലും തൃപ്തനാകുന്ന ഭഗവാന്‍ അല്‍പനും അശക്തനും പരദ്രോഹചിന്തയില്ലാത്തവനും ധ്യാനം, കീര്‍ത്തനം മുതലായവയൊന്നുമറിയാത്തവനുമായ തന്നില്‍ പ്രസാദിയ്ക്കണമേ എന്ന്‌ പ്രാര്‍ത്ഥിയ്ക്കുന്നു.
അടുത്ത ശ്ലോകത്തിലാകട്ടെ ത്ര്യക്ഷഃ, അക്ഷ്ണോഃ ,കടാക്ഷഃ, ക്ഷണം, ക്ഷ്മാ, ലക്ഷ്മീഃ മുതലായ അപൂര്‍വപ്രയോഗങ്ങളടങ്ങിയ പദ്യത്തിലൂടെ ഛത്രചാമരാദികളെക്കൊണ്ടും കിരീടം കൊണ്ടും ശോഭിയ്ക്കുന്ന ഭഗവാനെ ഭൂമിദേവിയും സ്വീകരിയ്ക്കുന്നതായി സങ്കല്‍പിയ്ക്കുന്നു. ജഗത്തിന്റെ മാതാപിതാക്കന്മാരായി സങ്കല്‍പിയ്ക്കുന്ന പാര്‍വതീപരമേശ്വരന്മാരെ കിരീടം കൊണ്ടും ശോഭിയ്ക്കുന്ന ഭഗവാനെ ഭൂമീദേവിയും ലക്ഷ്മീദേവിയും സ്വീകരിയ്ക്കുന്നതായി സങ്കല്‍പിയ്ക്കുന്നു.
ജഗത്തിന്റെ മാതാപിതാക്കന്മാരായി സങ്കല്‍പിയ്ക്കുന്ന പാര്‍വതീപരമേശ്വരന്മാരെ സാമ്യമുള്ള സ്ത്രീപുരുഷലിംഗശബ്ദങ്ങളെക്കൊണ്ട്‌ സംബോധനചെയ്ത്‌ പ്രാര്‍ത്ഥിയ്ക്കുന്നു. ഭവന്‍, ഭവാനി പിത്രേ, മാത്രേ, മൃഡഃ, മൃഡാനി, അമഖഡ്നാ, അഘഘ്നീ ശിവഃ, ത്യംബകഃ, അംബികാ മുതലായ അപൂര്‍വ പ്രയോഗങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.