ഗാന്ധിയന്‍ ദര്‍ശനത്തിന്റെ വിശുദ്ധി

Monday 14 October 2013 5:26 pm IST

ചിലര്‍ക്ക്‌ മടുപ്പുകാണും. എത്ര കേട്ടിരിക്കുന്നു, എത്ര കണ്ടിരിക്കുന്നു. പിന്നെയും എന്തിനിങ്ങനെ പറയുന്നു എന്നു തോന്നും. ചിലത്‌ അങ്ങനെ വേണ്ടിവരും.
അതങ്ങനെയാണ്‌. ആ വികാരം നെഞ്ചേറ്റുമ്പോഴാണ്‌ നാം യഥാര്‍ത്ഥ മനുഷ്യത്വം പ്രകടിപ്പിക്കുക, അനുഭവിക്കുക. സമൂഹത്തില്‍ മൊത്തം കുഴപ്പമേയുള്ളൂ, ഒന്നും ശരിയാവില്ല, ഇതങ്ങനെയേ പോകൂ എന്നു കരുതുന്നവരും പ്രചരണം നടത്തുന്നവരും ഏറിവരികയാണ്‌. അല്ലെങ്കില്‍ ഏതു ബുദ്ധിജീവിയും അത്തരക്കാരെയാണ്‌ പ്രോത്സാഹിപ്പിക്കുക. എന്നാല്‍ സാധാരണക്കാരന്റെ മഹാസങ്കടങ്ങള്‍ കണ്ടറിഞ്ഞ്‌, അത്‌ മനുഷ്യത്വത്തിന്റെ മൂശയിലേക്ക്‌ ഒഴിച്ച്‌ തനിത്തങ്കമാക്കാന്‍ കെല്‍പ്പുള്ള ഒരു മനുഷ്യനുണ്ടായിരുന്നു നമുക്ക്‌. അദ്ദേഹം കാവിയുടുക്കാത്ത സന്യാസിയായിരുന്നു. ഇന്ത്യന്‍ മനസ്സിന്റെ ശേഷിയും ശേമുഷിയും ആയിത്തീര്‍ന്ന ആ മഹാതേജസ്സ്‌ മഹാത്മാഗാന്ധിയല്ലാതെ മറ്റാരുമല്ല എന്ന്‌ ബഹുഭൂരിപക്ഷം പേര്‍ക്കും അറിയാം. എങ്ങനെയാണ്‌ ആ ദര്‍ശന പ്രഭാവം ഇന്നും ഇന്ത്യന്‍ മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ അന്വേഷിച്ചിട്ടുണ്ടോ?
ഐഐഎം (കോഴിക്കോട്‌) ഡയറക്ടര്‍ ദേബശിഷ്‌ ചാറ്റര്‍ജി ഇതിനെക്കുറിച്ച്‌ വിശകലനം ചെയ്തിട്ടുണ്ട്‌. പ്രതിഭയുടെ പ്രകാശം പരത്തുന്ന അദ്ദേഹത്തിന്റെ പംക്തിയായ ക്ലു ഇന്‍ (മാതൃഭൂമി), ഒക്ടോ. 09) ഇതിനെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. ഗാന്ധിജി പിന്നെ ഹസാരെ എന്ന തലക്കെട്ടില്‍ പിറന്ന ചെറിയ സൃഷ്ടി ഒരു മഹാപ്രപഞ്ചത്തിന്റെ വിശാലവികാരം നമുക്കനുഭവിപ്പിച്ചുതരുന്നു. എങ്ങനെ ഗാന്ധിജിയില്‍ നിന്ന്‌ ഹസാരെ വ്യത്യസ്തനാവുന്നുവെന്നും അദ്ദേഹം പറയുന്നു. നോക്കുക: ഇന്നത്തെ കാലഘട്ടത്തില്‍ കലര്‍പ്പില്ലാത്ത ഗാന്ധിയാവാന്‍ ആരെക്കൊണ്ടും കഴിയില്ലെന്ന്‌ അണ്ണ പ്രഖ്യാപിക്കുന്നു. ഗാന്ധിജിയുടെയും ശിവജിയുടെയും ഒരു ഹൈബ്രിഡിലാണ്‌ അണ്ണയുടെ പ്രതീക്ഷ. സത്യവും കൗശലവും സമാസമം ചേര്‍ന്നൊരു വ്യക്തി. ആര്‍ക്കും താത്പര്യം തോന്നിയേക്കാവുന്ന ആശയം. അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മാര്‍ഗത്തിലൂടെ, 80 ശതമാനം അഴമതിക്കും പരിഹാരമായി പാതിവെന്തൊരു ദര്‍ശനം അദ്ദേഹം അവതരിപ്പിച്ചു. എങ്ങുനിന്നോ വന്നണഞ്ഞതുപോലെ തന്നെ, താമസിയാതെ അനുയായികള്‍ എങ്ങോ പോയി മറഞ്ഞു.
ഇനി ഗാന്ധിജിയെക്കുറിച്ച്‌: മഹാത്മജിയുടെ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യബോധവും പ്രതിജ്ഞാബദ്ധതയുമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാര്‍ഗവുമായിരുന്നു. ആത്മനിയന്ത്രണത്തിന്റെ വര്‍ധിതമായ കരുത്തുമായാണ്‌ ഓരോ പരാജയത്തെയും അദ്ദേഹം നേരിട്ടത്‌. ആ മഹാവിജയത്തിന്റെ രഹസ്യമതായിരുന്നു. ഇന്നും ഗാന്ധിജിയുടെ സ്വത്വാത്മക വിശുദ്ധി നമുക്കദ്ഭുതമാണ്‌. ഇങ്ങനെയൊരാള്‍ ഈ ഇന്ത്യയില്‍ ജീവിച്ചിരുന്നോ എന്ന്‌ സംശയിക്കുന്ന തലമുറയ്ക്കുമുമ്പില്‍ ദേബശിഷ്‌ ചാറ്റര്‍ജി ഇത്രയും കൂടി ചൂണ്ടിക്കാട്ടുന്നു: അസാധാരണമായ വ്യക്തിപ്രഭാവമുള്ള നെഹ്രുവിനെപ്പോലുള്ളവരുടെ പ്രസംഗങ്ങള്‍ ജനത്തെ വിസ്മയിപ്പിച്ചു. എന്നാല്‍, മഹാത്മജിയുടെ വാക്കുകള്‍ക്ക്‌ പിന്നില്‍ അവര്‍ അണിചേര്‍ന്ന്‌ മാര്‍ച്ച്‌ ചെയ്തു. ഗാന്ധിജിയുടേതു പോലൊരു ദൃഢചിത്തതയായിരുന്നില്ല, അണ്ണയുടെ ആഭിമുഖ്യം ഒരേയൊരു ലക്ഷ്യത്തോടു മാത്രമായിരുന്നു. കാലാതീതമായ സത്യത്തില്‍ ഗാന്ധിജി നിലകൊണ്ടപ്പോള്‍ അണ്ണ കാലബന്ധിതമായൊരു നിയമനിര്‍മ്മാണത്തിനായി മാത്രം നിലകൊണ്ടു. എത്രയോ ലക്ഷം മെഴുകുതിരികള്‍ കൊളുത്തിയെടുക്കാനുള്ള പ്രകാശത്തിന്റ പ്രഭവകേന്ദ്രമായി ഗാന്ധിജി നിലകൊള്ളുകയാണ്‌. അത്തരമൊരു പ്രകാശപ്രഭാവത്തെക്കുറിച്ച്‌ എത്രയെത്ര പറഞ്ഞാലും മതിവരുമോ, മടുപ്പുവരുമോ? ഇന്നും ആ പ്രകാശത്തിന്റെ വിശുദ്ധി സാധാരണക്കാരില്‍ ഉറവപൊട്ടുന്നതില്‍ ആശ്ചര്യമുണ്ടോ?
തെരഞ്ഞെടുപ്പില്‍ ആ വിശുദ്ധി അതിന്റെ സര്‍ഗാത്മക സൗന്ദര്യത്തോടെ വിളങ്ങണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന്‌ ഇതിനകം സകലമാനപേര്‍ക്കും മനസ്സിലായിക്കാണും. വോട്ടുകുത്തല്‍ യന്ത്രത്തില്‍ നിഷേധവോട്ടിനും സ്ഥാനം വേണമെന്ന്‌ കോടതി അഭിപ്രായപ്പെടാന്‍ കാരണം എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം എന്നത്‌ നെഞ്ചേറ്റിയതുകൊണ്ടാണ്‌. അതിനെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ തികച്ചും അര്‍ഹനായ അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള മാതൃഭൂമി വഴി അത്‌ ചെയ്യുന്നു. നിഷേധവോട്ട്‌ പാര്‍ട്ടികള്‍ക്ക്‌ ഒരവസരം (ഒക്ടോ. 09) എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനം രാഷ്ട്രീയക്കാരും രാഷ്ട്രത്തെ സ്നേഹിക്കുന്നവരും ഒന്നടങ്കം വായിക്കണം. രാഷ്ട്രീയരംഗത്ത്‌ അപചയങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍, സംശുദ്ധരെ കണ്ടെത്തി സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടുതലായി നിര്‍ബന്ധിതരാകുമെന്നത്‌ വിധിയുടെ ഒരു നല്ല സാധ്യതയാണ്‌ എന്ന്‌ ശ്രീധരന്‍പിള്ള പറയുന്നു. ഒരു ദിവസം കൊണ്ട്‌ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒരുമിച്ച്‌ വിശുദ്ധി കൈവരുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മൗഢ്യമാണ്‌. പക്ഷേ, ഘട്ടംഘട്ടമായി അതിലേക്കെത്തും. ഗാന്ധിജി ആ മാര്‍ഗം കാണിച്ചുതന്നിട്ടുണ്ട്‌.
2009-ലെ 15-ാ‍ം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളെക്കുറിച്ച്‌ നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസും നടത്തിയ പഠനങ്ങളില്‍ 162 എം.പിമാര്‍ ക്രിമിനല്‍ക്കേസില്‍ പ്രതികളായി വിചാരണയ്ക്കു ചുറ്റുമായി നിലയുറപ്പിച്ചവരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവരില്‍ 76 പേര്‍ ഹീനമായ ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട പ്രതികളാണെന്ന കാര്യം അവര്‍ സ്വയംസമര്‍പ്പിച്ച അഫിഡവിറ്റുകളില്‍ത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഈ ഭീകരമായ അവസ്ഥയില്‍ നിന്ന്‌ പതിയെപ്പതിയെ ഇന്ത്യന്‍ ജനാധിപത്യം വിമുക്തമാവണമെങ്കില്‍ വേണ്ടേ നമുക്കാ നിഷേധവോട്ട്‌? ലോക ജനാധിപത്യസംവിധാനത്തിലെ മാര്‍ഗദര്‍ശക ധ്രുവനക്ഷത്രമായി പ്രശോഭിക്കുന്ന ഒന്നായി നമ്മുടെ ജനാധിപത്യ സമ്പ്രദായം (ബറാക്‌ ഒബാമ 2010 നവംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത്‌ അഭിപ്രായപ്പെട്ടത്‌. ശ്രീധരന്‍പിള്ളയുടെ ലേഖനത്തില്‍ നിന്ന്‌) മാറാന്‍ അത്‌ അനിവാര്യമല്ലേ, പറയിന്‍? ഈ നിഷേധ വോട്ട്‌ ജനാധിപത്യത്തിന്‌ കരുത്താവുന്നത്‌ അങ്ങേതോ ലോകത്തുനിന്ന്‌ ഗാന്ധിജി ആഹ്ലാദിക്കുന്നുണ്ടാവില്ലേ?
മുഷിയല്ലേ, വീണ്ടും ഗാന്ധിജിയിലേക്കുതന്നെയാണ്‌. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നെഞ്ചേറ്റിയവനെന്ന്‌ അഭിമാനിക്കുന്ന ഉമ്മന്‍ചാണ്ടിക്ക്‌ അടുത്തിടെ ലഭ്യമായ ഉപഹാരങ്ങളെക്കുറിച്ച്‌ രജീന്ദ്രകുമാര്‍ (മാതൃഭൂമി ഒക്ടോ. 08) വരച്ചത്‌ നോക്കുക. അതിനെക്കുറിച്ചല്ല. മറ്റൊരു ഗാന്ധിയന്‍ പ്രേമിയുടെ വാക്കുകളിലേക്ക്‌. ലോകം അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും അക്രങ്ങളില്‍ നിന്നും മോചനം നേടാന്‍ ഗാന്ധിജിയിലേക്ക്‌ മടങ്ങുക മാത്രമാണ്‌ ഏക പോംവഴി. ഇതു പറഞ്ഞത്‌ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ സംഘടനയായ മേട്ടയുടെ പ്രസിഡന്റ്‌ മൈക്കല്‍ എന്‍. നാഗ്ലര്‍. ഗാന്ധിയന്‍ പ്രവര്‍ത്തകരെ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുമായി കോഴിക്കോട്ടെത്തിയ അദ്ദേഹം മാതൃഭൂമി ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ഗാന്ധിജിയുടെ രക്തംപുരണ്ട മണ്ണ്‌ കണ്ട്‌ വന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പ്രൊഫസറായ ഇദ്ദേഹത്തിന്‌ സംസ്കൃതവും നന്നായറിയാം. സെര്‍ച്ച്‌ ഫോര്‍ എ നോണ്‍വയലന്‍ഡ്‌ ഫ്യൂച്ചര്‍ എന്ന മൈക്കലിന്റെ പുസ്തകം എട്ട്‌ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌. ലോകം മുഴുവന്‍ ഗാന്ധിജിയുടെ അഹിംസാസന്ദേശം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്‌ മൈക്കല്‍ മേട്ട എന്ന സംഘടന രൂപവത്കരിച്ചത്‌. ഇനി ഇതിലൊരു മലയാളം തുടിപ്പുണ്ട്‌. നാഗ്പുര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായ പാലക്കാട്‌ സ്വദേശി ഏകനാഥ്‌ ഈശ്വരന്‍ 1952ല്‍ അമേരിക്കയില്‍ വിസിറ്റംഗ്‌ പ്രൊഫസറായി എത്തിയപ്പോഴാണ്‌ കാലിഫോര്‍ണിയയില്‍ ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്‌. ഇതിനെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രവും മാതൃഭൂമി നഗര(ഒക്ടോ. 09)ത്തില്‍.
ഇനി ചെറിയൊരു സംഭവവിവരണത്തോടെ ഇതവസാനിപ്പിക്കാം. എന്താണ്‌ ഗാന്ധിയന്‍ വിശുദ്ധി, ദര്‍ശനം, ആദര്‍ശം? തൃപ്രയാറിലെ അബ്ദുള്‍ റഹിമാനും വാസുവും സാധാരണക്കാരില്‍ സാധാരണക്കാര്‍. ഒരാള്‍ക്ക്‌ കൂലിപ്പണി, അപരന്‌ പെട്ടിപ്പീടിക. അവിടെ അത്യാവശ്യം ലോട്ടറി. രാവിലെ കൂലിപ്പണിക്കു പോവുമ്പോള്‍ റഹിമാന്‍ 10 രൂപ വാസുവിനെ ഏല്‍പ്പിച്ചു. പൗര്‍ണമി ഭാഗ്യക്കുറിയുടെ അഞ്ച്‌ ടിക്കറ്റ്‌ എടുത്തുവെക്കണം. വൈകിട്ട്‌ വരുമ്പോള്‍ ബാക്കി 90 രൂപ തരാം. വൈകിട്ട്‌ 90 രൂപ കൊടുക്കാന്‍ മുതിരുമ്പോള്‍ വാസു പറയുന്നു, ഷ്ടാ അനക്കാണ്‌ 51 ലക്ഷം. മറ്റേ മൂപ്പര്‍ അസ്തപ്രജ്ഞനായി നില്‍ക്കുന്നു. കടമായി മാറ്റിവെച്ച, തനിക്കു നമ്പര്‍പോലും അറിയാത്ത ടിക്കറ്റിന്‌ 51 ലക്ഷം. വാസുവിന്റെ കറകളഞ്ഞ ഈ വിശുദ്ധിക്കുമുമ്പില്‍ അബ്ദുള്‍ റഹിമാന്‌ വാക്കുകള്‍ ഇല്ലാതായി. ആരുമറിയാതെ, ആരാലും ചോദിക്കപ്പെടാതെ ലഭിക്കുമായിരുന്ന 51 ലക്ഷം കളഞ്ഞുകുളിച്ച വിഡ്ഢിയെന്ന്‌ ചിലപ്പോള്‍ വാസുവിനെ ഇന്നത്തെ തലമുറ വിശേഷിപ്പിക്കാം. ഗാന്ധിജിയെയും അങ്ങനെ വിളിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ. വാസുവിന്റെ ഉള്ളില്‍ നിറഞ്ഞുനിന്ന്‌ സമൂഹത്തിന്‌ മാതൃകയായ ആ വിശുദ്ധിയെ ഗാന്ധിജി എന്നു വിളിക്കാനാണ്‌ കാലികവട്ടത്തിന്‌ ഇഷ്ടം; അധികം പേര്‍ക്കും അതത്ര രുചിക്കില്ലെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ. രാവിലെ വാസുവിന്‌ 10 രൂപ കൊടുത്തു; വൈകീട്ട്‌ അബ്ദുള്‍ റഹിമാന്‌ 51 ലക്ഷം കിട്ടി എന്നാണ്‌ മാതൃഭൂമി (ഒക്ടോ. 07, കോഴിക്കോട്‌ പതിപ്പ്‌) നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്‌. മാതൃഭൂമിയുടെ സകല കന്നംതിരിവുകളും ഇത്തരം വാര്‍ത്തകളിലൂടെ നമുക്കു മറക്കാം.
നേര്‍മുറി പിന്നെ സരയുവില്‍ സീരധ്വജമാഴുന്നതും കണ്ടുനിന്നിവന്‍ ജനകന്‍, കഥയിലില്ലാത്ത കഥയില്ലാത്ത വെറും നിമിത്തം 'കരി' പിടിച്ച നുകം ഡോ. എല്‍. തോമസ്കുട്ടി കവിത: നുകം ഗ്രന്ഥലോകം (സപ്തം.) daslak@gmail.com
കെ. മോഹന്‍ദാസ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.