ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു; ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു

Wednesday 17 August 2011 10:48 pm IST

തിരൂര്‍: കൂട്ടായി വെട്ടം പടിയത്ത്‌ മണല്‍ലോറിയും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 30 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസ്‌ സംഘത്തെ ക്ഷുഭിതരായ ജനക്കൂട്ടം ആക്രമിച്ചു. നാട്ടുകാരാണ്‌ പോലീസിനെ രക്ഷപ്പെടുത്തിയത്‌. മണല്‍ലോറിയും പോലീസ്‌ ജീപ്പ്പും ജനക്കൂട്ടം തകര്‍ത്തു.
പരപ്പനങ്ങാടി ഒട്ടുമ്മല്‍ ബീച്ചില്‍ മുസാമിലിന്റെ പുരയ്ക്കല്‍ അബ്ദുറഹ്മാന്റെ മകന്‍ അഷ്‌റഫ്‌(44), സദ്ദാംബീച്ചിലെ കോടാലി റസാക്കിന്റെ മകന്‍ ഫൈജാസ്‌(22) എന്നിവരാണ്‌ മരിച്ചത്‌.
ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന മണല്‍ലോറി മിനിലോറിയെ ഇടിച്ച ശേഷം ഇലക്ട്രിക്‌ പോസ്റ്റില്‍ തട്ടി നില്‍ക്കുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്നും പൊന്നാനി ഹാര്‍ബറിലേക്ക്‌ മത്സ്യബന്ധനത്തിനായി പോകുകയായിരുന്ന മിനിലോറിയില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നു. ഇതില്‍ മുപ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ തിരൂര്‍ താലൂക്ക്‌ ആശുപത്രിയിലും സമീപത്തെ സ്വകാര്യആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്‌ പരപ്പനങ്ങാ ടിയില്‍നിന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ മിനിലോറികളിലും ടെമ്പോകളിലുമായി സ്ഥലത്തെത്തി. അനധികൃത മണല്‍കടത്ത്‌ തടയുന്നതിലെ പൊലീസിന്റെ അനാസ്ഥയാണ്‌ അപകടത്തിനിടയാക്കിയതെന്നാരോപിച്ച്‌ ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു. എസ്‌ ഐ എം.കെ. ഷാജി, എ എസ്‌ ഐ അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസുകാര്‍ക്കെതിരെയായിരുന്നു ആക്രമണം. പോലീസ്‌ ജീപ്പ്പ്‌ തകര്‍ത്ത ജനക്കൂട്ടം പോലീസിനെ കൈയേറ്റം ചെയ്തു. നാട്ടുകാര്‍ പോലീസിനെ രക്ഷപ്പെടുത്തി ഒരു വീട്ടില്‍ കയറ്റി വാതിലടച്ചു. ഈ വീടിനു നേരെയും ആക്രമണമുണ്ടായതിനെത്തുടര്‍ന്ന്‌ പിന്‍വാതിലിലൂടെ പോലീസിനെ മറ്റൊരിടത്തേക്ക്‌ മാറ്റുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റമുണ്ടായി.
പരപ്പനങ്ങാടി കടപ്പുറത്തെ പഞ്ചാരയില്‍ മൊയ്തീന്‍കോയ, കുപ്പാത്തില്‍ കാസീം, തടക്കലകത്ത്‌ കുഞ്ഞിമരയ്ക്കാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇഹിലാസ്‌ എന്ന മത്സ്യബന്ധനവള്ളത്തിലെ തൊഴിലാളികളാണ്‌ അപകടത്തില്‍ പെട്ടത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നുസംഘം പരപ്പ നങ്ങാടിയില്‍ നിന്നും പുറപ്പെട്ടത്‌.
മണല്‍ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മണല്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. അക്രമ സംഭവവുമായി ബന്ധപ്പെട്ട്‌ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഏറെക്കാലം വിദേശത്തായിരുന്നു മരിച്ച അഷ്‌റഫ്‌ ജോലി ചെയ്തിരുന്നത്‌. മാതാവ്‌ ഫാത്തിമ ബീവി.ഭാര്യ ഷെയറെഫ. മക്കള്‍: സഹീറ, സജീറ, മുബഷീറ,മര്‍ഷിദ.മരിച്ച ഫൈജാസ്‌ അവിവാഹിതനാണ്‌. മാതാവ്‌ നഫീസ. സഹോദരന്‍ ഫദല്‍. ഇരുവരുടെയും മൃതദേഹം തിരൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബാംഗങ്ങള്‍ക്ക്‌ വിട്ടുകൊടുത്തു.