കരിപുരണ്ട പ്രധാനമന്ത്രി

Thursday 17 October 2013 8:41 pm IST

കല്‍ക്കരി കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുഖത്തും കരിപുരളുകയാണ്‌. കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി വിതരണം ചെയ്തതിലെ ഗൂഢാലോചനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും പങ്കുണ്ടെന്ന്‌ കല്‍ക്കരി വകുപ്പ്‌ മുന്‍ സെക്രട്ടറി പി.സി.പരേഖ്‌ വെളിപ്പെടുത്തുന്നു. ഹിന്‍ഡാല്‍കോയ്ക്ക്‌ കല്‍ക്കരിപ്പാടം നല്‍കിയതിന്‌ സിബിഐ പരേഖിനെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ്‌ ആ അനുമതിക്ക്‌ അന്തിമ അനുവാദം നല്‍കിയത്‌ അന്ന്‌ വകുപ്പ്‌ കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ആണെന്നും തന്നെ പ്രതിചേര്‍ക്കുകയാണെങ്കില്‍ അദ്ദേഹം സഹപ്രതിയാണെന്നും പരേഖ്‌ വാദിക്കുന്നത്‌. കല്‍ക്കരി ഇന്ത്യയിലെ പ്രധാനപ്പെട്ട വൈദ്യുതി ഉറവിടമാണ്‌. അറുപത്‌ ശതമാനം വിദ്യുഛക്തി ഉല്‍പ്പാദനം കല്‍ക്കരിയില്‍നിന്നാണ്‌. 52 ശതമാനം വ്യാവസായികാവശ്യത്തിനുള്ള വൈദ്യുതിയും കല്‍ക്കരിയാണ്‌ നല്‍കുന്നത്‌. കല്‍ക്കരിപ്പാടങ്ങളുടെ വിതരണം ലേലം വിളിച്ചാകണമെന്ന്‌ കല്‍ക്കരി സെക്രട്ടറി പറഞ്ഞിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസും പ്രധാനമന്ത്രിയും അതിന്‌ അനുകൂലമായ പ്രതികരണമെടുക്കാതെ എട്ടുകൊല്ലം തീരുമാനമെടുക്കാന്‍ താമസിച്ച വേളയിലാണ്‌ ഇന്ത്യയില്‍ 2ജി കഴിഞ്ഞാല്‍ ഏറ്റവും വലിയ കല്‍ക്കരി കുംഭകോണത്തിന്‌ അരങ്ങൊരുങ്ങിയത്‌. ഇതുമൂലം ഖജനാവിന്‌ നഷ്ടമായത്‌ 1.86 ലക്ഷം കോടി രൂപയാണ്‌. എന്നിട്ടും ധനമന്ത്രി ചിദംബരം പറയുന്നത്‌ ഇത്‌ സീറോ നഷ്ടമേ ഉണ്ടാക്കിയുള്ളൂ എന്നാണ്‌.
ഇന്ത്യയില്‍ 2,85,863 ദശലക്ഷം ടണ്‍ കോള്‍ ഉള്ളപ്പോഴാണ്‌ യുപിഎ സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ഉത്തരവിട്ടത്‌. 2006-09 കാലയളവിലായി 50 ലക്ഷം കോടി രൂപ വിലമതിക്കുന്ന 17 ബില്യണ്‍ ടണ്‍ കല്‍ക്കരിയാണ്‌ 140 കമ്പനികള്‍ക്ക്‌ സൗജന്യമായി നല്‍കിയത്‌. ഇതില്‍നിന്നും ഭരണകക്ഷിയായ കോണ്‍ഗ്രസിന്‌ മാത്രമല്ല നേട്ടമുണ്ടായത്‌ ടൂറിസം മന്ത്രി സുബോധ്‌ കാന്ത്‌ സഹായിയുടെ ബന്ധുക്കളും നേട്ടം കൊയ്തു. ബിര്‍ള ഗ്രൂപ്പിന്‌ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ നടന്ന രഹസ്യനീക്കങ്ങളും പ്രധാനമന്ത്രിയുടെ ഇടപെടലും പി.സി.പരേഖ്‌ പരസ്യപ്പെടുത്തിക്കഴിഞ്ഞു. ലേലമില്ലാതെ 221 കോള്‍പ്പാടങ്ങളാണ്‌ യുപിഎ 150 കമ്പനികള്‍ക്കായി വീതിച്ച്‌ നല്‍കിയത്‌. അതായത്‌ 21.69 ടണ്‍ കല്‍ക്കരി. 142 പാടങ്ങള്‍ നിയമാനുസൃതമല്ലാതെയാണ്‌ സ്വകാര്യ കുത്തകകള്‍ക്ക്‌ കൈമാറുകയായിരുന്ന യുപിഎ ഭരണം വെട്ടിപ്പുകളുടെ കൂത്തരങ്ങാണെന്ന സത്യമാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌.
കോള്‍പ്പാടങ്ങള്‍ക്കായി റെനയ്‌വേലി ലിഗ്നൈറ്റ്‌ കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ഹിന്‍ഡാല്‍കോയും രംഗത്ത്‌ വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ശുപാര്‍ശ ചെയ്തത്‌ ബിര്‍ള ഗ്രൂപ്പിന്‌ നല്‍കാനായിരുന്നു. കോള്‍മൈന്‍സ്‌ (നാഷണലൈസേഷന്‍) ആക്ടില്‍ തീരുമാനമെടുക്കാന്‍ മന്‍മോഹന്‍സിംഗ്‌ തന്റെ സ്വന്തം ശൈലിയില്‍ താമസിച്ചു. കോള്‍പ്പാടങ്ങള്‍ നല്‍കിയ സമയത്ത്‌ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു.
2ജി കേസില്‍ ഡിഎംകെയാണ്‌ വകുപ്പ്‌ കൈകാര്യം ചെയ്തതെന്ന അടിസ്ഥാനത്തില്‍ എ.രാജയെ ജയിലില്‍ അടച്ചെങ്കില്‍ ഈ കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ശിക്ഷ അര്‍ഹിക്കുന്നില്ലേ? പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയ ശരിയായ അന്വേഷണം നടത്തണമെന്ന്‌ ബിജെപിയും ഗൂഢാലോചനയുടെ മുഖ്യകണ്ണി മന്‍മോഹന്‍സിംഗ്‌ ആണെന്ന്‌ സിപിഎം നേതാവ്‌ സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തുന്നു. 142 പാടങ്ങള്‍ നല്‍കിയതില്‍ 70-76 എണ്ണം നിയമാനുസൃതമല്ലാതെയാണ്‌ സ്വകാര്യ കമ്പനിക്ക്‌ നല്‍കിയത്‌. സ്ക്രീനിംഗ്‌ കമ്മറ്റി വഴിയാണ്‌ അലോക്കേഷന്‍ നടന്നിരുന്നത്‌. അധികാരത്തിനോടടുത്ത്‌ നില്‍ക്കുന്നവര്‍ ചരട്‌ വലിച്ചും കൈക്കൂലി നല്‍കിയും മറ്റുമാണ്‌ ഇത്‌ സ്വന്തമാക്കിയത്‌. മത്സരാധിഷ്ഠിത ലേലംവിളി പ്രധാനമന്ത്രിയുടെ ഓഫീസ്‌ സമ്മതിക്കാതിരുന്നത്‌ അത്‌ കല്‍ക്കരി ഉല്‍പ്പാദനം വൈകിക്കുമെന്ന്‌ പറഞ്ഞായിരുന്നുവെങ്കിലും വീതംവച്ച്‌ നല്‍കിയ 59 മൈനുകളില്‍ ഒരെണ്ണം മാത്രമാണ്‌ ഖാനനം തുടങ്ങിയത്‌. മെയിന്‍ സ്വന്തമായതോടെ കമ്പനികളുടെ ഷെയര്‍ വില കൂടുകയും ചെയ്തു. എട്ട്‌ കൊല്ലമാണ്‌ തീരുമാനമെടുക്കാതെ പാടങ്ങള്‍ നല്‍കിയത്‌. കാരണം 1.86 ലക്ഷം കോടി രൂപ മൈനുകള്‍ വാങ്ങയവര്‍ക്ക്‌ ലാഭം. ഇത്‌ വിളിച്ചോതുന്നത്‌ യുപിഎയുടെയും പ്രധാനമന്ത്രിയുടെയും ഭരണശേഷിക്കുറവും ദൗര്‍ബല്യങ്ങളുമാണ്‌. 2,85,863 ദശലക്ഷം ടണ്‍ കല്‍ക്കരി ജനങ്ങളുടേതാണ്‌, ഈ ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ ധാര്‍മ്മികമായ ഉത്തരവാദിത്തവുമുണ്ട്‌ എന്ന സത്യത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാകില്ല. ഡിഎംകെ മന്ത്രി രാജ 2ജി സ്പെക്ട്രം കേസില്‍ രാജിവെച്ചപോലെ സിബിഐ അന്വേഷണം അഭിമുഖീകരിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും രാജി സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.