ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൂടുതല്‍ ശക്തമായതായി സുരക്ഷാ ഏജന്‍സികള്‍

Thursday 17 October 2013 9:20 pm IST

ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐഎം)രാജ്യത്തു കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും ആഗസ്ത്‌ മാസത്തില്‍ പിടിയിലായ ഐഎം സ്ഥാപക നേതാവ്‌ യാസിന്‍ ഭട്കലിനേയും അക്തര്‍ അസദുള്ളയേയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌.
കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ ഐഎം-ന്റെ നൂറിലധികം അംഗങ്ങളെയാണ്‌ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയത്‌. യാസിന്‍ ഭട്കല്‍ അടക്കം നിരവധി കമാണ്ടര്‍മാരും പിടിയിലായിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കരുതിയതിനേക്കാള്‍ വ്യാപ്തിയില്‍ പ്രവര്‍ത്തനം വ്യാപിച്ച ഭീകരസംഘടനയായി ഐഎം മാറിയെന്ന പുതിയ വിവരമാണ്‌ യാസിന്‍ ഭട്കലില്‍ നിന്നും ലഭിച്ചിരിക്കുന്നത്‌.
ഐഎം പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്‌. രണ്ടു രാജ്യത്തും സംഘടന താലിബാനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങളും ഏജന്‍സികള്‍ക്കു ലഭിച്ചു. സംഘടനയുടെ തലവനായി കരുതിയിരുന്ന റിസ്വാന്‍ എന്ന അമീര്‍ റസ ഖാന്‍ പുതിയ തീവ്രവാദ ഗ്രൂപ്പായി വേര്‍പിരിഞ്ഞു പ്രവര്‍ത്തിക്കുകയാണ്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ മൂന്നു വിഭാഗമായി വേര്‍പിരിഞ്ഞു പ്രവര്‍ത്തിക്കുന്നെന്നാണ്‌ ഭട്കലിനെ ചോദ്യം ചെയ്തു കിട്ടിയ വിവരം.
2008ല്‍ നടന്ന ബട്ല ഹൗസ്‌ ഏറ്റുമുട്ടലിനു ശേഷം ഐഎം-ന്റെ ഘടനയില്‍ വലിയ മാറ്റങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇതിനു ശേഷമാണ്‌ റിയാസ്‌ ഭട്കലും അമീര്‍ റസ ഖാനും തമ്മില്‍ വേര്‍പിരിഞ്ഞത്‌. ബട്ല ഹൗസ്‌ ഏറ്റുമുട്ടലിനിടെ പോലീസ്‌ പിടിയിലായ സെയ്ഫിന്റെ സഹോദരന്‍ യുനാനി ഡോക്ടര്‍കൂടിയായ ഷാനവാസാണ്‌ അമീര്‍ റസ ഖാന്റെ അടുത്ത അനുയായിയായി പ്രവര്‍ത്തിക്കുന്നത്‌. ഈ ഗ്രൂപ്പിന്‌ ഐഎസ്‌ഐയുടെ പണവും ലഭിക്കുന്നുണ്ട്‌. അറസ്റ്റിലായ സമയത്ത്‌ യാസിന്‍ ഭട്കല്‍ മെഡിക്കല്‍ ഷോപ്പ്‌ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. തട്ടിക്കൊണ്ടുപോകലും കൊള്ളയും ഉള്‍പ്പെടെ നടത്തുന്ന തരത്തിലേക്ക്‌ യാസിന്‍ ഭട്കലിന്റെ ഗ്രൂപ്പ്‌ മാറിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്‌.
മൂന്നാമത്തെ ഗ്രൂപ്പ്‌ മുഹമ്മദ്‌ സാജിദിന്റെ നേതൃത്വത്തില്‍ അംസംഗട്ട്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ഈ ഗ്രൂപ്പ്‌ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടന രഹസ്യാന്വേഷണ ഏജന്‍സികളുടെ സൃഷ്ടിയാണെന്നും അങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനു സംശയമുണ്ടെന്നും വരെ കേന്ദ്രമന്ത്രിമാര്‍ പരസ്യമായി പറയുന്ന സാഹചര്യത്തിലാണ്‌ പുതിയ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.