പി.എന്‍. നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത്‌ പി.എം. മനോജ്‌

Tuesday 22 October 2013 11:15 am IST

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പി.എന്‍.നാരായണന്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തിയായി പി.എം.മനോജിനേയും തിരഞ്ഞെടുത്തു.
കോതമംഗലം തൃക്കാരിയൂര്‍ പനങ്ങാട്ടംപിള്ളി മനയില്‍ പി.എന്‍.നാരായണന്‍ നമ്പൂതിരി (42) ഇപ്പോള്‍ പെരുമ്പാവൂര്‍ അയ്യപ്പക്ഷേത്ര മേല്‍ശാന്തിയാണ്‌. ഇന്നലെ രാവിലെ ഉഷഃപൂജയ്ക്ക്‌ ശേഷം ശ്രീകോവിലിന്‌ മുന്നില്‍ പന്തളം രാജകുടുംബാഗമായ എല്‍കെജി വിദ്യാര്‍ത്ഥി വ്യാസ്‌.ജെ.വര്‍മ്മയാണ്‌ മേല്‍ശാന്തി നറുക്ക്‌ എടുത്തത്‌.
മാളികപ്പുറം മേല്‍ശാന്തിയായി നറുക്കു വീണ പി.എം.മനോജ്‌ (37) മലപ്പുറം എടപ്പാള്‍ പോല്‍പക്കര മഠത്തിലെ അംഗമാണ്‌. കഴിഞ്ഞ ആറുവര്‍ഷമായി ശബരിമലയില്‍ മേല്‍ശാന്തിമാരുടെ പരികര്‍മ്മിയായി തുടരുകയാണ്‌ അദ്ദേഹം. മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി ഗൗതമി.എസ്‌.വര്‍മ്മയാണ്‌ മാളികപ്പുറം നറുക്കെടുപ്പു നടത്തിയത്‌. ആദ്യമായാണ്‌ മാളികപ്പുറം മേല്‍ശാന്തിയായി നിയമിക്കാന്‍ അപേക്ഷ നല്‍കിയത്‌. ശബരിമല മേല്‍ശാന്തി യോഗ്യതാ ലിസ്റ്റില്‍ കഴിഞ്ഞവര്‍ഷവും, ഈവര്‍ഷവും മനോജ്‌ ഉള്‍പ്പെട്ടിരുന്നു. 2007ല്‍ ഗുരു ടി.കെ.കൃഷ്ണന്‍ നമ്പൂതിരിയോടൊപ്പമാണ്‌ ശബരിമലയില്‍ പരികര്‍മ്മിയായി എത്തിയത്‌. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്ന്‌ സന്നിധാനത്തുള്ള മനോജ്‌ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ്‌ അഡ്വ.എം.പി ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ പി.കെ.കുമാരന്‍, സുഭാഷ്‌ വാസു, ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, കമ്മീഷണര്‍ പി.വേണുഗോപാല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്‌. ശബരിമല മേല്‍ശാന്തി പ്രാഥമികപട്ടികയില്‍ 16പേരും മാളികപ്പുറത്തേക്ക്‌ 12 പേരുമാണ്‌ ഉണ്ടായിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.