സര്‍ക്കാര്‍ ജോലിക്ക്‌ മലയാളം നിര്‍ബന്ധം

Tuesday 22 October 2013 11:15 am IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക്‌ മലയാളം നിര്‍ബന്ധമാക്കി മന്ത്രിസഭാതീരുമാനം. മലയാളം പഠിക്കാതെ ജോലി നേടുന്നവര്‍ പ്രൊബേഷന്‍ കാലാവധിക്കു മുമ്പ്‌ നിര്‍ദ്ദിഷ്ട പരീക്ഷ പാസായിരിക്കണമെന്ന്‌ കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ റൂള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുമ്പൊരിക്കല്‍ എടുത്ത തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ വീണ്ടും തീരുമാനം നിയമമാക്കുകയായിരുന്നു. എന്നാല്‍ തമിഴ്‌, കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഇപ്പോള്‍ കെഎസ്‌എസ്‌ആര്‍ ചട്ടങ്ങളിലെ ഇളവ്‌ തുടരും; ജോലി ലഭിച്ച്‌ 10 വര്‍ഷത്തിനകം മലയാളം പഠിക്കുക എന്നതാണ്‌ നിലവിലുള്ള ചട്ടം.
പത്താംക്ലാസ്‌, പ്ലസ്ടു, ബിരുദതലത്തില്‍ മലയാളം പഠിക്കാത്തവര്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പ്രൊബേഷന്‍ കാലവധി പൂര്‍ത്തിയാകും മുന്‍പ്‌ മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമാ തുല്യതാ പരീക്ഷ പാസ്സാകണം. സര്‍ക്കാര്‍ ജോലിക്കു മലയാള പഠനം നിര്‍ബന്ധമാക്കിയെങ്കിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ അപേക്ഷയെ തുടര്‍ന്ന്‌ അതു മാറ്റുകയായിരുന്നു. ഇതിനെതിരെ ഭാഷാ സ്നേഹികളും സാംസ്കാരിക പ്രവര്‍ത്തകരും വലിയതോതില്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നാണ്‌ ഇപ്പോള്‍ വീണ്ടും സംസ്ഥാന ജോലിക്ക്‌ മലയാള പഠനം നിര്‍ബന്ധമാക്കിയിരിക്കുന്നത്‌.
തുല്യതാപരീക്ഷയുടെ പാഠ്യപദ്ധതി, പരീക്ഷാ സമ്പ്രദായം എന്നിവയുടെ ചുമതല പിഎസ്‌എസിക്കാണ്‌. ഇതു സംബന്ധിച്ചു പിഎസ്‌എസി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചു വഴി ജോലി ലഭിക്കാനുള്ള പൊതുവിഭാഗത്തിലെ ഉള്‍പ്പെടെ പ്രായപരിധി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. പൊതുവിഭാഗത്തില്‍ പ്രായപരിധി 41 ആക്കി ഉയര്‍ത്തി. മുമ്പിത്‌ 38 ആയിരുന്നു. ഒബിസി വിഭാഗത്തിലേക്ക്‌ 41ല്‍ നിന്നു 44 ആയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടേത്‌ 43ല്‍ നിന്നു 46 ആക്കിയും ഉയര്‍ത്തി. ഇതു സംബന്ധിച്ചു ചട്ടങ്ങളില്‍ മാറ്റം വരുത്തും. യുഡിഎഫ്‌ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം തിരുവനന്തപുരത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫൊര്‍ സെന്റര്‍ സ്റ്റേറ്റ്‌ ടെക്നോളജി പാര്‍ട്ണര്‍ഷിപ്പ്‌ ആന്റ്‌ അഡാപ്റ്റേഷന്‍ എന്ന സ്ഥാപനം തുടങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി. 14 കോടി രൂപ ചെലവ്‌ വരുന്ന സ്ഥാപനത്തിന്‌ ഈ സാമ്പത്തിക വര്‍ഷം 3.5 കോടി അനുവദിക്കും. പൊലീസ്‌ കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി സൃഷ്ടിച്ച 673 തസ്തികകളിലെ താത്ക്കാലിക നിയമനത്തിനു മന്ത്രിസഭ തുടര്‍ അനുമതി നല്‍കി. തീരദേശ വികസനത്തിനായി നബാര്‍ഡ്‌ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന സാങ്കേതിക സാമൂഹ്യ സാധ്യതാ പഠനത്തിനും മന്ത്രിസഭ അനുമതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.