കൊല്‍ക്കത്ത: സച്ചിന്റെ 199-ാം ടെസ്റ്റ് മത്സരം ആഘോഷമാക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയ. സച്ചിന്റെ അമ്മയുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളെയെല്ലാം മത്സരത്തിന് ക്ഷണിക്കുമെന്നും ഡാല്‍മിയ പറഞ്ഞു. ഒപ്പം പ്രമുഖ വ്യക്തികളെയും ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെയും ഈഡന് ഗാര്ഡന്സിലെത്തിക്കാന് ശ്രമിക്കും. മത്സരശേഷം പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും യാത്രയയപ്പ് നല്‍കുകയും ചെയ്യുമെന്നും ഡാല്‍മിയ പറഞ്ഞു.
സച്ചിന്റെ വിടവാങ്ങല്‍ മത്സരം ഈഡന് ഗാര്‍ഡന്‍സില്‍ നടത്തി, ചരിത്ര മുഹൂര്‍ത്തം അവിസ്മരണീയമാക്കാമെന്നായിരുന്നു ഡാല്‍മിയയുടേയും കൂട്ടരുടേയും കണക്കുക്കൂട്ടല്‍. എന്നാല്‍ വിടപറയല്‍ വേദി മുംബൈയിലെ വാങ്കഡേ സ്റ്റേഡിയമാണ്. വിടവാങ്ങല്‍ ടെസ്റ്റ് കൊല്‍ക്കത്തക്ക് അനുവദിക്കാത്തതില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പരിഭവമൊന്നുമില്ല. മറിച്ച് തങ്ങള്‍ ആതിഥ്യം വഹിക്കാന്‍പോകുന്ന 199-ാം ടെസ്റ്റ് എന്നെന്നും ഓര്മ്മിക്കപ്പെടുന്നതാക്കാന് ഒരുങ്ങുകയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്.
വാങ്കഡേ കഴിഞ്ഞാല്‍ സച്ചിന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് ഈഡനാണെന്നാണ് വേദി പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. സച്ചിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് കൊല്‍ക്കത്തയെന്ന് ഈഡന് ഗാര്‍ഡന്‍സിന്റെ തെരഞ്ഞെടുപ്പോടെ വ്യക്തമായി. ഏത് രീതിയിലായിരിക്കണം ആഘോഷപരിപാടികളെന്ന് തീരുമാനിക്കാന്‍ അസോസിയേഷന് ഉടന്‍ യോഗം ചേരുമെന്നും ഡാല്‍മിയ അറിയിച്ചു.
നേരത്തെ സച്ചിന്റെ 40-ാം പിറന്നാള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചിരുന്നു. സച്ചിന്റെ 40 വ്യത്യസ്ത ഭാവങ്ങള്‍ മുദ്രണം ചെയ്ത കേക്കാണ് അന്ന് മുറിച്ചത്. ഒരിക്കല്‍കൂടി സച്ചിന് ഈഡന് ഗാര്‍ഡന്‍സില്‍ എത്തുമ്പോള്‍ അത് മറക്കാനാവാത്ത നിമിഷങ്ങളായിരിക്കുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഉറപ്പുനല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: