പ്രധാനമന്ത്രി പ്രതിപ്പട്ടികയിലേക്ക്‌

Saturday 19 October 2013 12:34 pm IST

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ പ്രതിപ്പട്ടികയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
മന്‍മോഹന്‍സിംഗിനെ ചോദ്യംചെയ്യണമെന്ന ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടിന്‌ സിബിഐ ഡയറക്ടര്‍ രഞ്ജിത്‌ സിന്‍ഹ ഉടന്‍ അനുമതി നല്‍കിയേക്കുമെന്നാണ്‌ സൂചന. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഈ നീക്കം.
ഒറീസയിലെ കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ ബിര്‍ളയ്ക്കും മുന്‍ കല്‍ക്കരി സെക്രട്ടറിക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സുപ്രധാന അധികാര കേന്ദ്രത്തിന്റെ വീഴ്ചയേപ്പറ്റി നടത്തിയ പരാമര്‍ശം അന്വേഷണ സംഘം മന്‍മോഹന്‍ സിംഗിലേക്ക്‌ എത്തി എന്നതിന്റെ വ്യക്തമായ തെളിവാണ്‌. സമ്പൂര്‍ണ്ണ അധികാര കേന്ദ്രം,തിരിച്ചറിയാത്ത പൊതുസേവകര്‍ എന്നിങ്ങനെയുള്ള രണ്ടു വാക്കുകള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതു പ്രധാനമന്ത്രിയിലേക്കും അഴിമതിയില്‍ പങ്കുള്ള മറ്റു രാഷ്ട്രീയ നേതാക്കളിലേക്കും എത്തിച്ചേരുന്നതിനുള്ള വഴിയാണെന്നാണ്‌ കരുതപ്പെടുന്നത്‌. പ്രധാനമന്ത്രിയെ കല്‍ക്കരികേസില്‍ പ്രതിസ്ഥാനത്ത്‌ ചേര്‍ക്കണമോ എന്നതു സംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്‌.
ആദിത്യ ബിര്‍ള ഗ്രൂപ്പിനു കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ഉത്തരവാദിത്തമുണ്ടെന്ന്‌ സിബിഐയുടെ ആദ്യ പരിശോധനകളില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട്‌ സിബിഐയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ പേര്‌ പരാമര്‍ശിക്കേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു. മാറിയ സാഹചര്യത്തില്‍ നിലപാടു പുന:പരിശോധിക്കേണ്ടിവരും.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്‌ കല്‍ക്കരിപ്പാടം നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ സിബിഐ കരുതുന്നുണ്ടെങ്കില്‍ ഫയലില്‍ അന്തിമ തീരുമാനമെടുത്തത്‌ പ്രധാനമന്ത്രിയാണെന്ന്‌ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്‌ വെളിപ്പെടുത്തിയിരുന്നു. കേസില്‍ ഗൂഢാലോചന നടന്നെന്നാണ്‌ പരേഖിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ ആരോപിച്ചിരിക്കുന്നത്‌. എന്നാല്‍ അത്തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും മന്‍മോഹന്‍ സിംഗിനേയും പ്രതിസ്ഥാനത്ത്‌ ചേര്‍ക്കണമെന്നുമായിരുന്നു പരേഖിന്റെ ആവശ്യം.
കല്‍ക്കരിപ്പാടം അഴിമതിയിലെ സിബിഐ അന്വേഷണത്തില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്‌. കല്‍ക്കരിപ്പാടം അനുവദിക്കണമെന്ന്‌ ശുപാര്‍ശ നല്‍കിയ വകുപ്പ്‌ സെക്രട്ടറിയെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയ സിബിഐ അപേക്ഷ അനുവദിച്ച പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്‌. കല്‍ക്കരിപ്പാടം കൈമാറിയതില്‍ അന്തിമ തീരുമാനമെടുത്തത്‌ പ്രധാനമന്ത്രിയാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ളയെയും മുന്‍ കല്‍ക്കരി വകുപ്പ്‌ സെക്രട്ടറി പി.സി. പരേഖിനെയും പ്രതിചേര്‍ത്തത്‌ ക്രമക്കേട്‌ നടത്തിയാല്‍ നിക്ഷേപകരെന്നോ രാജ്യസേവകരെന്നോ വ്യത്യാസമില്ലാതെ പിടിക്കപ്പെടും എന്നതിന്റെ തെളിവാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
കല്‍ക്കരിക്കേസിലെ മുന്‍വകുപ്പ്സെക്രട്ടറി പി.സി പരേഖിന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവകരമാണെന്നും ഇക്കാര്യങ്ങള്‍ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി പരിശോധിക്കുമെന്നും പിഎസി ചെയര്‍മാന്‍ ഡോ.മുരളീമനോഹര്‍ ജോഷി പറഞ്ഞു. പരേഖ്‌ പറഞ്ഞതു സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുകയാണെന്നും ഇതിനു ശേഷം പിഎസി നിലപാടു വ്യക്തമാക്കുമെന്നും മുരളീമനോഹര്‍ ജോഷി പ്രതികരിച്ചു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.