പാക്കിസ്ഥാനിലും അണ്ണാ മോഡല്‍ സമരം

Thursday 18 August 2011 4:42 pm IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ മാതൃകയാക്കി അഴിമതിക്കെതിരേ നിരാഹാര സമരവുമായി പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ 68 കാരനും. പാക്കിസ്ഥാനില്‍ അഴിമതി രോഗമായി വ്യാപിക്കുകയാണെന്ന ആരോപണവുമായാണ്‌ ബിസിനസ്സുകാരനായ ജെഹാംഗീര്‍ അക്‌തര്‍ നിരാഹാരസമരം പ്രഖ്യാപിച്ചത്‌. സെപ്റ്റംബര്‍ 12 മുതല്‍ പാക് തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിരാഹാരം ആരംഭിക്കും. ഇന്ത്യ തയാറാക്കുന്ന ലോക്പാല്‍ ബില്‍ മാതൃകയില്‍ അഴിമതി വിരുദ്ധ നിയമം പാക് നാഷണല്‍ അസംബ്ലിയില്‍ പാസാക്കണമെന്ന് അക്തര്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടം സസൂക്ഷ്‌മം വീക്ഷിക്കുന്നുണ്ട്‌ അക്‌തര്‍. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെക്കാളും പതിന്മടങ്ങു മുന്നിലാണു പാക്കിസ്ഥാന്‍. ദാരിദ്ര്യം, നിരക്ഷരത, തീവ്രവാദം, വൈദ്യുതി ദൗര്‍ലഭ്യം, മോശം ഭരണം എന്നിവയ്ക്ക് അഴിമതി കാരണമാകുമെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. ഒരു മാസികയ്ക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്. നേരത്തെ വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നേരത്തെ ഇസ്ലാമാബാദില്‍ 22 ദിവസത്തെ സമരം നടത്തിയിരുന്നു. പാക്കിസ്ഥാനിലെ ഓരോ ജില്ലയിലും വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍പ്പെടുന്നു. ഇന്ത്യന്‍ പൗരന്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ്‌ അക്‌തറിന്റെ നിര്‍ദ്ദേശം. പാക്കിസ്ഥാനില്‍ അഴിമതിക്കെതിരായ വികാരം ശക്തമാണെന്നും അധികം വൈകാതെ വന്‍ജനപിന്തുണ ഈ കാര്യത്തിലുണ്ടാകുമെന്നും അക്‌തര്‍ പ്രതീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.