മലകയറിയും ഇറങ്ങിയും...

Saturday 19 October 2013 6:58 pm IST

ഒരു തുലാം ഒന്നിന്‌ രായിരനെല്ലൂര്‍ മലകയറിയ അനുഭവത്തിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍... ചെങ്കുത്തായ കയറ്റം, കൈ നിലത്തു കുത്തിയോ പാറകളില്‍ പിടിച്ചോ കയറരുതെന്നാണ്‌ സങ്കല്‍പ്പം. ചെരിപ്പുവേണോ നഗ്നപാദനാകണോ എന്നത്‌ കയറ്റക്കാരുടെ ഇഷ്ടം. അഞ്ഞൂറടിയാണുയരം. കിതപ്പും വിയര്‍പ്പുമൊക്കെയായി കയറുന്ന തിരക്കേറിയ സംഘത്തില്‍ അഞ്ചുവയസുകാരനുണ്ട്‌, അമ്പതുകഴിഞ്ഞവരും. കൈക്കുഞ്ഞിനേയും കൊണ്ട്‌ ദമ്പതികളും, അച്ഛനും മക്കളും, മുത്തച്ഛനും പേരക്കുട്ടിയും...അവരെല്ലാം രായിരനെല്ലൂരിലെ മലകയറുകയാണ്‌, തുലാം ഒന്നാം തീയതിയിലെ വാര്‍ഷികാഘോഷം.
പുലര്‍ച്ചെ മലകയറ്റക്കാരുടെ ആദ്യസംഘം കടന്നുപോകുമ്പോള്‍ പ്രദേശമാകെ മൂടല്‍ മഞ്ഞില്‍ പുതച്ചുകിടക്കുകയായിരുന്നു. പണ്ട്‌ കരിമ്പാറയും ചെമ്മണ്ണും കൂടിക്കലര്‍ന്നിരുന്ന വഴി. ഇതുവഴിയാണ്‌ നാറാണത്തുഭ്രാന്തന്‍ വലിയ കൂറ്റന്‍ കല്ലുകള്‍ താഴേനിന്നുരുട്ടി അഞ്ഞൂറടി ഉയരത്തിലുള്ള മലയ്ക്ക്‌ മേലേ എത്തിച്ചിരുന്നത്‌, അവിടെനിന്ന്‌ താഴേക്കുരുട്ടിവിട്ട്‌ കൈകൊട്ടിച്ചിരിച്ചത്‌. ആ ഭ്രാന്തന്റെ കഥക്ക്‌ കാലമേറെപ്പഴക്കമുണ്ട്‌. കര്‍മ്മത്തിന്റെ സാഫല്യവും വൈഫല്യവും ഐഹികത്തിന്റെ നൈമിഷികതയും ജീവിതത്തിലെ കയറ്റവും ഇറക്കവും ആത്യന്തിക ലക്ഷ്യസ്ഥാനമെന്ന ഭൂഗുരുത്വ സിദ്ധാന്തവുമെല്ലാം പറയാതെ പറഞ്ഞ, ക്രാന്തദര്‍ശിയുടെ ഭ്രാന്തന്‍ ദര്‍ശനകഥകള്‍ക്ക്‌ കാലമെത്രകഴിഞ്ഞാലും പഴക്കം പിടിക്കില്ലല്ലോ. പഴയ കഥയായും പുതിയ കവിതയായും തലമുറകള്‍ ചുണ്ടില്‍ കൊണ്ടുനടക്കുന്ന നാറാണത്തുഭ്രാന്തന്‍ കഥയില്‍ മലമുകളിലെ ഭഗവതി ഭ്രാന്തന്‌ ദര്‍ശനം നല്‍കിയ ദിവസമാണ്‌ തുലാം ഒന്ന്‌ എന്നാണ്‌ വിശ്വാസം. പാലക്കാട്‌ ജില്ലയില്‍ വളാഞ്ചേരിക്കടുത്ത്‌ നടുവട്ടത്ത്‌ കീഴ്മുറി പ്രദേശത്തെ ഏതാനും മലകളില്‍ ഒന്നാണ്‌ രായിരനെല്ലൂര്‍ മല. ഈ മലകയറാനും നാറാണത്തെ കഥയുടെ വിശ്വാസത്തിന്‌ ആക്കം കൂട്ടാനും എത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം ഏറുന്നു.
ആദ്യം പോയവര്‍ തെളിയിച്ച വഴിയിലൂടെയാണ്‌ പലരും മുന്നേറുക, സാഹസികരായ യുവാക്കള്‍ പോകുന്നിടം വഴിയെന്ന മട്ടില്‍ കല്ലും കാടും കടന്ന്‌ മുന്നോട്ട്‌. ഒപ്പം കൂടിയവരെ കൈപിടിച്ച്‌ കയറ്റിക്കൊണ്ടുപോകുമ്പോള്‍, കൈ പിടിക്കാതെ, കൈകുത്താതെ വേണം കയറാനെന്ന്‌ പഴമക്കാരുടെ നിര്‍ദ്ദേശങ്ങള്‍. പുലര്‍മഞ്ഞു നനച്ച വഴികളില്‍ വഴുതിപ്പോകുമെങ്കിലും ആരും വീണ്‌ അപകടപ്പെട്ടതായി കേട്ടിട്ടില്ലെന്നും പഴയനാവുകള്‍ പറയുന്നു. 500 അടി നടന്നുകയറാന്‍ കഷ്ടിച്ച്‌ അരമണിക്കൂര്‍.
മലമുകളിലെത്തുമ്പോള്‍, അനുഗ്രഹമുദ്രയുമായി നാറാണത്തു ഭ്രാന്തന്റെ പ്രതിമ. പ്രദേശത്തെ ശില്‍പ്പി പുത്തന്‍വീട്ടില്‍ സുരേന്ദ്രകൃഷ്ണന്‍ നിര്‍മ്മിച്ച ശില്‍പ്പത്തിന്‌ 18 അടി ഉയരമുണ്ട്‌. കടന്നുപോന്ന വഴിയിലേക്ക്‌ തിരിഞ്ഞു നോക്കാന്‍ കയറുന്നവരാരും മോഹിച്ചു പോകും. ചെങ്കുത്തുവഴി കാണുമ്പോള്‍ തലതിരിയുന്നതുപോലെ തോന്നാം. പക്ഷേ പച്ചവിരിപ്പിട്ട ഗ്രാമം, വിളയാന്‍ കൊതിച്ചു തഴയ്ക്കുന്ന നെല്‍പാടങ്ങള്‍, ഇളം കാറ്റില്‍ ആടുന്ന ചെറുമരങ്ങള്‍, കൗതുകത്തോടെ യാത്രികരെ നോക്കുന്ന സൂര്യപ്രകാശം...അങ്ങകലെ ഭ്രാന്തന്‍ ഉരുട്ടിവിട്ടതെന്നു കരുതുന്ന പാറക്കഷണങ്ങള്‍...വിയര്‍പ്പുതുള്ളികള്‍ നെറ്റിത്തടം മുതല്‍ പാദം വരെ കണ്ടെത്തിയ വഴിയിലൂടെ നീര്‍ച്ചാലായി ഒഴുകുന്നുണ്ടാവും. മലക്കു മുകളില്‍ ക്ഷേത്രമാണ്‌. അവിടെയാണ്‌ ദേവി നാറാണത്തുഭ്രാന്തന്‌ ദര്‍ശനം നല്‍കിയത്‌.
വര്‍ഷത്തിലൊരിക്കലെ ആഘോഷമായതിനാലാവാം വ്യവസ്ഥകളില്ലാത്ത വ്യവസ്ഥയാണിവിടെ. അഞ്ചുപേര്‍ കൂടിയാല്‍ ഒരു ക്യൂവായി. അവിടവിടെയായി കച്ചവടക്കാര്‍, നേദിക്കാന്‍ കരിക്കും മറ്റു പൂജാ സാധനങ്ങളും വില്‍ക്കുന്നവര്‍. വീടലങ്കരിക്കാന്‍ മയില്‍ പീലിയും മേനിയലങ്കാരത്തിനു പൊട്ടും ചാന്തും. പുതിയകാലത്തിന്റെ കച്ചവടക്കൂട്ടായ എംപി-3യും വിസിഡിയും-കച്ചവടം പൊടിപൊടിപ്പന്‍.
രണരാഘവ നെല്ലൂരാണത്രേ രായിരനെല്ലൂരായത്‌. വില്ലുകുലച്ചു നില്‍ക്കുന്ന ശ്രീരാമ പ്രതിഷ്ഠ ഈ പ്രദേശത്തെ ഒരു ക്ഷേത്രത്തിലുണ്ട്‌. വേദപഠനത്തിന്‌ തിരുവേഗപ്പുറയില്‍ വന്ന നാറാണത്തിന്‌ ഈ മലയിലായിരുന്നത്രെ ദേവീ ദര്‍ശനം. മുത്തശ്ശിയാര്‍കുന്ന്‌, ചളമ്പ്രക്കുന്ന്‌, പടവെട്ടിക്കുന്ന്‌, ഭ്രാന്താചലം എന്നീ കുന്നുകള്‍ ഈ മലയ്ക്ക്‌ അതിര്‍ കാത്തുനില്‍ക്കുന്നു.
ഭക്തിയല്ല, വിശ്വാസവും സങ്കല്‍പ്പവുമാണീ മലകയറ്റക്കാരിലെന്നു തോന്നും. കയറ്റത്തിന്റെ കഠിനഘട്ടങ്ങളിലും ശരണംവിളികളൊന്നുമില്ല ആര്‍ക്കും; യുവാക്കള്‍ക്ക്‌ ഒരു സാഹസികയാത്രയും. 30 ഏക്കര്‍ വിസ്തൃതിയിലാണു മല. ആറേക്കര്‍ വരുന്ന മുകള്‍ പരപ്പില്‍ അതിശയക്കിണര്‍. 500 അടി ഉയരമുള്ള പാറപ്പുറത്തെ പത്തടിയാഴമുള്ള കിണര്‍. ഏതു വേനല്‍കാലത്തും നാലടിയിലേറെ വെള്ളം. മലമുകളില്‍ വനദുര്‍ഗ്ഗക്ക്‌ നിത്യപൂജയുണ്ട്‌. തുലാം ഒന്നിനും കാര്‍ത്തികക്കും പ്രത്യേക പൂജകളും.
രായിരനെല്ലൂര്‍ മലയില്‍നിന്ന്‌ മൂന്നു കിലോ മീറ്റര്‍ അകലെയാണ്‌ ഭ്രാന്താചലം ക്ഷേത്രം. അവിടെയായിരുന്നു നാറാണത്തു ഭ്രാന്തന്‍ തപസനുഷ്ഠിച്ചത്‌. ആ തപസിനിടയിലാണ്‌ രായിരനെല്ലൂര്‍ മലക്കുമേല്‍ ദേവിയെ കാണാമെന്ന ദര്‍ശനമുണ്ടായത്‌. അരയാലില്‍ ഊഞ്ഞാലാടുന്ന ദേവിയെ അദ്ദേഹം കണ്ടെത്തി. ദേവി അന്തര്‍ധാനം ചെയ്ത സ്ഥലത്ത്‌ ചൈതന്യപ്രതിഷ്ഠ നടത്തിയെന്നാണ്‌ ഐതിഹ്യം. ഒരു കുഴിയിലാണ്‌ പ്രതിഷ്ഠ. മലക്കുമേലേയുള്ള ഈ കുഴിയില്‍ എപ്പോഴും നീരൊഴുക്കുണ്ടാകും. അവിടെ കാണുന്ന കാല്‍പാദത്തിന്റെ അടയാളങ്ങള്‍ ദേവിയുടേതാണെന്ന്‌ ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ഭ്രാന്താചലത്തില്‍ മൂന്നു ഗുഹകള്‍. ഇവിടെയാണ്‌ നാറാണത്ത്‌ തപസുചെയ്തിരുന്നതത്രെ. പരമശിവന്റേതുള്‍പ്പെടെ മൂന്നു ക്ഷേത്രങ്ങളുമുണ്ട്‌. അവിടത്തെ കാഞ്ഞിരമരത്തില്‍ നാറാണത്തു ഭ്രാന്തനെ ചങ്ങലക്കിട്ടിരുന്നതായി കഥ. നാറാണത്തിന്റെ കഥകള്‍കേള്‍ക്കുന്നവര്‍ക്ക്‌ കൗതുകവും തമാശയുമായിരുന്നെങ്കിലും അതിവിശിഷ്ടമായ ജീവിത ദര്‍ശനങ്ങളുടെ സൂചനകളോ മാതൃകകളോ ആയിരുന്നുവെന്നാണ്‌ പണ്ഡിതരുടെ വിശ്വാസം. പറയിപെറ്റ പന്തിരുകുലത്തിലെ പണ്ഡിതന്മാരില്‍ പ്രായോഗികമതിയായ, സ്വന്തം ജീവിത്തിലൂടെ അതു കാണിച്ചുകൊടുത്തയാളായിരുന്നു നാറാണത്തെ ഇതിഹാസം.
കേരളത്തില്‍ കുന്നും മലയും മണ്‍മറയുന്നകാലത്ത്‌, ശേഷിക്കുന്ന മലകയറാന്‍ ജെസിബി യന്ത്രങ്ങള്‍ മാത്രം ക്യൂ നില്‍ക്കുന്ന കാലത്ത്‌, ഈ മലപ്പുറത്തെത്താന്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കുന്നത്‌ മലയാളനാടിന്‌ അഭിമാനം തന്നെയാണ്‌.
മടക്കയാത്രയില്‍, താഴെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര. അങ്ങകലെ മലയിലേക്കു വളഞ്ഞു പുളഞ്ഞ്‌ മുകളിലേക്ക്‌ ഒഴുകുന്ന നദി!! അതെ മുകളിലോട്ട്‌ ഒഴുകുന്ന നിറക്കൂട്ടു കലര്‍ന്ന നദി!!! അല്ല അത്‌ അന്തിമയക്കത്തിലും ഭ്രാന്തന്റെ ദേവിയെ കാണാന്‍ പോകുന്ന മലകയറ്റക്കാരുടെ തിരക്കാണ്‌. മലയുടെ തെക്കേപ്പുറത്ത്‌ ആ ഒഴുക്ക്‌ ഇരുട്ട്‌ കട്ട പിടിക്കും വരെ തുടരുമെന്ന്‌ നാട്ടുകാര്‍.
പടിഞ്ഞാറേ വഴിത്താരയില്‍ മനുഷ്യപ്പടവുകള്‍ പോലെ തിരിച്ചിറക്കക്കാരുടെ തിരക്ക്‌, ഒരു എസ്കലേറ്റര്‍ പോലെ താഴേക്ക്‌......
സുദര്‍ശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.