ആയുര്‍വേദ കുലപതിക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

Sunday 20 October 2013 10:31 am IST

പട്ടാമ്പി: വെള്ളിയാഴ്ച അന്തരിച്ച ആയുര്‍വേദ കുലപതി വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിക്ക്‌ ജന്മഗ്രാമം കണ്ണീരോടെ വിട നല്‍കി.
സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പതിനായിരങ്ങളാണ്‌ മഹാവൈദ്യന്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ മേഴത്തൂരിലെ വസതിയില്‍ എത്തിയത്‌. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച്‌ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകീട്ട്‌ 3.55നായിരുന്നു അന്തരിച്ചത്‌. രാത്രി എട്ടരയോടെ മൃതദേഹംവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ്‌ മേഴത്തൂരിലെത്തിയപ്പോള്‍ ഇല്ലത്ത്‌ കാത്തുനിന്ന ഗ്രാമവാസികള്‍ കുട്ടന്‍ തമ്പുരാന്റെ വേര്‍പാട്‌ താങ്ങാനാവാതെ വിതുമ്പി.
ഇന്നലെ ഉച്ചവരെ വൈദ്യമഠം ഇല്ലത്തെ മുറ്റത്ത്‌ തമ്പുരാന്‌ ആദരാഞ്ജലികളര്‍പ്പിക്കാന്‍ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. അന്ത്യകര്‍മങ്ങള്‍ക്ക്‌ ശേഷം ഉച്ചയ്ക്ക്‌ ഒരുമണിയ്ക്ക്‌ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വൈദ്യമഠം ഇല്ലവളപ്പില്‍ സംസ്കരിച്ചു. ആയുര്‍വേദ രംഗത്തെ മഹാ പ്രതിഭയ്ക്ക്‌ ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രമുഖരെത്തി.
സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി ആരോഗ്യ വകുപ്പ്‌ മന്ത്രി വി എസ്‌ ശിവകുമാര്‍, ബി ജെ പി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ്‌, കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ വേണ്ടി വി ടി ബലറാം എം എല്‍ എ, എം എല്‍ എമാരായ സി പി മുഹമ്മദ്‌, ഷാഫി പറമ്പില്‍, എം ചന്ദ്രന്‍, കെ പി സി സി സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, സി ചന്ദ്രന്‍, ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിക്കുവേണ്ടി ഡി സി സി പ്രസിഡന്റ്‌ സി വി ബാലചന്ദ്രന്‍, എം പി വീരേന്ദ്രകുമാര്‍, മഹാകവി അക്കിത്തം, ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി, ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന്‍, കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, നടന്‍ ശ്രീരാമന്‍, ഡോ. എം എസ്‌ വല്ല്യത്താന്‍, ഡോ. കൃഷ്ണകുമാര്‍, തൃത്താല ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ പി വി മുഹമ്മദാലി, തൃത്താല സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ വി മരയ്ക്കാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എം അബ്ദുള്ളക്കുട്ടി എന്നിവര്‍ വൈദ്യമഠത്തിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.