അണ്ണാ ഹസാ‍രെയുടെ നിരാഹാര സമരം നാളെ ആരംഭിക്കും

Thursday 18 August 2011 4:41 pm IST

ന്യൂദല്‍ഹി: ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നാളെ മുതല്‍ രാംലീല മൈതാനിയില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു, ഹസാരെ നാളെ തിഹാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങും. ഇന്ന് ഉച്ചയ്ക്ക്‌ മൂന്നു മണിയോടു കൂടി ഹസാരെ ദല്‍ഹിയിലെ രാംലീല മൈതാനത്ത്‌ എത്തുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍ മൈതാനത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ്‌ ഹസാരെ നാളെ രാംലീല മൈതാനത്ത്‌ എത്താന്‍ തീരുമാനിച്ചത്‌. ജയിലില്‍ നിന്നിറങ്ങുന്ന ഹസാരെ നേരേ രാംലീല മൈതാനിയില്‍ എത്തും. എന്നാല്‍ കൃത്യ സമയം പറയാന്‍ കഴിയില്ലെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. മൈതാനിയിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ഇതിനിടെ രാംലീല മൈതാനം ഉള്‍പ്പെടെ മധ്യ ദല്‍ഹിയില്‍ പോലീസ്‌ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്‌. ഹസാരെയുടെ സമരത്തിനായി രാംലീല മൈതാനത്തെ ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണ്‌. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയില്‍ 15 ദിവസത്തെ സമരം നടത്താനുള്ള ദല്‍ഹി പോലീസിന്റെ അനുമതി അന്നാ ഹസാരെ സ്വീകരിക്കുകയായിരുന്നു.