ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണം: ബിജെപി

Tuesday 22 October 2013 9:51 am IST

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കും. ഇതുസംബന്ധിച്ച്‌ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പഠിക്കാനാണ്‌ സമിതിയെ നിയോഗിക്കുന്നത്‌. പശ്ചിമഘട്ട സംരംക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിന്റേതാണ്‌ തീരുമാനം.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായി തള്ളണമെന്ന്‌ യോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്‌ നടപ്പിലാക്കേണ്ടത്‌. മലയോര മേഖലയിലെ വോട്ട്‌ നേടാനുള്ള ശ്രമം മാത്രമാണിപ്പോള്‍ നടക്കുന്നതെന്നും ബിജെപി ആവശ്യപ്പെട്ടു.ഇടതുമുന്നണി സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും വിട്ടുനിന്നു. റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നത്‌ സംബന്ധിച്ച സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിന്‌ മുന്നോടിയായാണ്‌ യോഗം ചേര്‍ന്നത്‌.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചുള്ള 123 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തശേഷം വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാവും സര്‍ക്കാര്‍ നിലപാട്‌ കേന്ദ്രത്തെ അറിയിക്കുക. ജനങ്ങളെ ഒഴിവാക്കിയുള്ള വികസനം പാടില്ല എന്ന്‌ ഗാഡ്ഗില്‍ തന്നെ റിപ്പോര്‍ട്ടിന്റെ ആമുഖത്ത്‌ പറഞ്ഞിട്ടുണ്ടെന്നും, വനനിയമവും തീരദേശനിയമവും മറ്റും വന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ ദേശീയപാതയില്‍ താമസിക്കേണ്ട അവസ്ഥയാവുമെന്നും പശുവിനെ വളര്‍ത്തുന്നതും ക്ഷീരവികസനവും കൃഷിയും പരിസ്ഥിതിക്ക്‌ ഭംഗം വരുത്തുമെന്ന രീതി മാറണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ജനങ്ങളെ ആട്ടിയോടിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ആശങ്കകളും അസൗകര്യങ്ങളും ഒഴിവാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പാക്കണമെന്നും അഭിപ്രായമുണ്ടായി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ താരതമ്യപഠനം ഭൂപടങ്ങളെ അടിസ്ഥാനമാക്കി യോഗത്തില്‍ അവതരിപ്പിച്ചശേഷമായിരുന്നു ചര്‍ച്ച നടന്നത്‌. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.സി.ജോസഫ്‌, പി.ജെ.ജോസഫ്‌, അടൂര്‍ പ്രകാശ്‌, ജോസ്‌ കെ.മാണി എം.പി., റോഷി അഗസ്റ്റിന്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപിയെ പ്രതിനിധീകരിച്ച്‌ സംസ്ഥാന സെക്രട്ടറി ജെ ആര്‍ പത്മകുമാര്‍, വക്താവ്‌ വി.വി.രാജേഷ്‌ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.