സര്‍സംഘചാലക്‌ 'സദ്ഗമയ'യില്‍; നന്മകള്‍ നേര്‍ന്ന്‌ കൃഷ്ണയ്യര്‍

Tuesday 22 October 2013 10:53 am IST

കൊച്ചി: സത്യത്തില്‍ വിശ്വസിക്കുന്ന ആരെ കാണാനും തനിക്ക്‌ മടിയില്ലെന്നും കളങ്കമില്ലാത്ത മനുഷ്യനാണ്‌ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെന്നും ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെല്ലാം കളങ്കമില്ലാത്തവരാണെന്നും സത്യസന്ധത ഇന്നത്തെ കാലത്ത്‌ അമൂല്യവസ്തുവാണെന്നും സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ പ്രതികരിച്ചു.
എറണാകുളത്ത്‌ നടക്കുന്ന ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരിയില്‍ പങ്കെടുക്കാന്‍ വന്ന സര്‍സംഘചാലക്‌ എം.ജി റോഡിലെ വസതിയായ 'സദ്ഗമയ'യില്‍ വിശ്രമജീവിതം നയിക്കുന്ന കൃഷ്ണയ്യരെ കാണാന്‍ എത്തിയതായിരുന്നു. 15 മിനിറ്റ്‌ നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും പങ്കുവെച്ചത്‌ സത്യത്തിന്റെയും നന്മയുടെയും ആശയങ്ങള്‍ മാത്രം.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തന്നെ ഏറെ ആഹ്ലാദവാനാക്കിയെന്ന്‌ കൃഷ്ണയ്യര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ബഹുമാനിക്കുന്നു. ഇക്കാലത്ത്‌ വളരെ വിരളമായി മാത്രമേ ഇത്തരം സല്‍ഗുണങ്ങള്‍ മനുഷ്യരില്‍ കാണുന്നുള്ളൂ. കൃഷ്ണയ്യര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ സര്‍സംഘചാലക്‌ തുടര്‍ന്നു; "ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ അടിസ്ഥാന സ്വഭാവം ആത്മാര്‍ത്ഥതയാണ്‌. അത്‌ അവരില്‍ എപ്പോഴും ഉണ്ടാകും. അവരാണ്‌ സമൂഹ മനഃസാക്ഷിയെ സ്വാധീനിക്കേണ്ടത്‌." നരേന്ദ്ര മോദിയെ കണ്ടതിന്‌ താന്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നതായി കൃഷ്ണയ്യര്‍ പറഞ്ഞു. എന്നാല്‍, അതില്‍ വിഷമിക്കുന്നില്ല. മോദി സ്വന്തം ഇഷ്ടപ്രകാരമാണ്‌ എന്നെ കാണാന്‍ വന്നത്‌. ആശയങ്ങള്‍ എന്തായാലും സത്യത്തില്‍ വിശ്വസിക്കുന്നവര്‍ രാജ്യത്തിന്‌ വേണ്ടി ഒത്തൊരുമിക്കണമെന്ന്‌ കൃഷ്ണയ്യര്‍ ഓര്‍മ്മിപ്പിച്ചു. വരുംകാലങ്ങളിലും നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കുമെന്ന്‌ പറഞ്ഞ സര്‍സംഘചാലക്‌ എല്ലാറ്റിനും കൃഷ്ണയ്യരുടെ അനുഗ്രഹം തേടി.
കൃഷ്ണയ്യരെ കാണണമെന്ന ദീര്‍ഘകാല ആഗ്രഹമാണ്‌ ഇപ്പോള്‍ സഫലമായതെന്ന്‌ മോഹന്‍ ഭാഗവത്‌ പറഞ്ഞു. അടുത്ത മാസം 15 ന്‌ പ്രായം 99 ആകുന്നുവെന്ന്‌ കൃഷ്ണയ്യര്‍ പറഞ്ഞപ്പോള്‍ സര്‍സംഘചാലകിന്റെ മറുപടി ഇങ്ങനെ: "ഭാരതീയ പാരമ്പര്യമനുസരിച്ച്‌ 120 വയസാണ്‌ മനുഷ്യന്റെ പൂര്‍ണ ആയുസ്സ്‌. അങ്ങ്‌ ഇത്രയും കാലം ജീവിക്കണം. ഇനിയുള്ള കാലങ്ങളിലും നല്ലതു കാണാന്‍ കഴിയട്ടെ. സര്‍സംഘചാലകിന്റെ സന്ദര്‍ശനത്തില്‍ കൃഷ്ണയ്യര്‍ അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
കൃഷ്ണയ്യരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്‌ പുറത്തിറങ്ങിയ മോഹന്‍ ഭാഗവത്‌ ശാരദാ കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ഓഫീസും സന്ദര്‍ശിച്ചു. ഓഫീസില്‍ കൃഷ്ണയ്യര്‍ക്ക്‌ ലഭിച്ച പുരസ്കാരങ്ങളും അവാര്‍ഡുകളും അദ്ദേഹത്തിന്റെ പുസ്തകശേഖരങ്ങളുമെല്ലാം മോഹന്‍ ഭാഗവത്‌ വീക്ഷിച്ചു. നേരത്തെ, താന്‍ രചിച്ചുകൊണ്ടിരിക്കുന്ന 'ഭാരതീയ കള്‍ച്ചര്‍: പ്രോസ്പെക്ട്സ്‌ ആന്റ്‌ റിട്രോസ്പെക്ട്സ്‌' എന്ന ഗ്രന്ഥത്തെക്കുറിച്ചും കൃഷ്ണയ്യര്‍ വിശദീകരിച്ചു. രണ്ട്‌ മാസം മുമ്പ്‌ ഇരുവരും തമ്മില്‍ നടന്ന കത്തിടപാടുകളില്‍ ജസ്റ്റിസ്‌ കൃഷ്ണയ്യരെ തന്റെ അടുത്ത കൊച്ചി സന്ദര്‍ശനത്തില്‍ നേരിട്ട്‌ കാണാന്‍ ആഗ്രഹിക്കുന്നതായി മോഹന്‍ ഭാഗവത്‌ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.
എം.എസ്‌. ഗോള്‍വല്‍ക്കര്‍- ഹിസ്‌ വിഷന്‍ ആന്റ്‌ മിഷന്‍, മുതിര്‍ന്ന ആര്‍എസ്‌എസ്‌ നേതാവ്‌ സൂര്യനാരായണറാവു രചിച്ച 'നാഷണല്‍ റീജനറേഷന്‍-ദ്‌ വിഷന്‍ ഓഫ്‌ സ്വാമി വിവേകാനന്ദന്‍ ആന്റ്‌ മിഷന്‍ ഓഫ്‌ രാഷ്ട്രീയ സ്വയംസേവക്‌ സംഘ്‌' എന്നീ പുസ്തകങ്ങള്‍ മോഹന്‍ ഭാഗവത്‌ കൃഷ്ണയ്യര്‍ക്ക്‌ സമ്മാനിച്ചു. 'ദ്‌ ഹ്യൂമന്‍ ജഡ്ജ്‌' എന്ന തന്റെ പുസ്തകം ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ മോഹന്‍ ഭാഗവതിനും സമ്മാനിച്ചു.
സീമാ ജാഗരണ്‍ മഞ്ച്‌ ദേശീയ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്‌എസ്‌ ദക്ഷിണ ക്ഷേത്രീയ പ്രചാരക്‌ ജി. സ്ഥാണുമാലയന്‍, ദക്ഷിണ ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ്‌ എ.ആര്‍. മോഹനന്‍, പ്രാന്തകാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാര്‍ പ്രമുഖ്‌ എം. ഗണേശന്‍, കുരുക്ഷേത്ര പ്രകാശന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഇ.എന്‍. നന്ദകുമാര്‍ തുടങ്ങിയവര്‍ സര്‍സംഘചാലകിനൊപ്പം ഉണ്ടായിരുന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.