ശബരിമല തീര്‍ഥാടനം: നിലയ്ക്കലിലെ തയ്യാറെടുപ്പുകള്‍ താളം തെറ്റിയ നിലയില്‍

Wednesday 23 October 2013 9:09 pm IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ്‌ നടത്തേണ്ട തയ്യാറെടുപ്പുകള്‍ താളം തെറ്റിയ നിലയില്‍. പമ്പയിലെ തിരക്ക്‌ നിയന്ത്രിക്കുന്നതിനായി ശബരിമല തീര്‍ഥാടനത്തിന്റെ ബേസ്‌ ക്യാമ്പായി നിലയ്ക്കലിനെയാണ്‌ പരിഗണിച്ചിട്ടുള്ളത്‌. പ്രധാനമായും വാഹനപാര്‍ക്കിംഗ്‌ സൗകര്യമാണ്‌ ഇവിടെ വിഭാവനം ചെയ്യുന്നത്‌. നിലയ്ക്കല്‍ പ്രധാന ഇടത്താവളമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാര്‍ വകുപ്പുകളുടെയോ ശ്രദ്ധ ഇവിടെ ലഭിക്കാറില്ല. ഇക്കുറി മെച്ചപ്പെട്ട സംവിധാനം നിലയ്ക്കലില്‍ ഒരുക്കുമെന്നാണ്‌ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നത്‌. എന്നാല്‍ കഴിഞ്ഞ തീര്‍ഥാടനക്കാലത്തെ സ്ഥിതിതന്നെയാണ്‌ നിലയ്ക്കലില്‍ ഇപ്പോഴുള്ളത്‌.
പമ്പയിലേക്ക്‌ എത്തുന്ന വാഹനങ്ങള്‍ക്ക്‌ പാര്‍ക്കിംഗ്‌ സൗകര്യം ഒരുക്കുന്നതിനായാണ്‌ ബേസ്‌ ക്യാമ്പ്‌ ആരംഭിച്ചത്‌. ഫാമിംഗ്‌ കോര്‍പ്പറേഷനില്‍ നിന്നും ബോര്‍ഡിന്‌ ലഭ്യമായ 110 ഹെക്ടര്‍ സ്ഥലമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇവിടെ 10,000 വാഹനങ്ങള്‍ പാര്‍ക്കുചെയ്യാമെന്നാണ്‌ ബോര്‍ഡ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഇനിയും നടപ്പാക്കപ്പെട്ടില്ല.
പമ്പയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനായി ഉദ്ദേശിച്ച്‌ തയ്യാറാക്കിയ പദ്ധതിയാണ്‌ ബേസ്ക്യാമ്പിന്റെ വികസനം. എന്നാല്‍ പമ്പയിലെ തിക്കും തിരക്കും മാസപൂജാ സമയങ്ങളില്‍പോലും പരിഹാരമില്ലാതെ ഇപ്പോഴും തുടരുകയാണ്‌. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്‌ നിലയ്ക്കലിനെ തീര്‍ഥാടനത്തിന്റെ ബേസ്ക്യാമ്പാക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്നാണ്‌ പമ്പയിലെ തിരക്ക്‌ സൂചിപ്പിക്കുന്നത്‌. നിലയ്ക്കലില്‍ തങ്ങുന്നവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ബോര്‍ഡിന്‌ വീഴ്ച സംഭവിച്ചിട്ടുണ്ട്‌. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ മഹോത്സവം കഴിഞ്ഞയുടന്‍ ചെയ്യേണ്ട പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകളുടെ പുനര്‍നിര്‍മാണം ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതമൂലം അടുത്തകാലത്താണ്‌ ആരംഭിച്ചത്‌. ഇതിപ്പോള്‍ തടസപ്പെട്ട നിലയിലുമാണ്‌. ഓരോ തവണയും തീര്‍ഥാടനക്കാലത്തിനുശേഷം നിലയ്ക്കലിനെ ഉപേക്ഷിക്കുകയാണ്‌ ദേവസ്വം ബോര്‍ഡ്‌ പതിവായി ചെയ്യുന്നത്‌. ഇത്തവണയും ഇതില്‍ വ്യതിചലനമുണ്ടായിട്ടില്ല. അടിയന്തരമായി ചെയ്യേണ്ട നവീകരണങ്ങള്‍ എങ്ങുമെത്താത്ത നിലയിലാണ്‌.
വികസനവുമായി ബന്ധപ്പെട്ട്‌ പമ്പയില്‍ നിര്‍മാണത്തിലുള്ള എന്‍ആര്‍എച്ച്‌എം ആശുപത്രിയുടെ രണ്ട്‌ നിലകളും മരക്കൂട്ടത്തെ അടിപ്പാതാ നിര്‍മാണവും മാത്രമാണ്‌ ഈ തീര്‍ഥാടനക്കാലത്തു പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുന്നത്‌. കാലാവസ്ഥ തിരിച്ചറിഞ്ഞ്‌ നിര്‍മാണം ആരംഭിക്കുന്നതില്‍ വന്ന കാലവിളംബം ഇവയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.
ജി. സുനില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.