വടക്കന്‍ കൊറിയയില്‍ നിന്ന്‌ ചിത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ തെക്കന്‍ കൊറിയയില്‍ പിടികൂടി

Thursday 18 August 2011 9:49 pm IST

സോള്‍: വടക്കന്‍ കൊറിയയില്‍നിന്ന്‌ കലാമൂല്യമുള്ള ചിത്രങ്ങള്‍ കവര്‍ന്ന്‌ തെക്കന്‍ കൊറിയയില്‍ വില്‍ക്കുന്ന നാലംഗ സംഘത്തെ പിടികൂടിയതായി പോലീസ്‌ അറിയിച്ചു. വടക്കന്‍ കൊറിയയില്‍ ബന്ധങ്ങളുള്ള തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ കൊറിയയില്‍ താമസിക്കുന്ന ഒരു ചീനക്കാരിയാണ്‌ കവര്‍ച്ചാ സംഘത്തിന്റെ നേതാവ്‌. ഏതാണ്ട്‌ ആയിരത്തോളം ചിത്രങ്ങള്‍ ഈ സംഘം വടക്കന്‍കൊറിയയില്‍നിന്ന്‌ കടത്തിയിട്ടുണ്ട്‌. തെക്കന്‍ കൊറിയയിലും ചൈനയിലുമുള്ള ഉപഭോക്താക്കള്‍ക്കാണ്‌ ചിത്രങ്ങള്‍ വില്‍പ്പന നടത്തിയത്‌. 30000 ഡോളര്‍ ഇവര്‍ക്ക്‌ വില്‍പ്പനയില്‍നിന്നും ലഭിച്ചിട്ടുണ്ട്‌. വെള്ളച്ചാട്ടങ്ങളും വനങ്ങളും പ്രകൃതിദൃശ്യങ്ങളുമടങ്ങിയതാണ്‌ കളവ്‌ ചെയ്യപ്പെട്ട ചിത്രങ്ങള്‍. തിളങ്ങുന്ന ചുവപ്പും മഞ്ഞയും വേഷം ധരിച്ച്‌ വയലില്‍നിന്ന്‌ ചിരിക്കുന്ന സ്ത്രീയുടെ ചിത്രമാണ്‌ മറ്റൊന്ന്‌.
ഒരു സംഘം ആളുകളുടെ ഛായാചിത്രങ്ങളും സംഗീതജ്ഞന്റെ രൂപവും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വടക്കന്‍ കൊറിയന്‍ സര്‍ക്കാരുമായി ബന്ധമുള്ള പ്രശസ്തരായ ചിത്രകാരന്മാരുടേതാണ്‌ ഈ ക്യാന്‍വാസുകളെന്ന്‌ കരുതപ്പെടുന്നു. മിസ്സസ്‌ കിം എന്നറിയപ്പെടുന്ന സ്ത്രീയുടെ ഭര്‍ത്താവ്‌ വടക്കന്‍ കൊറിയക്ക്‌ പുറത്തുള്ളവരുമായി ബന്ധപ്പെട്ട്‌ കലാകാരന്മാരുടെ ഒരു സംഘത്തിനുവേണ്ടിയെന്ന വ്യാജേനയാണ്‌ വില്‍പ്പന നടത്തുന്നതെന്നറിയുന്നു. വിദേശനാണ്യം സമ്പാദിക്കാനായാണ്‌ വടക്കന്‍ കൊറിയ ചിത്രങ്ങള്‍ കയറ്റുമതിചെയ്യുന്നതെന്ന്‌ പ്രാദേശികമായി വിവരം ലഭിച്ചിട്ടുണ്ട്‌. നോര്‍ത്ത്‌ കൊറിയയില്‍നിന്ന്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാരിന്റെ അനുവാദം അത്യന്താപേക്ഷിതമാണ്‌. ഈ വര്‍ഷം തങ്ങളുടെ അതിര്‍ത്തിയില്‍ വടക്കന്‍ കൊറിയ ആക്രമണം നടത്തിയതിന്റെ ഫലമായി തെക്കന്‍ കൊറിയയുമായുള്ള വ്യാപാരം ഈ വര്‍ഷം കുറഞ്ഞിരുന്നു.