പോപ്പിന്റെ സന്ദര്‍ശനം; ചെലവുകളില്‍ പ്രതിഷേധിച്ച്‌ പ്രകടനം

Thursday 18 August 2011 10:08 pm IST

മാഡ്രിഡ്‌: പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചെലവുകളില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിനാളുകള്‍ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ പ്രകടനം നടത്തി. പോപ്പിന്റെ ആഗമനത്തിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി നഗരത്തിന്റെ കേന്ദ്രഭാഗമായ സോള്‍ ചത്വരത്തിലേക്ക്‌ നീങ്ങിയ പ്രകടനക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രകടനക്കാര്‍ക്കുനേരെ ആക്രമണത്തിന്‌ പദ്ധതിയിട്ടിരുന്ന ഒരു മെക്സിക്കന്‍ വിദ്യാര്‍ത്ഥിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. സ്പെയിന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ അവസരത്തില്‍ പോപ്പിന്റെ സന്ദര്‍ശനം രാജ്യത്തിന്‌ കൂടുതല്‍ ബാധ്യതയുണ്ടാക്കില്ലെന്നും ചെലവുകള്‍ തങ്ങളാണ്‌ വഹിക്കുന്നതെന്നും പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആറുദിവസം നീണ്ടുനില്‍ക്കുന്ന ലോകയുവദിന ആഘോഷങ്ങള്‍ക്കായി ലക്ഷക്കണക്കിനാളുകളാണ്‌ നഗരത്തിലെത്തിയിരിക്കുന്നത്‌. ഞായറാഴ്ച തുറന്ന വേദിയില്‍ പോപ്പ്‌ ബെനഡിക്ട്‌ 16-ാ‍മന്‍ കുര്‍ബാന നടത്തും. ഇന്നലെ നഗരത്തിലെത്തിയ പോപ്പ്‌ ലോകയുവദിന പ്രതിനിധികളുമായി സംഭാഷണം നടത്തി പോപ്പിന്റെ സന്ദര്‍ശനത്തിനെതിരെ നൂറോളം ഗ്രൂപ്പുകളാണ്‌ പ്രകടനത്തില്‍ പങ്കെടുത്ത്‌. ഞങ്ങള്‍ പോപ്പിന്റെ സന്ദര്‍ശനത്തിനെതിരല്ല. പക്ഷെ അതിനായി പൊതുഖജനാവിലെ പണം, സര്‍ക്കാര്‍ അത്യാവശ്യ ചെലവുകളില്‍പ്പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അവസരത്തില്‍ ഉപയോഗിക്കുന്നതിനെയാണ്‌ ഞങ്ങളെതിര്‍ക്കുന്നത്‌. 15 എം എന്ന സംഘടന ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
നഗരത്തിലെ ചത്വരത്തിലേക്ക്‌ ജാഥയായി നീങ്ങിയ പ്രകടനക്കാര്‍ 'എന്റെ നികുതിയില്‍നിന്ന്‌ ഒന്നും പോപ്പിന്‌ നല്‍കരുത്‌' എന്ന മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സ്പെയിന്‌ ഇത്‌ കടുത്ത സാമ്പത്തിക ബാധ്യതയാവും എന്ന്‌ 55 കാരനായ രോസ വാസ്കു വാര്‍ത്താലേഖകരോട്‌ പറഞ്ഞു. ചത്വരത്തില്‍നിന്ന്‌ പ്രകടനക്കാരെ നീക്കാനായി പോലീസിന്‌ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു. പ്രകടനക്കാര്‍ പോലീസിന്‌ നേരെ കുപ്പികള്‍ വലിച്ചെറിഞ്ഞു. ദശാബ്ദങ്ങളായുള്ള ഏറ്റവും കൊടിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ്‌ സ്പെയിന്‍ കടന്നുപോകുന്നത്‌. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ സ്പെയിനിലേതാണ്‌. 21 ശതമാനം തൊഴില്‍രഹിതര്‍ ഇവിടെയുണ്ട്‌. 100 മില്യണ്‍ യൂറോ ഈ ചടങ്ങുകള്‍ മൂലം സ്പെയിന്‌ ലഭിക്കുമെന്ന്‌ സംഘാടകര്‍ അറിയിക്കുമ്പോള്‍ അത്രയുംതുക പരിപാടിക്ക്‌ ചെലവാകുമെന്ന്‌ വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഇതിലേക്കായി ഒരു സംഖ്യ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന്‌ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ രസതന്ത്ര വിദ്യാര്‍ത്ഥി പോപ്പിനെതിരെയുള്ള പ്രതിഷേധപ്രകടനത്തെ വാതകങ്ങളും രാസവസ്തുക്കളുമായി നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.