നവോത്ഥാന കേരളത്തിന്റെ സൂര്യ തേജസ്സ്‌

Thursday 24 October 2013 8:51 pm IST

ഒക്ടോബര്‍ 25 കാവാരികുളം കണ്ഠന്‍കുമാരന്‍ 150-ാ‍ം ജന്മവാര്‍ഷിക ദിനം
അടിമത്തത്തിന്റെയും അസമത്വങ്ങളുടെയും തടവറയില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ മൃഗതുല്യരായി കഴിഞ്ഞുവന്ന ഒരു സമുദായത്തെ സാമൂഹ്യ അനാചാര കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ച്‌ അവകാശബോധമുളളവരും ആത്മാഭിമാനികളും ആക്കി മാറ്റാന്‍ പുരുഷായുസ്സ്‌ ഉഴിഞ്ഞുവച്ച അതുല്യ പ്രതിഭാശാലിയായിരുന്നു മഹാത്മാ കാവാരികുളം കണ്ഠന്‍ കുമാരന്‍. അദ്ദേഹത്തിന്റെ 150 ജന്മവാര്‍ഷികമാണ്‌ ഇന്ന്‌.
കൊല്ലവര്‍ഷം 1039 തുലാമാസം 10 ന്‌ അന്നത്തെ കൊല്ലം ജില്ലയില്‍ (ഇന്നത്തെ പത്തനംതിട്ട) മല്ലപ്പളളി താലൂക്കില്‍ പെരുമ്പട്ടി ഗ്രാമത്തില്‍ കാവാരികുളം എന്ന പറയ(സാംബവ) ഗൃഹത്തില്‍ കണ്ഠന്റെയും മാണിയുടെയും മകനായി ജനിച്ചു. തമ്പുരാന്റെ കുടികിടപ്പുകാരായിരുന്ന ആ കുടുംബം പാരമ്പര്യമായി കൃഷിപ്പണിയും ഈറ്റപ്പണിയും ചെയ്ത്‌ ഉപജീവനം കഴിച്ചു. സമപ്രായക്കാര്‍ അക്ഷരാഭ്യസത്തിനു പോകുമ്പോള്‍ കുമാരന്‌ കണ്ടു നില്‍ക്കാനേ കഴിഞ്ഞിരുന്നുളളൂ. അക്ഷരം പഠിക്കമെന്ന ആഗ്രഹം കുമാരന്‍ മാതാപിതാക്കളെ അറിയിച്ചു. ഞെട്ടലും നിസ്സഹായതയുടെ മൗനവും മാത്രമായിരുന്നു മറുപടി. മകന്റെ ആഗ്രഹം സാധിക്കാനാവാത്തതില്‍ അവര്‍ മനസ്സാ വേദനിക്കുകയും ചെയ്തു. കുമാരന്‍ തന്നെ ഒരു നാള്‍ അടുത്തു നിലത്തെഴുത്തു പളളിക്കൂടം നടത്തുന്ന കിട്ടുപിളളയാശാനെ കണ്ട്‌ ആഗ്രഹം അറിയിച്ചു. സര്‍വ്വതിനെയും തുല്യമായി കരുതിവന്നിരുന്ന ഗുരുനാഥന്‍ ആദ്യമൊന്നു ഞെട്ടി. കുടിപ്പള്ളിക്കൂടത്തില്‍ സ്ഥലത്തെ ആഢ്യന്‍മാരുടെ കുട്ടികളാണ്‌ പഠിക്കുന്നത്‌. നിലവിലുളള സമ്പ്രദായങ്ങളില്‍ ഈ കുട്ടി പഠിക്കാന്‍ പാടില്ല. പക്ഷേ അക്ഷരം അറിവിന്റെ താക്കോലാണ്‌, അത്‌ ആവശ്യപ്പെടുന്നവനു നിക്ഷേധിക്കുന്നത്‌ ഗുരുധര്‍മ്മവുമല്ല.
ആലോചനകള്‍ക്കു ശേഷം ആശാന്‍ പറഞ്ഞു. കുമാരാ, ഇവിടെ പഠിക്കുന്ന കുട്ടികള്‍ പോയിക്കഴിയുമ്പോള്‍ നീ വന്നാല്‍ മതി. ആരോടും പറയരുത്‌. അതീവ രഹസ്യമായി ആശാന്‍ കുമാരനു അക്ഷരവിദ്യ പകര്‍ന്നുനല്‍കി. മലയാളം, സംസ്കൃതം, പരല്‍പ്പേര്‌ എന്നിവയുടെ പ്രാഥമികഘട്ടം ഏകദേശം ഒരു വര്‍ഷം കൊണ്ട്‌ കുമാരന്‍ സ്വായത്തമാക്കി. അപ്പോഴേക്കും വാര്‍ത്ത നാട്ടില്‍ പരന്നു. യാഥാസ്ഥിതികര്‍ ഉറഞ്ഞു തുളളി. കുടിപ്പള്ളിക്കൂടത്തില്‍ കുട്ടികള്‍ കുറഞ്ഞു. ആശാന്‌ പലവിധ ഭീഷണികള്‍ ഉയര്‍ന്നു. ആശാന്‍ കുമാരനോട്‌ പറഞ്ഞു, കുമാരാ.......... നിനക്കും തലമുറകള്‍ക്കും വളരാനുളളതെല്ലാം ഞാന്‍ നിനക്ക്‌ തന്നിട്ടുണ്ട്‌. നമുക്ക്‌ ഇവിടെ നിര്‍ത്താം. നീ പ്രശസ്തനാകും.?ആയിടയ്ക്ക്‌ തന്നെ കുമാരന്‍ കായികവിദ്യയും വശത്താക്കിയിരുന്നു. പിന്നെയും കുറെക്കാലം ക്യഷിപ്പണിയില്‍ അച്ഛനന്മമാരെ സഹായിക്കാന്‍ കൂടി.
തന്റെ സമുദായത്തിന്റെ കഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന പാരതന്ത്ര്യത്തിന്റെ നുകം അഴിച്ചു മാറ്റണം. ഇവിടുത്തെ അതിപ്രാചീന നിവാസികളാണ്‌ തന്റെ സമുദായം. എന്നിട്ടുമെന്തേ താണവരെന്നും തീണ്ടല്‍ജാതിയെന്നും പറഞ്ഞ്‌ അകറ്റിനിര്‍ത്തുന്നു?
ശ്രീനാരായണഗുരുദേവന്‍ നടത്തിയ അരുവിപ്പുറം ശിവ പ്രതിഷ്ഠയിലൂടെ കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ചും അവശവിഭാഗങ്ങളില്‍ അനുഭവപ്പെട്ട മാറ്റത്തിന്റെ കാഹളം, എസ്‌എന്‍ഡിപി യോഗരൂപീകരണത്തിലുടെ കൈവന്ന സാമൂഹികസുരക്ഷാബോധം, അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തെക്കന്‍ തിരുവിതാംകുറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ സാധുജനപരിപാലന സംഘ രൂപീകരണം ഒക്കെ പുത്തന്‍ സംഘബോധത്തിന്റെ ചരിത്ര പരിസരം ഒരുക്കിയെടുക്കുന്നതിനു സഹായകമായപ്പോള്‍ കണ്ഠന്‍ കുമാരനും കൂട്ടരുംകൂടി ഒരു കുട്ടായ്മയെക്കുറിച്ചു തീരുമാനമെടുക്കുകയായിരുന്നു.
1087 ചിങ്ങം 13(1911 ആഗസ്റ്റ്‌ 29) ചൊവ്വാഴ്ച സന്ധ്യയോടടുപ്പിച്ച്‌ ചങ്ങനാശേരി ചന്തയ്ക്ക്‌ പടിഞ്ഞാറ്‌ മണലോടി എന്ന പറയഗൃഹത്തില്‍ കണ്ഠന്‍ കുമാരന്റെ നേതൃത്വത്തില്‍ ആരുകാട്ടു ഊപ്പ, പഴൂര്‍ കുഞ്ഞാണി എന്ന രാമന്‍ ചേന്നന്‍ (പിന്നീട്‌ ശിവസുബ്രഹ്മണ്യസാംബവന്‍) നാരകത്തറ എന്‍.ഐ. കുഞ്ഞയ്യപ്പന്‍ (വല്യയജമാനന്‍) നാരകത്തറഇട്ട്യാതി (കൊച്ചെജമാനന്‍) ബുധനൂര്‍ പഴയകോണത്ത്‌ കുഞ്ഞിരാമന്‍, മഠത്തില്‍ കറുമ്പന്‍, മണലോടി ചേന്നന്‍ നാരായണന്‍, മലേത്തറ കറുമ്പന്‍ എന്നീ നവരത്നങ്ങള്‍ ഒത്തു ചേര്‍ന്നു. കോത എന്ന പറയകിടാത്തി ഒരു മണ്‍ചട്ടിയില്‍ പഞ്ചഭൂതങ്ങളെ സങ്കല്‍പിച്ച്‌ അഞ്ചുതിരിയിട്ട ദീപം തെളിയിച്ചു. ആ ഭദ്രദീപത്തെ സാക്ഷിയാക്കി കണ്ഠന്‍ കുമാരന്‍ സംഘടനയുടെ പേര്‌ പ്രഖ്യാപിച്ചു. ബ്രഹ്മപ്രത്യക്ഷ സാധുജനസഭ. ആരുകാട്ട്‌ ഊപ്പ പ്രസിഡന്റും കണ്ഠന്‍ കുമാരന്‍ സെക്രട്ടറിയും പഴൂര്‍ കുഞ്ഞാണി ഖജാന്‍ജിയുമായി. പിന്നീട്‌ മന്നലോടി മുറ്റത്ത്‌ ഓലമേഞ്ഞ്‌ പനമ്പുകൊണ്ട്‌ മറകെട്ടിയ ഒരു പ്രാര്‍ത്ഥനാലയം സ്ഥാപിച്ചു. ഈ മന്ദിരം ജാതിവെറിയന്മാര്‍ പലതവണ അഗ്നിക്കിരയാക്കി. എന്നാല്‍ ഓരോ തവണയും കൂടുതല്‍ മനോഹരമായിത്തന്നെ അവിടെ മന്ദിരം ഉയര്‍ന്നു വന്നു. അതേക്കുറിച്ചു കണ്ഠന്‍കുമാരന്‍ പ്രതികരിച്ചത്‌ ഇങ്ങനെ "തെറ്റിയവന്‍ തിരുത്തട്ടെ"? എന്ന്‌. എല്ലാ ഞായറാഴ്ചകളിലും അവിടെ പ്രാര്‍ത്ഥന നടത്തുകയും മത ബോധനക്ലാസ്സുകളും സംഘകാര്യങ്ങളും ചര്‍ച്ചചെയ്തു. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, ഭക്തി, പ്രാര്‍ത്ഥന, വിദ്യാഭ്യാസം, അറിവ്‌, അനുസരണ, പരസ്പരസ്നേഹം, വിശ്വാസം, ബഹുമാനം എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനപരിപാടികള്‍ സംഘം അംഗീകരിച്ചു. സമൂദായത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വഴക്കുകളും കലഹങ്ങളും പറഞ്ഞു തീര്‍ക്കുന്നതിന്‌ സമുദായ കോടതികള്‍ സ്ഥാപിച്ചു. പിടിയരി, ആദ്യഫലം, ഒറ്റച്ചക്രം എന്നിവ വരുമാനസ്രോതസ്സുകളായി അംഗീകരിക്കപ്പെട്ടു. മദ്ധ്യതിരൂവിതാകൂറിന്റെ വിവിധ ഭാഗങ്ങളില്‍ബ്രഹ്മപ്രത്യക്ഷസാധുജനസഭ ഉജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1913 ല്‍ സംഘത്തിന്റെ പേര്‌ ബ്രഹ്മപ്രത്യക്ഷപറയര്‍ സഭ എന്നുമാറ്റി.
ആകാര സൗഷ്ഠവവും ആരെയും കൂസാത്ത ഗാംഭീര്യവും വിനയാന്വിതമായ പെരുമാറ്റവും ആകര്‍ഷകമായ സംഭാഷണ ചാതുരിയും കൊണ്ട്‌ അദ്ദേഹം ആരെയും ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ സംഘാടകമികവും സമുദായത്തോടുളള അചഞ്ചലമായ കുറുംമുന്‍നിര്‍ത്തി അദ്ദേഹം 1915 ല്‍ ശ്രീമൂലം പ്രജാസഭയില്‍ പറയസമുദായ പ്രതിനിധിയായി നോമിനേറ്റു ചെയ്യപ്പെട്ടു. 1915 മുതല്‍ 20 വരെയും 1923 ലും 1926 മുതല്‍ 1932 വരെയും അദ്ദേഹം സാമാജികനായിരുന്നു. അയ്യന്‍കാളി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ കാലം സാമാജികനായിരുന്നത്‌ കണ്ഠന്‍ കുമാരനാണ്‌. അദ്ദേഹത്തിന്റെ കന്നിപ്രസംഗം 1915 ഫ്രെബുവരി 16 നായിരുന്നു. 1910 ല്‍ അയിത്തജാതിക്കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചെങ്കിലും പല കാരണങ്ങളാലും അതു നടപ്പായില്ല.
പ്രവേശനം കിട്ടുന്നവര്‍ക്ക്‌ വിശപ്പിന്റെ കാഠിന്യത്താല്‍ പഠിക്കാന്‍ കഴിയുന്നില്ല. ഫീസ്‌ കൊടുത്ത്‌ പഠിക്കാന്‍ കഴിയാത്ത അവസ്ഥ. വിദ്യാഭ്യാസമേഖലയില്‍ കുട്ടികളുടെ ഈ ദുരിതങ്ങളും അവഗണനയും തുറന്നുകാട്ടാനും പരിഹാരം കണ്ടെത്താനുമാണ്‌ അദ്ദേഹം ശ്രമിച്ചത്‌. വിവിധ സമ്മേളനങ്ങളിലായി അയിത്തജാതിക്കാര്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ സഭാതലത്തില്‍ അവതരിപ്പിച്ച്‌ നിവൃത്തിയുണ്ടാക്കുന്നതില്‍ കണ്ഠന്‍കുമാരന്‍ വിജയിച്ചു. സഭാദ്ധ്യക്ഷന്മാരുള്‍പ്പെടെ ഒട്ടേറെപ്പേരില്‍നിന്നും അഭിനന്ദനങ്ങള്‍ നേടി.
തന്റെ ആളുകള്‍ ചത്താല്‍ കുഴിച്ചുമൂടാന്‍ തമ്പ്രാന്‍ കനിയണം എന്ന അവസ്ഥയില്‍ നിന്ന്‌ മോചനം നേടുന്നതിനായി കണ്ഠന്‍കുമാരന്‍ തീവ്രശ്രമം തന്നെയാണ്‌ നടത്തിയത്‌.പുറമ്പോക്കായും പുതുവലായും സര്‍ക്കാരിന്റെ പക്കലുളള ഭൂമി തങ്ങളുടെ ആളുകള്‍ക്ക്‌ കുടി പാര്‍ക്കാനും കൃഷിക്കുമായി ?ദാനപ്പതിവ്‌ ? എന്ന നിലയില്‍ പതിച്ചുതരണമെന്ന്‌ അപേക്ഷിച്ചു.
1917 ഫ്രെബുവരി 22 നു പ്രജാസഭയില്‍ ചെയ്ത പ്രസംഗത്തില്‍ കണ്ഠന്‍ കുമാരന്‍ പറഞ്ഞു : കുന്നത്തൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, പീരുമേട്‌, മാവേലിക്കര, കരുനാഗപ്പളളി, അമ്പലപ്പുഴ താലൂക്കളിലായി എന്റെ സമുദായം 52 പളളിക്കൂടങ്ങള്‍ നടത്തിവരുന്നുണ്ട്‌. ഇവയില്‍ 46 അദ്ധ്യാപകര്‍ പറയരും മൂന്നു പേര്‍ ഈഴവരും രണ്ടുപേര്‍ നായന്മാരും ഒരാള്‍ ക്രിസ്ത്യാനിയുമാണ്‌. ഈ പളളിക്കൂടങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനാവശ്യമായ ഗ്രാന്റു നല്‍കണം. അദ്ധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച്‌ അവര്‍ക്ക്‌ ശമ്പളം നല്‍കണം. അക്കാലത്തു കേരളക്കരയില്‍ മറ്റേതെങ്കിലും സമുദായം ഇത്തരം ഒരു സാഹസത്തിന്‌ തയ്യാറായിട്ടുണ്ടോയെന്നതില്‍ സംശയമുണ്ട്‌. എന്തായാലും കേരളം കണ്ടതില്‍വെച്ച്‌ ഏറ്റവും വലിയ വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന വിശേഷണത്തിനും കണ്ഠന്‍കുമാരന്‍ അര്‍ഹനാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെപരിശ്രമഫലമായി 1931 ലെ ജാതിസെന്‍സ്സ്‌ അനുസരിച്ച്‌ തിരുവിതാംകൂറിലെ അയിത്തജാതിക്കാരില്‍ സാക്ഷരതാശതമാനം കൊണ്ട്‌ ഏറ്റവും മുന്നില്‍ എത്തിയവര്‍ പറയര്‍ (സാംബവര്‍)ആണ്‌ 23 ശതമാനം. പുലയര്‍ 3.3 % കുറവര്‍ 1.2%, തണ്ടാന്‍ 7.8 %, ഈഴവര്‍ 21.3 %, വേലന്‍ 19.4%, മുസ്ലിം 11.8 % എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
പാഠപുസ്തകം സൗജന്യമായി നല്‍കുക, ഉച്ചക്കഞ്ഞി നല്‍കുക, യോഗ്യരായവര്‍ക്ക്‌ 10 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുക, ഈറ്റത്തൊഴിലിനു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്തത്രകാര്യങ്ങള്‍ അദ്ദേഹം സഭാംഗം എന്ന നിലയില്‍ നേടിയെടുത്തു. വിശ്രമമറിയാത്ത ആ ജീവിതയാത്രയില്‍ മാണിപ്പെണ്ണ്‌ ജീവിതസഖിയായി. ആ ബന്ധത്തില്‍ ഏഴുമക്കള്‍. ആറ്‌ ആണും ഒരു പെണ്ണും. അവസാനകാലത്തു പിടിപെട്ട ആസ്മരോഗം അദ്ദേഹത്തെ തളര്‍ത്തി. 1110 കന്നി 30 (1934 ഒക്ടോബര്‍ 16) ചൊവ്വാഴ്ച പുലര്‍ച്ചേ 6.15 ന്‌ അദ്ദേഹം അന്തരിച്ചു. കേരള നവോത്ഥാനപോരാട്ടങ്ങളില്‍ ഈടുറ്റ സംഭാവനകള്‍ അര്‍പ്പിച്ച കാവാരികുളം കണ്ഠന്‍ കുമാരനെയും ബ്രഹ്മപ്രത്യക്ഷ സാധുജനസഭയെയും വിസ്മരിച്ചു കൊണ്ടു നടത്തിയ ചരിത്രരചന തിരുത്തലുകള്‍ ആവശ്യപ്പെടുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ അവഗണനയുടെ ചാട്ടവാറടിയേറ്റ്‌ തളര്‍ന്നുറങ്ങി കിടന്നിരുന്ന ഒരു ജനതതിയെ തട്ടിയുണര്‍ത്തി പരിഷ്കരണത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലേക്കാനയിക്കുന്നത്‌ ഒഴുക്കിനെതിരെയുളള നീന്തലാണ്‌.
വികസനത്തിന്റെയും പുരോഗതിയുടെയും ആധാരശില ജാതി നിര്‍മ്മിത ഇന്ത്യയുടെ അടിസ്ഥാനജനതയെ ഉയര്‍ത്തുക എന്നതാണ്‌. കണ്ഠന്‍ കുമാരന്‍ നിര്‍വ്വഹിച്ചതും ആ കര്‍മ്മം തന്നെയാണ്‌.
രാമചന്ദ്രന്‍ മുല്ലശ്ശേരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.