സ്കൂള്‍ വാന്‍ ബസ്സ്‌ സ്റ്റോപ്പിലിടിച്ച്‌ പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

Thursday 18 August 2011 11:03 pm IST

പാവറട്ടി : നിയന്ത്രണം വിട്ട സ്കൂള്‍ വാന്‍ ബസ്സ്‌ സ്റ്റോപ്പിലിടിച്ച്‌ പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്കും ബസ്സ്‌ കാത്തുനിന്ന യാത്രക്കാരിക്കും പരിക്കേറ്റു. ഇന്നലെ രാവിലെ ഏനാമാവില്‍ നിന്നും ചാവക്കാട്‌ ഐബിസി സ്കൂളിലേക്ക്‌ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്ന വാനാണ്‌ അപകടത്തില്‍ പെട്ടത്‌. ബസ്സ്‌ സ്റ്റോപ്പ്‌ ഇടിച്ച്‌ തകര്‍ത്തശേഷം സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ചാണ്‌ വണ്ടി നിന്നത്‌. അപകടത്തില്‍ തൊയ്ക്കാവ്‌ പുളിച്ചാറം വീട്ടില്‍ റഫീക്കിന്റെ മകള്‍ ഷംസിത (17), കണ്ണോത്ത്‌ ഏറച്ചം വീട്ടില്‍ സൈനൂദ്ദീന്റെ മകള്‍ ഷിജിന (14), ഏനാമാവ്‌ മുസ്ലിം വീട്ടില്‍ സിറാജുദ്ദീന്റെ മകള്‍ ലിജ ഫാത്തിമ (6) എന്നിവരെ പാവറട്ടി സാന്‍ജോസ്‌ ആശുപത്രിയിലും വെങ്കിടങ്ങ്‌ മമ്മസ്രയില്ലത്ത്‌ ഷാഹുല്‍ഹമീദിന്റെ മകന്‍ സുഭാന (11), സഹോദരി ഹിസ (13), കണ്ണോത്ത്‌ പൊക്കാക്കില്ലത്ത്‌ ഹമീദിന്റെ മകള്‍ ഹസ്ന (10), പെരുവല്ലൂര്‍ എറങ്ങാത്തയില്‍ ഇക്ബാലിന്റെ മകള്‍ ആദ്യ (10), ഒരുമനയൂര്‍ വലിയേടത്ത്‌ മേപ്പുറത്ത്‌ ജാസിന്റെ മകള്‍ ഹന (8), കണ്ണോത്ത്‌ മമ്മസ്രയില്ലത്ത്‌ കബീറിന്റെ മകള്‍ സുല്‍ഫത്ത്‌ (11), യാത്രക്കാരിയായ മുല്ലശ്ശേരി പിമ്പിശ്ശേരി സുരേഷിന്റെ ഭാര്യ അജിത (38) എന്നിവരെ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പ്രവേശിപ്പിച്ചു. വാഹനവും ഡ്രൈവറേയും പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.