വിളിച്ചുചൊല്ലി പ്രായശ്ചിത്തം ഇന്ന്‌

Thursday 18 August 2011 11:21 pm IST

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തോടനുബന്ധിച്ചുള്ള പരിഹാരക്രിയകള്‍ ഇന്ന്‌ നടക്കും. ത്രികാല പൂജയോടനുബന്ധിച്ചുള്ള വിളിച്ചുചൊല്ലി പ്രായശ്ചിത്തം രാവിലെ 8.15 മുതല്‍ 9.15 വരെ കിഴക്കേനടയിലെ കൊടിമരച്ചുവട്ടിലാണു നടക്കുക. തുടര്‍ന്ന്‌ ക്ഷേത്രത്തിലെ പ്രധാന ദേവന്റെയും ഉപദേവന്‍മാരുടെയും തിരുനടയില്‍ ദിവ്യസമര്‍പ്പണവും ഉണ്ടായിരിക്കും. ഈ കര്‍മങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ പങ്കെടുക്കുന്നതിനും ദ്രവ്യസമര്‍പ്പണം നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്ന്‌ ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ്‌ ഓഫീസര്‍ അറിയിച്ചു. ദേവപ്രശ്ന വിധിപ്രകാരമുള്ള ചാര്‍ത്തുകളനുസരിച്ച്‌ ഭദ്രദീപ പുരയില്‍ തന്ത്രി പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ്‌ പൂജകള്‍ നടക്കുന്നത്‌. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ത്രികാല പൂജയില്‍ ഇന്നാണ്‌ വിളിച്ചുചൊല്ലി പ്രായശ്ചിത്തം. ദേവീപ്രീതിക്കു വേണ്ടിയാണ്‌ ത്രികാല പൂജ നടത്തുന്നത്‌. അറിയാതെ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ ദേവനോട്‌ പ്രായശ്ചിത്തം ചെയ്യുന്ന ചടങ്ങാണിത്‌. രാജകുടുംബാംഗങ്ങളും ഭക്തജനങ്ങളും ഒരുപോലെ തെറ്റുകള്‍ ഏറ്റുപറയും. ദ്രവ്യം സമര്‍പ്പിച്ചാണ്‌ പ്രായശ്ചിത്തം. ദേവപ്രശ്നത്തിന്റെ ഭാഗമായി നിര്‍ദേശിച്ച ഗണപതിഹോമം, ഭഗവതി സേവ എന്നിവ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
ഇതിനിടെ ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ എടുത്തുകൊടുക്കുന്നതും തിരികെ വയ്ക്കുന്നതും നിരീക്ഷിക്കുന്നതിനായി പ്രിന്‍സിപ്പല്‍ സബ്കോടതി നിയമിച്ച അഡ്വക്കേറ്റ്‌ കമ്മീഷണര്‍മാരെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ വി.കെ.ഹരികുമാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിച്ച സാഹചര്യത്തില്‍ അഡ്വക്കേറ്റ്‌ കമ്മീഷണര്‍മാരായ അഡ്വ.സുരേഷ്‌, അഡ്വ.ശ്യാം എന്നിവരെ മാറ്റണമെന്നാവശ്യപ്പെട്ടാണ്‌ ഹരികുമാര്‍ സത്യവാങ്മൂലം നല്‍കിയത്‌. കോടതി ഇക്കാര്യം ഇന്ന്‌ പരിഗണിക്കും.
സുപ്രീംകോടതി നിര്‍ദ്ദേശാനുസരണമുള്ള മൂല്യനിര്‍ണയത്തിന്‌ തടസ്സങ്ങളൊന്നുമില്ലെന്ന്‌ ഇതുസംബന്ധിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ആനന്ദബോസ്‌ പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം അനന്തര നടപടികള്‍ സ്വീകരിക്കും.