ബിഷപ്പ്‌ കാത്തിരിക്കുന്നു; മോദിയുടെ വരവ്‌

Friday 25 October 2013 9:56 pm IST

തിരുവനന്തപുരം : നരേന്ദ്ര മോദി കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വരുന്നത്‌ കാത്തിരിക്കുകയാണ്‌ ഈ ബിഷപ്പ്‌. "മോദിയെ വീണ്ടും നേരില്‍ കാണണം. സാധിച്ചെങ്കില്‍ സഭാ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകണം'. ഓര്‍ത്തഡോക്സ്‌ സഭയുടെ മുതിര്‍ന്ന മെത്രോപ്പൊലീത്തയും ചെങ്ങന്നൂര്‍ അതിരൂപതയുടെ അധ്യക്ഷനുമായ തോമസ്‌ മാര്‍ അത്താനിസിയോസ്‌ ഇത്‌ പറയുമ്പോള്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയോടുള്ള ആദരവും സ്നേഹവും അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തും പ്രതിഫലിച്ചു.
"നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെയല്ല മോദി എന്ന ഭരണാധികാരിയെയാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. വാര്‍ത്തകളിലൂടെ അറിഞ്ഞതല്ല ഞാന്‍ മോദിയെ. മോദിയുടെ പ്രവര്‍ത്തനവും ഗുജറാത്തിന്റെ വികസനവും നേരിട്ടറിഞ്ഞിട്ടാണിത്‌ പറയുന്നത്‌". മെത്രാപ്പൊലീത്ത ജന്മഭൂമിക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തെ നിയിക്കേണ്ടത്‌ നരേന്ദ്ര മോദിയെപ്പോലെ കാഴ്ചപ്പാടും ആത്മാര്‍ത്ഥതയുമുള്ള നേതാക്കളാണ്‌. അവര്‍ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നത്‌ കാര്യമാക്കേണ്ടതില്ല. മൂന്നു പതിറ്റാണ്ടിലേറെ ഗുജറാത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുള്ള അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു.
മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവവും ബിഷപ്പ്‌ പങ്കുവച്ചു. "ബറോഡയില്‍ ബിഷപ്പായിരിക്കുമ്പോഴായിരുന്നു അത്‌. മലയാളിയായ വിനോദ്‌ റാവുവായിരുന്നു ജില്ലാ കളക്ടര്‍. അദ്ദേഹമാണ്‌ മോദി വരുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക്‌ അവസരം ഒരുക്കാമെന്നും പറഞ്ഞത്‌. സഭയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരുടെ യോഗം വിളിച്ചിരുന്ന ദിവസമായിരുന്നു അത്‌. യോഗം മാറ്റിവയ്ക്കണമോ? മോദിയെ കാണാന്‍ പോകണമോ എന്ന രണ്ടു ചിന്ത മനസ്സിലുണ്ടായി. ഒടുവില്‍ യോഗം മാറ്റിവച്ച്‌ മോദിയെ കാണാനായി തീരുമാനിച്ചു. പുറത്തു കേട്ട മോദിയെയായിരുന്നില്ല ഞാന്‍ കണ്ടത്‌. അന്തസ്സും എളിമയും അറിവും ഉള്ള നേതാവാണ്‌ മോദിയെന്ന്‌ ആദ്യകാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ടു.
"മോദി ഗുജറാത്തില്‍ നടത്തിയ വികസനത്തെക്കുറിച്ച്‌ അധികമായി ഒന്നും പറയുന്നില്ല. എല്ലാവരും പാടിപുകഴ്ത്തിയതാണത്‌. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ച ആള്‍ എന്ന നിലയില്‍ ഒരു കാര്യം മാത്രം സൂചിപ്പിക്കാം". സഭയുടെ സ്കൂളുകളുടെ മുഴുവന്‍ ചുമതലക്കാരനായിരുന്ന ബിഷപ്പ്‌ പറഞ്ഞു.
"2009ല്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിരുന്നു. പത്താംതരം പാസ്സാകുന്നവര്‍ക്ക്‌ അതത്‌ സ്കൂളില്‍ തന്നെ പ്ലസ്ടൂവിന്‌ പ്രവേശനം നല്‍കണമെന്നതായിരുന്നു അത്‌. ജൂണ്‍ 5നായിരുന്നു ആ വര്‍ഷം എസ്‌എസ്സി ഫലം പ്രഖ്യാപിച്ചത്‌. അതിനു രണ്ടു ദിവസം മുമ്പ്‌ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച്‌ സര്‍ക്കാര്‍ നയം ഇന്നതാണെന്ന്‌ വ്യക്തമാക്കി. ഫലം വന്നതിനുശേഷമുള്ള രണ്ടുദിവസം കുട്ടികള്‍ക്ക്‌ അപേക്ഷിക്കാന്‍ സമയം നല്‍കി. മൂന്നാം ദിനം അതത്‌ സ്കൂളിലും ഡിപി ഓഫീസുകളിലും പട്ടിക പ്രസിദ്ധീകരിച്ചു. സ്കൂള്‍ മാറ്റമോ വല്ലതും വേണ്ടവര്‍ക്ക്‌ അപേക്ഷ നല്‍കാന്‍ ഒരിക്കല്‍കൂടി അവസരം നല്‍കി.

എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ജൂണ്‍ 23ന്‌ ഒരേ ദിവസം തന്നെ സംസ്ഥാന വ്യാപകമായി പ്ലസ്‌ ടു ക്ലാസ്സുകള്‍ ആരംഭിച്ചു. കേരളത്തിലെ സ്ഥിതിയോ. ഇവിടെ മെയ്‌ മാസത്തില്‍ എസ്‌എസ്‌എല്‍സി ഫലം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ കഴിയാറായിട്ടും അഡ്മിഷന്‍ പൂര്‍ണമായിട്ടില്ല. പലയിടത്തും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്‌. പ്രവേശനം കിട്ടാതെ കുട്ടികള്‍ അലയുകയും ചെയ്യുന്നു". മെത്രാപ്പൊലീത്ത ഗുജറാത്തിനെയും കേരളത്തിനെയും താരതമ്യപ്പെടുത്തി.
ഗുജറാത്തിന്റെ വികസന സെമിനാറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെക്കുറിച്ച്‌ വികസനത്തിന്‌ ഗുണകരമല്ലെന്ന അഭിപ്രായം ഉയര്‍ന്നു. മോദി ഉടന്‍ കേംബ്രിഡ്ജ്‌ സര്‍വ്വകലാശാലയുമായി ധാരണാപത്രം ഒപ്പിടുകയായിരുന്നു. സര്‍വ്വകലാശാലയുടെ നാലു തട്ടുകളിലുള്ള കോഴ്സുകള്‍ ഗുജറാത്തില്‍ വ്യാപകമായി തുടങ്ങി. 15000 രൂപയിലധികം ഫീസ്‌ ഈടാക്കുന്ന കോഴ്സ്‌ 1200 രൂപയ്ക്കാണ്‍്‌ ഗുജറാത്തില്‍ കൊണ്ടുവന്നത്‌. പഠിക്കുന്നവര്‍ 800 രൂപ മുടക്കിയാല്‍ മതി. 400 രൂപ വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം ഈ കോഴ്സ്‌ താല്‍പര്യത്തടെ പഠിച്ചു കെഎസ്‌ഇബിയിലെ 20000 ത്തോളം ജീവനക്കാര്‍ ഇംഗ്ലീഷ്‌ കോഴ്സ്‌ പൂര്‍ത്തിയാക്കി എന്നു പറയുമ്പോള്‍ ഈ പദ്ധതിയുടെ വിജയം എന്തെന്നു മനസ്സിലാകും." മെത്രാപ്പൊലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ്‌ സഭയിലെ ഏറ്റവും മുതിര്‍ന്ന ബിഷപ്പുമാരിലൊരാളായ തോമസ്‌ മാര്‍ അത്താനിയോസ്‌ പതിറ്റാണ്ടുകളായി വടക്കേ ഇന്ത്യയിലായിരുന്നു പ്രവര്‍ത്തനം.
മെത്രാപ്പൊലീത്തയ്ക്ക്‌ നരേന്ദ്ര മോദിയോടുള്ള സ്നേഹം വാക്കുകളില്‍ മാത്രമല്ല, ചെങ്ങന്നൂര്‍ അതിരൂപതാ ആസ്ഥാനത്തെ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം തന്നെ തെളിവ്‌.തോമസ്‌ മാര്‍ അത്താനിയോസ്‌ മെത്രപ്പൊലീത്ത നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന മനോഹര ചിത്രമാണിത്‌.
പി.ശ്രീകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.