തെസ്‌നിബാനു സംഭവം: എ.എസ്.ഐയെ സസ്‌പെന്റ് ചെയ്തു

Wednesday 22 June 2011 4:00 pm IST

തിരുവനന്തപുരം: കൊച്ചിയില്‍ ഐ.ടി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേസെടുക്കാത്തതിന് എ.എസ്.ഐയെ സസ്‌പെന്റ് ചെയ്തു. തൃക്കാക്കര എ.എസ്.ഐ മോഹന്‍ ദാസിനെയാണു സസ്പെന്‍ഡ് ചെയ്തത്. സ്ത്രീക്കെതിരേ ആക്രമണമുണ്ടായിട്ടും സ്വമേധയാ കേസെടുക്കാന്‍ തയാറാകാത്തതിനാണിത്. ഡി.ജി.യുടെ നിര്‍ദേശപ്രകാരമാണു നടപടി. കാക്കനാട് സെസിലെ ബി.പി.ഒ കമ്പനി ജീവനക്കാരി മലപ്പുറം മഞ്ചേരി പുളിക്കാമത്ത് വീട്ടില്‍ തെസ്നി ബാനുവാണു ഞായറാഴ്ച സമൂഹവിരുദ്ധരുടെ ആക്രമണത്തിന് ഇരയായത്. തെസ്‌നി ബാനുവിനെ ആക്രമിച്ച പോലുള്ള സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ വേണമെന്ന്‌ സര്‍ക്കാര്‍ ആലോചിക്കും. പോലീസുകാരുടെ ഭാഗത്ത്‌ നിന്ന്‌ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന്‌ അന്വേഷിക്കാന്‍ ഡി.ജി.പിയോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഡി.ജിപിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍, വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെസ്‌നി ബാനുവിന്‌ പോലീസ്‌ വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന്‌ രണ്ട്‌ മിനിട്ടിനുള്ളില്‍ തന്നെ പോലീസ് അവിടെ എത്തിയിരുന്നു. എന്നാല്‍ പരാതി പറയാന്‍ തെസ്‌നിബാനു തയ്യാറായില്ല. അടുത്ത ദിവസം ആശുപത്രിയില്‍ പോയ ശേഷമാണ്‌ പരാതി നല്‍കിയതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.