കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്റ്റന്റ്‌ പിടിയില്‍

Saturday 26 October 2013 9:45 pm IST

ചെങ്ങന്നൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്റ്റന്റിനെ ആലപ്പുഴ വിജിലന്‍സ്‌ സംഘം പിടിച്ചു. വെണ്മണി വില്ലേജ്‌ ഓഫീസിലെ വില്ലേജ്‌ അസിസ്റ്റന്റ്‌ കൊട്ടാരക്കര സ്വദേശി സക്കീര്‍ ഹുസൈനാണ്‌ പിടിയിലായത്‌. കുളനട കാഞ്ഞിരത്തിന്‍മൂട്ടില്‍ പീടികയില്‍ രാജന്റെ പരാതിയിലാണ്‌ വിജിലന്‍സ്‌ സംഘം പരിശോധിച്ചത്‌.
രാജന്‍ വസ്തു പോക്കുവരവിനായി വില്ലേജാഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പലതവണ ഇയാളെ ഇതിന്റെ ചുമതലയുള്ള സക്കീര്‍ ഹുസൈനുമായി ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന്‌ കഴിഞ്ഞദിവസം ഓഫീസിലെത്തിയ രാജനോട്‌ സക്കീര്‍ ഹുസൈന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ രാജന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സ്‌ ഓഫീസില്‍ അറിയിക്കുകയും ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ വൈകിട്ട്‌ 3.30ന്‌ ഫിനോഫ്തലിന്‍ പുരട്ടിയ ആയിരം രൂപയുടെ നോട്ട്‌ സക്കീര്‍ ഹുസൈന്‌ നല്‍കുകയുമായിരുന്നു.
മറ്റുള്ളവര്‍ക്കുള്ള രൂപ കാറില്‍ നിന്നും എടുത്തിട്ട്‌ വരാം എന്ന്‌ അറിയിച്ച്‌ രാജന്‍ പുറത്തേക്ക്‌ പോയതോടെ വിജിലന്‍സ്‌ സംഘം എത്തി നടത്തിയ പരിശോധനയില്‍ സക്കീര്‍ ഹുസൈനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 6234 രൂപയും സംഘം കണ്ടെത്തിയിട്ടുണ്ട്‌.
വിജിലന്‍സ്‌ ഡിവൈഎസ്പി: കെ.അശോക്‌ കുമാര്‍, സിഐ: ഋഷികേശന്‍ നായര്‍, ഡിഎംഒ ഓഫീസ്‌ സീനിയര്‍ സൂപ്രണ്ടന്റ്‌ എ.എസ്‌.ജോര്‍ജ്‌, പിഡബ്യൂഡി സ്പെഷ്യല്‍ ബില്‍ഡിങ്‌ അസി. എക്സി. എന്‍ജിനീയര്‍ കെ.മുകേഷ്‌, എസ്‌ഐമാരായ മോഹനന്‍, ജോസ്കുട്ടി, മുരളീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.