ആക്ഷേപഹാസ്യ സദ്യയൊരുക്കി റസ്റ്റോറന്റ്‌ അരങ്ങിലെത്തി

Thursday 18 August 2011 11:37 pm IST

തൃപ്പൂണിത്തുറ: ആഗോളവല്‍ക്കരണം ഭക്ഷണകാര്യങ്ങളില്‍വരെ കടന്നുകയറി ജീവിതത്തെ തകിടം മറിച്ചു തുടങ്ങിയെന്ന യാഥാര്‍ത്ഥ്യം ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിച്ച റസ്റ്റോറന്റ്‌ എന്ന നാടകം ശ്രദ്ധേയമായി.തൃപ്പൂണിത്തുറ ഗവണ്‍മെന്റ്കോളേജ്‌ നാഷണല്‍ സര്‍വീസ്‌ സ്ക്കീം പ്രവര്‍ത്തകരാണ്‌ നാടകം രംഗത്തെത്തിച്ചത്‌. പ്രശസ്ത നാടകകൃത്ത്‌ ജയപ്രകാശ്‌ കളുരിന്റെ രചനയെ അടിസ്ഥാനമാക്കി സി.എസ്‌.വിഷ്ണുരാജാണ്‌ നാടകം സംവിധാനം ചെയ്തത്‌.മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തങ്ങളുടെ അധീശത്വം സ്ഥാപിക്കുന്നതിനായി ഒരുക്കുന്ന ചതിക്കുഴികള്‍ ചിങ്കാരി റസ്റ്റോറന്റിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്‌. ഭക്ഷണത്തിനു പണം വേണ്ടാത്ത ലോകത്തിലെ ആദ്യ ബഹുസ്വഭാവ റെസ്റ്റോറന്റായി ചിങ്കാരിയില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ കോടീശ്വരന്‌ ഒടുവില്‍ ഭാര്യയുടെ കെട്ടുതാലിവരെ ആഗോളഭീകരന്മാര്‍ക്ക്‌ പണയം വെയ്ക്കേണ്ടിവന്നു. അവസാനം കോടീശ്വരന്‌ റസ്റ്റോറന്റിലെ തൂപ്പുകാരനാകേണ്ടിയുംവന്നു.
കോളേജ്‌ പ്രിന്‍സിപ്പല്‍ കെ.കെ.രാജീവ്‌, കോമേഴ്സ്‌ അദ്ധ്യാപകന്‍ ബിജുഗോപാല്‍ എന്നിവര്‍ യഥാക്രമം പ്രേഡക്ഷന്‍ എഞ്ചിനീയറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥികള്‍ തന്നെ മറ്റു സാങ്കേതിക ചുമതലകളും നിര്‍വഹിച്ചു. നിരവധി ചോദ്യങ്ങളും ഉല്‍ക്കണ്ഠകളും കാഴ്ചക്കാരില്‍ നിറച്ച്‌ നാടകം പൂര്‍ത്തിയായപ്പോള്‍ ചിരിക്കപ്പുറം ചിന്തയിലേയ്ക്ക്‌ നാടകം എത്തിയിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.