മുഖ്യമന്ത്രിക്കെതിരായ ആക്രമണം അപലപനീയം : സി.പി.എം

Tuesday 29 October 2013 6:28 pm IST

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം അപലപനീയമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. ആക്രണത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടാകാന്‍ ഇടയില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്‍ഡിഎഫിന് പങ്കില്ലെന്ന് എം വി ജയരാജനും വ്യക്തമാക്കി. കേസില്‍ നേതാക്കളെ കുടുക്കാന്‍ ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തുകയാണ്. കേരളത്തില്‍ പോലീസ് രാജാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി. ടി പി വധക്കേസ്, ഫസല്‍ വധക്കേസ് തുടങ്ങിയ കേസുകളില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഈ സംഭവത്തിലും നടക്കുന്നതെന്നും എം വി ജയരാജന്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളെയാണ് ഇപ്പോള്‍ പ്രതികളാക്കിയിരിക്കുന്നത്. എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഇങ്ങനെ പോലീസ് രാജ് നടപ്പാക്കി മുന്നോട്ടുപോകാമെന്ന് യുഡിഎഫ് കരുതേണ്ട. കള്ളക്കേസെടുക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി നേരിടുമെന്നും എം വി ജയരാജന്‍ പറഞ്ഞു. അക്രമസമരത്തെ ന്യായീകരിക്കുന്നില്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി സുധാകന്‍ റെഡ്ഡിയും പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും റെഡ്ഡി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് വിഎസ് സന്ദര്‍ശിച്ചത്‌. മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ് ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിനാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്. ആ നിലവാരത്തില്‍ നിന്ന് താഴെ പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അക്രമത്തെ അപലപിക്കുന്നതായും വിഎസ് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.