എരുമേലി ടൌണില്‍ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന്‌ പൊതുമരാമത്ത്‌ വിഭാഗം

Thursday 18 August 2011 11:47 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയില്‍ പതിനായിരക്കണക്കിനു വാഹനങ്ങളെത്തുന്ന എരുമേലി ടൌണിലെ ഗതാഗത നിയന്ത്രണം പോലീസ്‌ നേരിട്ട്‌ ചെയ്യുന്നതുകൊണ്ട്‌ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കാന്‍ സാങ്കേതികമായ നിരവധി തടസങ്ങളുണ്ടെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍. ടൌണില്‍ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുമെന്ന്‌ പോലീസിണ്റ്റെ നിര്‍ദ്ദേശത്തോടൊപ്പമാണ്‌ മരാമത്ത്‌ അധികൃതരും രംഗത്തെത്തിയിരിക്കുന്നത്‌. സാധാരണയായി ട്രാഫിക്‌ ഐലണ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമപരമായ യാതൊരു സൌകര്യവും എരുമേലി ടൌണിലില്ലായെന്നുള്ളതാണ്‌ പ്രധാന പ്രശ്നം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി സംസ്ഥാന പാതകളുടെ മദ്ധ്യത്തിലുള്ള എരുമേലി ടൌണിലെ റോഡുകളുടെ ഇരുവശത്തും ടാക്സി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ പ്രതിസന്ധി. ഗതാഗത നിയന്ത്രണ സൂചനകള്‍ക്കനുസരിച്ച്‌ ഒരേസമയം ഇരുവശങ്ങളിലെയും വാഹനങ്ങള്‍ കടത്തിവിടാനുള്ള സൌകര്യം ടൌണിനില്ല. ഇതിനിടെ ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവങ്ങളായിത്തീരുമെന്നും അധികൃതര്‍ പറയുന്നു. മൂന്നു സംസ്ഥാപ പാതയോരങ്ങളിലായി റോഡരികില്‍ കിടക്കുന്ന ടാക്സികള്‍ മാറ്റിയാല്‍ പോലും ഐലണ്റ്റ്‌ സ്ഥാപിക്കുന്നത്‌ ഏറെ ദുരിതത്തിലാക്കുകയും ചെയ്യും. എരുമേലി ടൌണിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാകുന്നത്‌ ശബരിമല തീര്‍ത്ഥാനടസമയത്താണ്‌. സീസണില്‍ വാഹനങ്ങളേയും തീര്‍ത്ഥാടകരെയും നിയന്ത്രിക്കാന്‍ പോലീസുകാര്‍ രംഗത്തുമുണ്ട്‌. ട്രാഫിക്‌ ഐലണ്റ്റ്‌ വേണ്ടെന്ന പോലീസിണ്റ്റെ നിര്‍ദ്ദേശത്തെ ശരിവയ്ക്കുന്ന തരത്തിലാണ്‌ പൊതുമരാമത്ത്‌ അധികൃതരും ഇതു സംബന്ധിച്ച്‌ വിശദീകരിക്കുന്നത്‌. എന്നാല്‍ ട്രാഫിക്‌ ഐലണ്റ്റിനേക്കാള്‍ വലിയ ട്രാഫിക്‌ റൌണ്ടാന എരുമേലി ടൌണിലുണ്ടായിരുന്നപ്പോള്‍ പോലും ശബരിമല സീസണിലേതടക്കമുള്ള ലക്ഷക്കണക്കിനു വാഹനങ്ങള്‍ യഥേഷ്ടം ഇതുവഴി കടന്നുപോയിരുന്നു. സഹായത്തിന്‌ പോലീസും സിഗ്നല്‍ ബോര്‍ഡുകളും റൂട്ട്മാപ്പുകളും ഇതേ റൌണ്ടാനയില്‍ തന്നെ സ്ഥാപിക്കുകയും ചെയ്തിരുന്നു. വലിയ റൌണ്ടാന പൊളിച്ചുമാറ്റിയ സ്ഥലത്ത്‌ ഒരു പോലീസുകാരന്‌ മാത്രം നില്‍ക്കാവുന്ന തരത്തിലുള്ള ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്ക്‌ ഉണ്ടാകുമെന്ന വാദം ശരിയല്ലെന്നും നാട്ടുകാര്‍ പറയുന്നു. നിലവിലുണ്ടായിരുന്ന റൌണ്ടാന പൊളിച്ചതോടെ വാഹനങ്ങള്‍ ലക്കും ലഗാനുമില്ലാതെ ടൌണില്‍ നട്ടം തിരിയുന്ന കാഴ്ചയാണ്‌ ഇപ്പോഴുള്ളത്‌. വാഹനങ്ങളെ നിയന്ത്രിക്കാനോ മറ്റ്‌ യാത്രക്കാരെ നിയന്ത്രിക്കാനോ പോലീസുകാരുമില്ല. എന്നാല്‍ ശബരിമല സീസണിലാണെങ്കില്‍ എല്ലാറ്റിനും പോലീസുകാര്‍ തന്നെ വേണം. ട്രാഫിക്‌ ഐലണ്റ്റ്‌ ഉണ്ടായാലും ഇല്ലെങ്കിലും എരുമേലി ടൌണില്‍ പോലീസുകാരുടെ സേവനങ്ങള്‍ അത്യന്താപേക്ഷിതവുമാണ്‌. സാധാരണ സമയങ്ങളിലെ ഗതാഗതനിയന്ത്രണത്തിന്‌ ട്രാഫിക്‌ ഐലണ്റ്റ്‌ ഏറെ ഗുണം ചെയ്യുമെന്നിരിക്കെ, ഐലണ്റ്റ്‌ സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ കണ്ടെത്തിയ മരാമത്ത്‌ അധികൃതരുടെ നടപടിയില്‍ ദുരൂഹതയുള്ളതായാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.