ഭാരത് ബന്ദിനോട് സഹകരിക്കേണ്ടെന്ന് ഇടത് പാര്‍ട്ടികള്‍

Friday 19 August 2011 4:24 pm IST

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ഭാരത് ബന്ദ് നടത്താനുള്ള നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടെന്ന് ഇടതുപാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. മറ്റ് പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ മൂന്നാം ചേരിയിലെ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവാണ് അഴിമതിക്കെതിരെ ഭാരത് ബന്ദ് എന്ന ആശയം മുന്നോട്ട് വച്ചത്. ഇടതുപക്ഷം, എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍, മൂന്നാം ചേരിയിലെ അണ്ണാ ഡി.എം.കെ ഉള്‍പ്പടെയുള്ള കക്ഷികള്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്ത് ബന്ദ് നടത്തണമെന്നാണ് ശരത് യാദവ് ആവശ്യപ്പെട്ടിരുന്നത്. ഇത് ആലോചിക്കാനായാണ് ഇടതുപാര്‍ട്ടികളുടെ യോഗം രാവിലെ ചേര്‍ന്നത്. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് ഇത് സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടത്. അഴിമതിക്കെതിരായ ശക്തമായ സമരപരിപാടികള്‍ മൂന്നാംചേരിയിലെ പാര്‍ട്ടികള്‍ മാത്രം നടത്തിയാല്‍ മതി. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ സഹായം തേടേണ്ടതില്ലെന്നും ഇടതുപാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. ഇടത്പാര്‍ട്ടികളുടെ തീരുമാനം മുന്നാം ചേരിയിലെ പാര്‍ട്ടികളുടെ യോഗത്തെ അറിയിക്കും. ശരത് യാദവിന്റെ നിര്‍ദ്ദേശം ബി.ജെ.പിയും ശിവസേനയും അംഗീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.