വേദനയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍

Tuesday 29 October 2013 9:34 pm IST

ജനാധിപത്യക്കൂടാരത്തെ താങ്ങിനിര്‍ത്തുന്നത്‌ നാല്‌ സ്തംഭങ്ങളാണെന്ന്‌ പറയാറുണ്ട്‌. അതിലൊന്ന്‌ ജുഡീഷ്യറിയാണ്‌. ജനാധിപത്യ സംവിധാനത്തില്‍ അതിനുള്ള സ്ഥാനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്‌ ബഹുഭൂരിപക്ഷത്തിനും അറിയാം. സമൂഹത്തില്‍ അനാശാസ്യപ്രവണതകളും അതിന്‌ കൂട്ടുനില്‍ക്കുന്ന ശക്തികളും വര്‍ധിത വീര്യത്തോടെ താണ്ഡവമാടുമ്പോള്‍ നീതിയുടെ ഭാഗത്തുനിന്ന്‌ അത്‌ തടയാനാണ്‌ ജുഡീഷ്യറി ശ്രമിക്കുന്നത്‌. ജുഡീഷ്യറി ഇത്രമാത്രം ജാഗ്രത പുലര്‍ത്താന്‍ ശ്രമിച്ചിരുന്നില്ലെങ്കില്‍ സമൂഹം എന്നേ അധപ്പതിച്ചുപോവുമായിരുന്നു. അക്കാര്യത്തില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്‌. എന്നാല്‍ ചിലപ്പോള്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള നിരീക്ഷണങ്ങള്‍ അനവസരത്തിലുള്ളതല്ലേ എന്ന സംശയവും ഒപ്പം ഉയരാറുണ്ട്‌. അത്തരമൊരു സംഗതിയാണ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായത്‌. ജനങ്ങളുടെ കൈയടി നേടാന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ കോടതിയേയും ജഡ്ജിമാരേയും വിമര്‍ശിക്കുകയല്ല വേണ്ടതെന്നും അതിന്‌ മറ്റ്‌ വഴികള്‍ നോക്കണമെന്നുമാണ്‌ കോടതി അഭിപ്രായപ്പെട്ടത്‌. അച്യുതാനന്ദന്‍ നിയമം പഠിച്ചിട്ടുണ്ടോ എന്നും കോടതി തിരക്കി. ഇല്ലെങ്കില്‍ കോടതി പ്രവര്‍ത്തനം എന്താണെന്ന്‌ മനസ്സിലാക്കാന്‍ കോടതിയില്‍ എത്തിയാല്‍ മതിയെന്നും പറഞ്ഞു. വാസ്തവത്തില്‍ കോടതിക്ക്‌ അത്തരമൊരു നിരീക്ഷണം നടത്തേണ്ടിവന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്‌. കേരളത്തില്‍ ഇന്ന്‌ സവിശേഷമായ അന്തരീക്ഷമാണ്‌ നിലനില്‍ക്കുന്നത്‌. ഭരണകൂടം സാമൂഹിക ദ്രോഹികളെ സഹായിക്കുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥര്‍ വരെ വന്‍ അഴിമതിയിലും തട്ടിപ്പിലും പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച്‌ സമൂഹത്തിന്‌ ഉണ്ടായിട്ടുള്ള സംശയം ബലപ്പെടുത്തുന്ന സംഭവവികാസങ്ങള്‍ തുടരെത്തുടരെയുണ്ടാവുന്നു. പ്രതിപക്ഷ നേതാവിന്റെ സകല പ്രവര്‍ത്തനങ്ങളും ഉജ്വലമെന്നോ ഗുണപ്രദമെന്നോ പറയാനാവില്ല. എന്നാല്‍ അദ്ദേഹം ഏറ്റെടുത്ത്‌ മുന്നോട്ടുകൊണ്ടുപോവുന്ന പ്രവര്‍ത്തനങ്ങളോട്‌ താദാത്മ്യം പ്രാപിച്ചുകൊണ്ടു തന്നെയാണ്‌ സമൂഹത്തിലെ ബഹുഭൂരിപക്ഷവും നിലകൊള്ളുന്നത്‌. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയില്‍ പാര്‍ട്ടിക്കാര്‍ക്കുള്ള സംശയം പൊതുസമൂഹത്തിനില്ല. അദ്ദേഹത്തിന്റെ ഊര്‍ജവും ഒരു പരിധിവരെ സമൂഹത്തിന്റെ താല്‍പ്പര്യമാണ്‌. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്റെ കൊള്ളരുതാത്ത പ്രവൃത്തികള്‍ക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തുവന്നു. ഭരണകൂടത്തിന്റെ എല്ലാ ഒത്താശയും ലഭിക്കുന്ന സലിംരാജ്‌ എന്ന മുന്‍ ഗണ്‍മാന്‍ നടത്തിയ ഭൂമി തട്ടിപ്പിന്‌ ഇരയായവരുടെ കണ്ണീരിനാണ്‌ പ്രതിപക്ഷ നേതാവ്‌ കൂടുതല്‍ വില കല്‍പ്പിച്ചത്‌ എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ആ യാഥാര്‍ത്ഥ്യം മാത്രം കണക്കിലെടുത്ത്‌ മുന്നോട്ടുപോവുമ്പോള്‍ കോടതിക്കെതിരെയും അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തി. അത്‌ പക്ഷേ, ജനങ്ങളുടെ കൈയടി വാങ്ങാന്‍ മാത്രമായിരുന്നു എന്ന്‌ വ്യാഖ്യാനിക്കുന്നത്‌ അത്ര ശരിയാണെന്ന്‌ കരുതാനാവില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഈദൃശ സംഭവങ്ങളില്‍ പാര്‍ട്ടിയുടെ വിലക്കിനെ പോലും മറികടന്ന്‌ അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നത്‌ വസ്തുതയാണ്‌. ആ വസ്തുതയില്‍ രാഷ്ട്രീയത്തെക്കാള്‍ അദ്ദേഹം വില കല്‍പ്പിച്ചത്‌ മനുഷ്യ ദുഃഖങ്ങള്‍ക്കാണെന്ന്‌ ഒരുവിധപ്പെട്ടവരൊക്കെ വിശ്വസിക്കുന്നു. ചില പ്രശ്നങ്ങളില്‍ പാര്‍ട്ടിയെപ്പോലും എതിര്‍ദിശയില്‍ നിര്‍ത്താന്‍ വി.എസ്‌. താല്‍പ്പര്യമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍ കമ്മ്യൂണിസത്തിന്റെ ക്രൗര്യത്തെക്കാള്‍ മാനവികതയുടെ മഹത്വത്തിനായിരുന്നു സ്ഥാനം. ഒരു പരിധിക്കപ്പുറം അദ്ദേഹം കടന്നപ്പോള്‍ സാമൂഹിക ദ്രോഹികള്‍ക്ക്‌ കരുത്ത്‌ കിട്ടുന്ന സമീപനം കോടതിയുടെ ഭാഗത്തുനിന്നുണ്ടായോ എന്ന സംശയം ബലപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലാണ്‌ ചില പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയത്‌. എന്നാല്‍ കോടതിയെ അങ്ങനെയൊരു സംശയത്തിന്റെ മുള്‍മുനയില്‍ വി.എസ്‌. നിര്‍ത്താന്‍ പാടില്ലായിരുന്നു. സോളാര്‍ കേസിലെ സ്വാധീനമുള്ള പ്രതി സരിത നായരെ പരാമര്‍ശിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയുടെ പേര്‌ പറയാന്‍ പോലും കോടതിക്ക്‌ ഭയമാണോ എന്നാണ്‌ വി.എസ്‌. ചോദിച്ചത്‌. തന്റെ രാഷ്ട്രീയമല്ല കോടതിയുടെ വഴിയെന്ന്‌ 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവനാണ്‌ താനെന്ന്‌ അഭിമാനിക്കുന്ന പ്രതിപക്ഷ നേതാവ്‌ ഓര്‍ക്കേണ്ടതായിരുന്നു. വൈകാരിക രാഷ്ട്രീയം കോടതിക്ക്‌ വെച്ചുപുലര്‍ത്താന്‍ കഴിയില്ല. അതേ സമയം ജനങ്ങള്‍ക്കിടയില്‍ കൈമെയ്‌ മറന്ന്‌ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കണക്കിലെടുക്കുകയും വേണം. ജീവിതത്തിന്റെ അവസാനകാലത്ത്‌ ജനങ്ങളുടെ കൈയടി ആസ്വദിച്ച്‌ കഴിയുകയെന്ന താല്‍പ്പര്യമൊന്നും വിഎസ്സിന്‌ ഉണ്ടാവാന്‍ തരമില്ല. വാസ്തവത്തില്‍ കോടതിക്കെതിരെ പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ച ആരോപണവും കോടതി അദ്ദേഹത്തിനെതിരെ നടത്തിയ അഭിപ്രായ പ്രകടനവും അസ്ഥാനത്തായി പോയി എന്നു തന്നെയാണ്‌ ബഹുഭൂരിപക്ഷവും കരുതുന്നത്‌. ആത്മാര്‍ത്ഥമായി പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഒരു കാരണവശാലും ജുഡീഷ്യറിക്കുമേല്‍ ചെളിവാരിയെറിയരുത്‌. അത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശമാണ്‌ നല്‍കുക. സമൂഹത്തിന്റെ നന്മ ലക്ഷ്യമിടുന്നവരുടെ വഴി അതല്ലല്ലോ. സ്വന്തം താല്‍പ്പര്യത്തെക്കാള്‍ സമൂഹത്തിന്റെ വികാരവിചാരങ്ങള്‍ക്കൊപ്പം നീങ്ങുന്ന പൊതുപ്രവര്‍ത്തകരുടെ അന്തസ്സിന്‌ ഇടിവു തട്ടുന്ന അഭിപ്രായപ്രകടനങ്ങള്‍ കോടതി നടത്തുന്നതും ഉചിതമല്ല. കോടതിക്കെതിരെ നിരന്തരം കലാപക്കൊടി ഉയര്‍ത്തുന്ന പാര്‍ട്ടിയുടെ നേതാവാണെങ്കിലും അത്യാവശ്യം ആത്മാര്‍ത്ഥതയുള്ള നേതാവു തന്നെയാണ്‌ വി.എസ്‌ എന്ന്‌ കരുതുന്നവര്‍ സമൂഹത്തിലുണ്ട്‌. അവരുടെ മുമ്പില്‍ അദ്ദേഹത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തെ അവര്‍ അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. എന്നു മാത്രമല്ല, കോടതിയുടെ ആത്മാര്‍ത്ഥതയെ പോലും അത്തരക്കാര്‍ സംശയിക്കുകയും ചെയ്യും. അത്‌ സുഖകരമായ അന്തരീക്ഷത്തിന്‌ ഭംഗം വരുത്തും, തീര്‍ച്ച. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.