വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പോലീസുകാരന്‍ അറസ്റ്റില്‍

Tuesday 29 October 2013 10:37 pm IST

മരട്‌: വൈറ്റില മൊബിലിറ്റി ഹബ്ബില്‍വച്ച്‌ യാത്രക്കാരിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ച സിവില്‍ പോലീസ്‌ ഓഫീസര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട്‌ ഏഴ്‌ മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ ക്രൈം്വ‍ബ്രാഞ്ചിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ സുരേഷ്‌ (42) ആണ്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‌ അറസ്റ്റിലായത്‌. ഹബ്ബില്‍നിന്ന്‌ ആലപ്പുഴയിലേക്കുള്ള ബസില്‍ കയറുന്നതിനിടെയാണ്‌ പോലീസുകാരന്‍ പെണ്‍കുട്ടിയെ പിന്നില്‍നിന്നും കയറിപ്പിടിച്ചതെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. പിടിച്ചയാളെ പെണ്‍കുട്ടി കയ്യോടെ മുഖത്തടിച്ചു. ഇതില്‍ പ്രകോപിതനായ പോലീസുകാരന്‍ പെണ്‍കുട്ടിയെ തിരിച്ചും രണ്ടുതവണ അടിച്ചു. സംഭവം കണ്ടുനിന്നവര്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ച്‌ കയ്യേറ്റം ചെയ്തയാളെ വളഞ്ഞുവെച്ചു. തുടര്‍ന്ന്‌ മരട്‌ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ ഹബിലെത്തി സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ മൊബിലിറ്റി ഹബില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ആളെ ചോദ്യംചെയ്തപ്പോഴാണ്‌ താന്‍ ആലപ്പുഴ ക്രൈംബ്രാഞ്ചിലെ സിപിഒയാണെന്ന്‌ വെളിപ്പെടുത്തിയത്‌. പോലീസുകാരന്‍ പിന്നില്‍നിന്നും കയറിപ്പിടിക്കുകയും അടിക്കുകയും ചെയ്ത പെണ്‍കുട്ടി എസ്പി റാങ്കില്‍നിന്നും വിരമിച്ച പോലീസ്‌ ഉദ്യോഗസ്ഥന്റെ മകളാണെന്നാണ്‌ പോലീസ്‌ വെളിപ്പെടുത്തിയത്‌. ചോദ്യംചെയ്യലിനുശേഷം സിവില്‍ പോലീസ്‌ ഓഫീസര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തതായി പോലീസ്‌ അറിയിച്ചു. അറസ്റ്റ്‌ രേഖപ്പെടുത്തിയ ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. ഇതേ സിവില്‍ പോലീസ്‌ ഓഫീസര്‍ ഇതിനുമുമ്പും സമാനമായ സംഭവത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ്‌ സേനാംഗമായതിനാല്‍ കരുതലോടെയാണ്‌ പോലീസിന്റെ വെളിപ്പെടുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.